സാഹസികയാത്രക്കിടയിൽ അക്കിസിനും വൂളയ്ക്കും സ്വപ്നാടനത്തിന്റെ ദിനങ്ങൾ




എണ്ണൂറ്‌ ദിവസത്തെ സാഹസികയാത്രയിലൂടെ ലോകം കീഴടക്കുകയെന്ന ലക്ഷ്യവുമായി ചരിത്രത്തിലേക്ക്‌ കാറോടിക്കുന്ന അക്കിസിനും വൂളക്കും ആലപ്പുഴ സമ്മാനിച്ചത്‌ സ്വപ്നാടനത്തിന്റെ ദിനങ്ങൾ. 2007 ഏപ്രിൽ 25-ന്‌ ഏതൻസിൽ നിന്ന്‌ അത്യാധുനിക സൗകര്യങ്ങളുള്ള ലാന്റ്‌ റോവർ ഡിസ്കവറി -6 കാറിൽ യാത്ര തുടങ്ങിയ ഈ ഗ്രീക്ക്‌ ദമ്പതികൾക്ക്‌ 428 ദിവസത്തെ സഞ്ചാരത്തിന്റെ ആലസ്യമകന്നത്‌ കിഴക്കിന്റെ വെനീസിലെത്തിയപ്പോഴാണ്‌.

വേമ്പനാട്ട്‌ കായലിന്റെ സൗന്ദര്യവും ഓണസദ്യയും ഒരുകാലത്തും മറക്കാൻ കഴിയില്ലെന്ന അനുഭവസാക്ഷ്യത്തോടെയാണ്‌ അവർ മടക്കയാത്രക്ക്‌ ഒരുങ്ങുന്നത്‌. ഫോർവീലെന്ന ഗ്രീക്ക്‌ മാഗസിന്റെ കറസ്പോണ്ടന്റായ അക്കിസ്‌ ടെമ്പറിഡിസും കൂട്ടുകാരി വൂളാ നെതുവും ആലപ്പുഴയുടെ കാഴ്ചകളെ സ്വപ്നാടനമെന്ന്‌ വിശേഷിപ്പിക്കുന്നതോടൊപ്പം യാത്രാനുഭവങ്ങളുടെ പുതിയ പതിപ്പിൽ ഈ സൗന്ദര്യം ലോകത്തെ അറിയിക്കാനുള്ള വ്യഗ്രതയിലുമാണ്‌. യാത്രചെയ്യുമ്പോൾ വാഹനമായും താമസിക്കാൻ വീടായും ജോലി ചെയ്യാൻ ഓഫീസായും ലാന്റ്‌ റോവർ കാർ ഇവർക്ക്‌ വഴിമാറും. 66,000 യുറോയാണ്‌ കാറിന്റെ വില. ഏകദേശം 70 ലക്ഷത്തോളം ഇന്ത്യൻ രൂപ. സാറ്റലൈറ്റ്‌ കണക്ഷനും വാർത്താവിനിമയ സംവിധാനങ്ങളും ഉറങ്ങാൻ കിടക്കയും ഫ്രിഡ്ജും ഉൾപ്പെടെ സൗകര്യങ്ങളുള്ള വാഹനത്തിൽ 79,000 കിലോമീറ്ററുകൾ താണ്ടിയാണ്‌ ഇവർ ഇവിടെയെത്തിയത്‌. 37 രാജ്യങ്ങൾ ചുറ്റിക്കറങ്ങി. ഇനി 43 രാജ്യങ്ങൾ സഞ്ചരിക്കാൻ ബാക്കിയുള്ളത്‌ 372 ദിവസം മാത്രം.

കഴിഞ്ഞ ജൂൺ ഏഴിന്‌ വാഗാ അതിർത്തിവഴിയാണ്‌ ഇന്ത്യയിലേക്ക്‌ പ്രവേശിച്ചത്‌. കാശ്മീർ, സഹാറ, ലക്നൗ, ദൽഹി തുടങ്ങിയ സ്ഥലങ്ങളിൽ സാഹസികമായി തന്നെയായിരുന്നു യാത്ര. കാശ്മീരിനേക്കാൾ പ്രകൃതി സൗന്ദര്യം കേരളത്തിനാണെന്ന്‌ അഭിപ്രായപ്പെടുന്ന അക്കിസിന്‌ കുട്ടനാടിന്റെ ഹരിതാഭയും കായൽസൗന്ദര്യവും എത്രവർണ്ണിച്ചിട്ടും മതിവരുന്നില്ല. മധുവിധു ആഘോഷിക്കാൻ ഒരിക്കൽ കൂടി വരണമെന്ന ആഗ്രഹവും അക്കിസും വൂളയും മറച്ചുവെയ്ക്കുന്നില്ല. ആലപ്പുഴയിൽ ആതിഥ്യമരുളിയ റെയിൻബോ ക്രൂയിസ്‌ ടൂർ ഓപ്പറേറ്റേഴ്സ്‌ നൽകിയ ഓണസദ്യയും ഇവർക്ക്‌ നന്നേ പിടിച്ചു. ഇതൊക്കെയാണെങ്കിലും കേരളത്തെക്കുറിച്ച്‌ ഭയമുള്ള സ്മരണകളും ഇവർക്കുണ്ട്‌. അലക്ഷ്യമായി വാഹനങ്ങൾ ഓടിക്കുന്നവരെ ഇവിടെയല്ലാതെ മറ്റൊരിടത്തും തങ്ങൾ കണ്ടിട്ടില്ലെന്നാണ്‌ ഇവരുടെപക്ഷം. തങ്ങളുടെ അനുഭവത്തിൽ ലോകത്തിലെ ഏറ്റവും മോശം ബസ്‌ ഡ്രൈവർമാരുള്ള നാടും കേരളമാണെന്നു ഇവർ കൂട്ടിച്ചേർത്തു.

ഡാൻസ്‌ അധ്യാപികയായിരുന്ന വൂള സാഹസികതയെ പ്രേമിച്ചാണ്‌ അക്കിസിനൊപ്പം യാത്ര തിരിച്ചത്‌. ഇന്ന്‌ ആലപ്പുഴയിൽ നിന്ന്‌ കന്യാകുമാരിയിലേക്ക്‌ പോകുന്ന ഇവർക്ക്‌ ഇന്ത്യയുടെ തേക്കേയറ്റത്തെ മുനമ്പിൽ നിന്ന്‌ ഒരു ചിത്രമെടുക്കണമെന്ന ആഗ്രഹമുണ്ട്‌. അതിന്‌ ശേഷം ചെന്നൈ വഴി മലേഷ്യയിലേക്ക്‌ മടക്കം. ഇനിയുമേറെ ദൂരം താണ്ടണമെന്ന ഓർമ്മപ്പെടുത്തലോടെ അക്കിസും വൂളയും വാഹനത്തിലേക്ക്‌ കയറി. ഒപ്പം ചരിത്രത്തിന്റെ താളുകളിലേക്കും...

No comments: