



മലയാളിയുടെ കാഴ്ചാശീലങ്ങൾ മാറ്റിമറിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയാണ് അനന്തപുരിയുടെ ഇന്നത്തെ വർത്തമാനം. പ്രേക്ഷക ഹൃദയത്തോട് സംവദിക്കുന്ന ലാറ്റിനമേരിക്കൻ ചിത്രങ്ങൾ, യാതനകളും പലായനത്തിന്റെ വിഹ്വലതകളും പ്രണയവും ചെറുത്തുനിൽപ്പുകളും പ്രമേയമാക്കിയ ആഫ്രോ-ഏഷ്യൻ സിനിമകൾ... തിയേറ്ററിന്റെ ഇരുട്ടിൽ ഇനിയുള്ളത് ഈ ചിത്രങ്ങളും പ്രേക്ഷകനും മാത്രം. ഒപ്പം ചൂടേറിയ ചലച്ചിത്ര ചർച്ചകൾ ഓപ്പൺ ഫോറത്തിലും മികവിന്റെ തർക്കങ്ങൾ തിയേറ്ററുകൾക്ക് പുറത്തും സജീവമാകുന്ന ദിനരാത്രങ്ങളാണ് തലസ്ഥാന നഗരത്തിന്റേത്.
ഡിസംബർ 11-ന് തുർക്കി സംവിധായകൻ ഇനാക്കിന്റെ 'എ സ്റ്റെപ്പ് ഇൻ ടു ഡാർക്ക്നെസ്സ്' എന്ന ചിത്രം വെള്ളിത്തിരയിൽ വെളിച്ചമാകുന്നതോടെ പതിനാലാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമാകും. എട്ടുദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്രമേളയിൽ 164 ചിത്രങ്ങൾ പതിനൊന്ന് പാക്കേജുകളിലായി പ്രദർശിപ്പിക്കും. മറ്റ് രാജ്യാന്തരമേളകൾ 'ബുദ്ധിജീവി' മേളകളാകുമ്പോൾ കേരളത്തിന്റെ ഫിലിം ഫെസ്റ്റിവൽ സാധാരണക്കാരന്റേത് കൂടിയാണ്. അവരും കാത്തിരിക്കുന്നു; ആന്ദ്രെ വെയ്ദയുടെയും ക്രിസ്തോഫ് സന്നൂസിയുടെയും പെട്രോ അൽമദോവറിന്റെയും കിം കിം ഡൂക്കിന്റെയും മികച്ച ചിത്രങ്ങൾ കാണാൻ. ലോക ശ്രദ്ധ നേടിയ നവാഗത സംവിധായകരായ കെൻലോചി, ഏലിയാസ് സുലൈമാൻ, അബ്ബാസ് കിരോസ്തമി, മർഗ്രത്തേ പോൺ ട്രോറ്റ, ഓങ്ങ്ലി, ജാക്വസ് റിവേറ്റ തുടങ്ങിയവർ പ്രമേയത്തിലും അവതരണ രീതിയിലും കയ്യടക്കിയ മാജിക് അറിയാൻ...
ചലച്ചിത്രമേളയിലെ ശ്രദ്ധേയമായ ഇനം മൽസരവിഭാഗം തന്നെയാണ്. മലയാളത്തിൽ നിന്നുള്ള സൂഫി പറഞ്ഞ കഥ, മധ്യവേനൽ എന്നിവയുൾപ്പെടെ ആഫ്രോ-ഏഷ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ പതിനാലു ചിത്രങ്ങളുമാണ് മാറ്റുരയ്ക്കുന്നത്. അർജന്റീനയിൽ നിന്ന് രണ്ടും അൽജീരിയ, ദക്ഷിണാഫ്രിക്ക, തുർക്കി, ഇൻഡോനേഷ്യ, ഖസാക്കിസ്ഥാൻ, താജ്ജിക്കിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നും ഓരോ ചിത്രങ്ങളും മത്സരത്തിനെത്തുന്നുണ്ട്. സേനഗൽ-ഫ്രാൻസ്, ബെൽജിയം-ക്യുബ-ഉറുഗ്വേ സംയുക്ത സംരംഭങ്ങളായി ഓരോ ചിത്രങ്ങളുമുണ്ട്. ഇന്ത്യയിൽ നിന്ന് മൂൻഞ്ചിത്രങ്ങളുണ്ട്. എഡ്വേർഡ് സ്പാഗ്ന്യൂൾ സംവിധാനം ചെയ്ത അർജന്റീനീയൻ ചിത്രം ഹൊമെറോ മാൻസി, എ പൊയറ്റ് ഇൻ ദ് സ്റ്റോം, സമോം ഫാത്മ സോഹ്റ യുടെ അൺലക്കി, അൾജീരിയ) മഡോദ സായിയാനയുടെ മൈ സീക്രഡ് സ്കൈസ് (സൗത്ത് ആഫ്രിക്ക), മെലിക് സറക്കോഗിലിന്റെ ദേർ /ഒരാഡ (ടർക്കി), രവി എൽ ഭർവാണിയും രയ്യ മകാരിമും ചേർന്ന് സംവിധാനം ചെയ്ത ഫിഷിംഗ് പ്ലാറ്റ് ഫോം (ഇന്തോനേഷ്യ), മാമ കീതയുടെ ദ സേനഗൾ), ദോഷൻ ഷോൾസ് കിനോവ്, റിംബെക് ആൾഫെൻ എന്നിവർ സംവിധാനം ചെയ്ത ബ്രിഷാൻ സാൽ (ഖസാക്കിസ്ഥാൻ), നോസിറ് സിയദോവിന്റെ ട്രൂ നൂൺ (തജ്ജിക്കിസ്ഥാൻ), അസ്ഗർ ഫർഹദിയുടെ എബൗട്ട് എല്ലി (ഇറാൻ), ഗബ്രിയേല ഡേവിഡിന്റെ എ ഫ്ലൈ ഇൻ ദി ആഷെസ് (അർജന്റീന)എന്നിവയാണ് മത്സരത്തിനെത്തുന്ന വിദേശ ചിത്രങ്ങൾ. അമിത് റായിയുടെ റോഡ് ടു കോൺഫ്ലുവൻസ്, പ്രിയനന്ദനന്റെ സൂഫി പറഞ്ഞ കഥ മധു കൈത്രപ്രത്തിന്റെ മധ്യവേനൽ എന്നിവയാണ് ഇന്ത്യൻ ചിത്രങ്ങൾ.
മികച്ച ചിത്രത്തിന് സുവർണ ചകോരവും 10 ലക്ഷം രൂപയുമാണ് സമ്മാനം . മികച്ച സംവിധായകൻ, നവാഗത സംവിധായകൻ, പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകൻ എന്നിവർക്ക് രജത ചകോരവും യഥാക്രമം മൂന്ന് ലക്ഷം, രണ്ടു ലക്ഷം,ഒരു ലക്ഷം രൂപ വീതവും ലഭിക്കും. മികച്ച മലയാള ചിത്രത്തിന് ഫിലിം ക്രിട്ടിക്സിന്റെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രസിയുടേയും നെറ്റ്പാക്കിന്റേയും അവാർഡുണ്ട്. മികച്ച ഏഷ്യൻ സിനിമക്കും നെറ്റ്പാക്ക് പുരസ്ക്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. മികച്ച ഇന്ത്യൻ നവാഗത സംവിധായകന് മീരാ നായർ ഏർപ്പെടുത്തിയ ഹസ്സൻ കുട്ടി അവാർഡ് മേളയിൽ നൽകും. ലോകസിനിമക്ക് നൽകിയ സംഭാവനകളെ വിലയിരുത്തി സമഗ്രസംഭാവനക്കുള്ള പുരസ്കാരവും ഈ വർഷം മുതൽ നൽകുന്നുണ്ട്. മൂന്നു ലക്ഷം രൂപയാണ് അവാർഡ് തുക.
ലോകപ്രശസ്തരായ സിനിമാ വ്യക്തിത്വങ്ങളാണ് ജൂറിയിലുള്ളത്. ജൂറി ചെയർപേഴ്സൺ പ്രശസ്ത ഇറാനിയൻ സംവിധായകൻ ബഹ്മാൻ ഘോബാരിയാണ്. പ്രസന്ന വിത്ണാരജ് (ശ്രീലങ്ക), ബാലുഫൂ (കോംങ്കോ), മംത ശങ്കർ (ഇന്ത്യ), ഹല ഖലീസി (ഈജിപ്ത്) എന്നിവരാണ് ജൂറി അംഗങ്ങൾ. ഹസ്സൻകുട്ടി അവാർഡിന്റെ ജൂറി ചെയർപേഴ്സൺ സയ്ദ് മിർസയാണ്. നെറ്റ്പാക്ക് ജൂറിയിൽ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ഉണ്ടാകും.
ആകെ എട്ടു വേദികൾ. ഈ വേദികളിൽ പ്രദർശിപ്പിക്കുന്ന വിഖ്യാത ചിത്രങ്ങൾ കാണാൻ എത്തുന്നത് എണ്ണായിരത്തോളം ഡെലിഗേറ്റുകൾ. ആയിരത്തോളം വിദ്യാർത്ഥികളും എണ്ണൂറിലേറെ മാധ്യമ പ്രവർത്തകരും പ്രതിനിധികളുടെ കൂട്ടത്തിലുണ്ടാവും. എല്ലാ വേദികളിലേയും മുഴുവൻ സീറ്റുകളിലും പ്രവേശനം നൽകിയാലും ഈ വൻസംഘത്തെ പൂർണ്ണമായി ഉൾക്കൊള്ളാനാവില്ല. എങ്കിലും അവർ വരുന്നു, സിനിമ ആസ്വദിക്കുന്നു, ഉല്ലസിക്കുന്നു, ചിലർ പഠിക്കാൻ ശ്രമിക്കുന്നു. ശരിക്കും ഒരുത്സവ പ്രതീതി തന്നെയാണ് ഒരാഴ്ചത്തെ നഗരക്കാഴ്ചകൾ.
കേരള രാജ്യാന്തര ചലച്ചിത്ര മേളയെ വ്യത്യസ്തമാക്കുന്നത് ഈ ജനകീയ പങ്കാളിത്തം തന്നെയാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ അരങ്ങേറുന്നവയിൽ ഭൂരിഭാഗവും സമ്പന്നതയുടെ മേളകളാവുമ്പോൾ മലയാളത്തിന്റെ സ്വന്തം ചലച്ചിത്രമേളയെ ചുമലിലേറ്റുന്നത് സാധാരണക്കാരാണ്. പതിനാലാം വർഷത്തിലെത്തി നിൽക്കുന്ന കേരള ചലച്ചിത്ര മേളയുടെ ഖ്യാതി ഉയർത്തുന്നതിൽ ഈ ആസ്വാദകവൃന്ദം വലിയ പങ്കു വഹിക്കുന്നുണ്ട്. വർഷം കഴിയുന്തോറും ആസ്വാദന നിലവാരമേറി വരുന്നുണ്ടെന്നാണ് ഇവിടെ സ്ഥിരമായെത്തുന്ന ചില വിദേശ പ്രതിനിധികൾ പോലും പറയുന്നത്. ലോകത്തെ 10 പ്രശസ്ത ചലച്ചിത്രമേളകളുടെ പ്രതിനിധികൾ ഇപ്പോൾ തിരുവനന്തപുരത്തുണ്ട് തങ്ങളുടെ മേളകളിലേക്കു ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ. കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ൿഅവർ കൽപിക്കുന്ന പ്രാധാന്യം മനസ്സിലാക്കാൻ ഇക്കാര്യം മാത്രം മതി.
മേളയിലെ റെട്രോസ്പെക്ടീവ് വിഭാഗത്തിൽ അഞ്ച് പ്രസിദ്ധ സംവിധായകരുടെ 29 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ആർതൂർ റിപ്സ്റ്റെൻ, ജപ്പാനിലെ മിക്കിയോ നാറൂസ,് ഫ്രാൻസിലെ ജാക്വിസ് താതി, ഇന്ത്യയിൽ നിന്ന് മൃണാൾസേൻ, ലോഹിതദാസ് എന്നിവരുടെ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാൻ ഫെസ്റ്റിവലിൽ ഗോൾഡൻ പാം നേടിയ ദി ക്വീൻ ഓഫ് ദി നൈറ്റ്, ദി പ്ലേസ് വിത്തൗട്ട് ലിമിറ്റ്സ്, ദി റെലം ഓഫ് ഫോർച്യൂൺ, ദി ബിഗിനിംഗ് ആന്റ് ദി എൻഡ്, കാസിൽ ഓഫ് പ്യൂരിറ്റി, ഡിവൈൻ, ദി റൂയിനേഷൻ ഓഫ് മെൻ എന്നിവ ഈ വിഭാഗത്തിലുണ്ട്. ജപ്പാനിലെ സ്ത്രീ സമൂഹത്തിന്റെ സങ്കീർണതകളെ ദൃശ്യവൽക്കരിച്ച് ലോക സിനിമാ ഭൂപടത്തിൽ സ്ഥാനം കണ്ടെത്തിയ മിക്കിയോ നാറൂസിന്റെ അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിക്കും.
വ്യക്തമായ സാമൂഹ്യ കാഴ്ചപ്പാടും, ചരിത്രബോധവും, ദൃശ്യാഖ്യാനങ്ങളിൽ ഉൾച്ചേർത്ത് ലോകസിനിമാ ചരിത്രത്തിൽ തനതായ സ്ഥാനം രേഖപ്പെടുത്തിയ ക്യൂബൻ സിനിമയാണ് ഫോക്കസ് വിഭാഗത്തിൽ. ലോക സിനിമയിലെ അതികായൻമാരായ തോമസ് എലിയ, ഹംബർട്ടോ സൊളാസ് എന്നിവരുടേതുൾപ്പെടെ ഒമ്പത് ചിത്രങ്ങൾ ഈ വിഭാഗത്തിലുണ്ട്. ഹംബർട്ടോ സൊളാസിന്റെ ലൂസിയ, തോമസ് എലിയയുടെ മെമ്മറീസ് ഓഫ് അണ്ടർ ഡെവലപ്മന്റ്, ലാസ്റ്റ് സപ്പർ എന്നിവയാണ് മേളയിലുള്ളത്. മൂന്ന് സ്ത്രീ കഥാപാത്രങ്ങളിലൂടെ ക്യൂബയുടെ ചരിത്രത്തിലെ മൂന്ന് കാലഘട്ടങ്ങളെ ആവിഷ്ക്കരിക്കുന്ന ലൂസിയ, ക്യൂബൻ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ഒരു അവികസിത രാജ്യത്തിന്റെ ഗതിവിഗതികൾ ചർച്ച ചെയ്യുന്ന മെമ്മറീസ് ഓഫ് അണ്ടർ ഡെവലപ്മന്റ്, 18-ാം നൂറ്റാണ്ടിൽ ക്യൂബയിലെ ഒരു ഷുഗർമിൽ മുതലാളി ലാസ്റ്റ് സപ്പർ പുനരാവിഷ്ക്കരിച്ച് സ്വയം ക്രിസ്തുവാകുകയും ഭൃത്യൻമാരിൽ നിന്ന് 12 പേരെ അടിമകളായി തെരഞ്ഞെടുക്കുന്ന ലാസ്റ്റ് സപ്പർ എന്നീ ചിത്രവും മേളയെ ശ്രദ്ധേയമാക്കും. സിറ്റി ഇൻ റെഡ്, പേജസ് ഫ്രം മൗറീഷ്യസ് ഡയറി, ദി മാൻ ഫ്രം മയിസിൻഷ്യു, വിവ ക്യൂബ, ഒമെർട്ട, ദി സില്ലി ഏജ് എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.
അറുപതുകളിൽ ഒരുകൂട്ടം സർഗ്ഗധനരായ സംവിധായകരെ ലോകസിനിമയ്ക്ക് സംഭാവന ചെയ്ത ഫ്രഞ്ച് ചിത്രങ്ങൾ തന്നെയായിരിക്കും ഇക്കുറി ചലച്ചിത്രമേളയിൽ ചർച്ചയാവുകയെന്നാണ് വിലയിരുത്തൽ. ഇറ്റാലിയൻ നിയോറിയലിസത്താലും ക്ലാസിക്കൽ ഹോളിവുഡ് സിനിമയാലും സ്വാധീനക്കപ്പെട്ട സംവിധായകർ പുതിയ പ്രമേയങ്ങളും പുത്തൻ സാങ്കേതിക വിദ്യകളും ഷൂട്ടിംഗ് രീതികളും നവീനമായ കഥാശൈലികളും സ്വീകരിച്ച് ഫ്രഞ്ച് സിനിമയ്ക്ക് പുത്തൻ ഉണർവ്വ് നൽകി. ഈ കാലഘട്ടത്തിനെ ഫ്രഞ്ച് ന്യുവേവ് എന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ഗോദാർദ്ദ്, എറിക് റോമർ, ക്ലോഡ് ഷാബ്രോൾ, ഫ്രാസ്സ്വെ ത്രുഫോ എന്നിവരായിരുന്നു പ്രമുഖ ന്യുവേവ് സംവിധായകർ. ഫ്രഞ്ച് ന്യുവേവ് 50 വർഷം പിന്നിടുന്ന ഈ വേളയിൽ ആഗ്നസ് വർധ, ഫ്രാൻസിയോസ് ട്രഫറ്റ്, ജാക്വസ് ഡെമി, ലൂയിസ് മല്ലേ, ഗോദാർദ്ദ്, റോഹ്മർ, കാബ്റൾ എന്നിവരുടെ എട്ട് ചിത്രങ്ങൾ ചലച്ചിത്ര വിദ്യാർത്ഥികൾക്ക് നവ്യാനുഭവമാകും. ഗോദാർദിന്റെ രണ്ടു ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. രണ്ട് സിനിമകളിലും ഗോദാർദിന്റെ ആദ്യ ഭാര്യ അന്ന കരീനയാണ് നായിക. ഈ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ, സിനിമയുടെ സൗന്ദര്യശാസ്ത്രം, മാക്സിയൻ സിദ്ധാന്തങ്ങൾ എന്നിവ പ്രകടമാകുന്നുണ്ട്. ദാമ്പത്യ ജീവിതത്തിന്റെ വിരക്തികളും സങ്കീർണ്ണതകളും 'പീററ്റ് ഗോസ് വൈൽഡ്' എന്ന ചിത്രത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ഡിറ്റക്ടീവ് സ്റ്റോറിയും ശയൻസ് ഫിക്ഷനും ഏറ്റവും മികച്ച രീതിയിൽ സംയോജിപ്പിച്ച് ചെയ്ത ചിത്രമാണ് 'ആൽഫാവില്ലി'.
രണ്ട് സ്ത്രീകളുടെ ഇടയിൽപ്പെട്ടുപോകുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് എറിക് റോഹ്മറിന്റെ 'ദി ഗേൾ അറ്റ് ദി മൊണാക് ബേക്കറി'. 'ലാ ബീ സെർജ്' എന്ന കന്നിചിത്രം കൊണ്ട് ലോകസിനിമയിൽ സ്ഥാനമുറപ്പിച്ച ക്ലൗഡെ കാർബോളിന്റെ 'ഹാൻസം സെർജ്' മേളയിലുണ്ട്. അസുഖം ഭേദപ്പെട്ട് തന്റെ ഗ്രാമത്തിലേക്ക് തിരിച്ചുവരുന്ന യുവ വിദ്യാർത്ഥി തന്റെ ബാല്യകാല സുഹൃത്ത് സെർജിനെ മദ്യത്തിന് അടിമപ്പെട്ട അവസ്ഥയിൽ കാണുകയും അയാളെ സഹായിക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ കഥാതന്തു.
26-ാമത്തെ വയസ്സിൽ ആദ്യചിത്രം സംവിധാനം ചെയ്ത ന്യുവേവിന്റെ മുത്തശ്ശി എന്ന് അറിയപ്പെടുന്ന ആഗ്നസ് വർദക്ക് അന്താരാഷ്ട്ര അംഗീകാരം നേടികൊടുത്ത ചിത്രമാണ് 1961-ൽ പുറത്തിറങ്ങിയ 'ക്ലിയോ ഫ്രം ഫൈവ് ടു സെവൻ' തന്റെ ക്യാൻസർ ടെസ്റ്റിന്റെ ഫലം കാത്തിരിക്കുന്ന ഇഹലീ എന്ന ഗായികയുടെ മാനസിക സംഘർഷങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ്യചിത്രം കൊണ്ട് കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ഫ്രാസ്സ്വെ ത്രുഫോയുടെ 'ജൂൾസ് ആന്റ് ജിം' ചലച്ചിത്രമേളയുടെ മറ്റൊരു ആകർഷണമാണ്. ഹെൻരി പീറി റോച്ചിന്റെ നോവലിനെ അടിസ്ഥാനമാക്കിയ ജൂൽസ് ആന്റ് ജിം, ജൂളിന്റെയും ജിമ്മിന്റെയും 30 വർഷത്തെ ആത്മാർത്ഥ സൗഹൃദത്തിനിടയിലേക്ക് കാതറിൻ എന്ന സ്ത്രീ കടന്നുവരുമ്പോൾ ഉണ്ടാകുന്ന വൈകാരിക സംഘർഷങ്ങളാണ്. ഫ്രഞ്ച് ന്യുവേവിവ് ഏറ്റവും പ്രതിഭാശാലിയായ സംവിധായകൻ എന്ന നിരൂപകർ വാഴ്ത്തിയ ത്രുഫോയുടെ ചിത്രം കാണികൾ നെഞ്ചേറ്റുമെന്നുറപ്പാണ്.
ഇന്ത്യൻ സിനിമ ഇന്ന്, മലയാള സിനിമ ഇന്ന് എന്ന വിഭാഗങ്ങളിൽ ഏഴ്വീതം ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാധവിക്കുട്ടി, ശോഭനാപരമേശ്വരന് നായർ, മുരളി, രാജൻ പി ദേവ്, കെ പി തോമസ്, അടൂർ ഭവാനി എന്നിവർക്ക് പ്രണാമം അർപ്പിക്കുന്ന ഹോമേജ് വിഭാഗവുമുണ്ട്. വിദേശത്ത് നിന്ന് 80 പ്രതിനിധികൾ ഉൾപ്പെടെ 140-ഓളം ചലച്ചിത്ര പ്രതിഭകൾ അതിഥികളായി എത്തുന്ന കേരളാ അന്താരഷ്ട്ര ഫിലിം ഫെസ്റ്റിവൽ സിനിമയുടെ ലോകജാലകം പ്രേക്ഷകർക്കായി തുറന്നിടുമെന്ന് പ്രതീക്ഷിക്കാം...