മഴയുടെ താളത്തില്‍ ചുവടുവെച്ച്‌ നയന്‍താര; കുസേലന്‍ സിനിമാസംഘം ആലപ്പുഴ വിട്ടു


തെന്നിന്ത്യന്‍ താരരാജാവ്‌ രജനീകന്തിണ്റ്റെ കുസേലനെന്ന തമിഴ്‌ സിനിമയുടെ ഹൈലൈറ്റായ ഗാനരംഗത്തില്‍ മഴയുടെ താളത്തിനൊത്ത്‌ നയന്‍താര ചുവടുവെച്ചപ്പോള്‍ കാറ്റാടി കടപ്പുറത്ത്‌ കുളിരുപെയ്തു. നയണ്റ്റെ വശ്യമായ നൃത്തം തിരശീലയില്‍ മാത്രം കണ്ടിട്ടുള്ള മല്‍സ്യത്തൊഴിലാളികള്‍ക്ക്‌ ഗാനരംഗ ചിത്രീകരണം കനവുകളുടെ കാഴ്ചയായി മാറി. എട്ട്‌ മുതല്‍ 15 വയസുവരെയുള്ള 20-ഓളം കുട്ടികള്‍ നൃത്ത സംവിധായകണ്റ്റെ നിര്‍ദ്ദേശങ്ങള്‍ക്കൊത്ത്‌ നയന്‍താരയ്ക്ക്‌ പിന്നില്‍ അണിനിരന്നു.

അഴകളവുകള്‍ വെളിപ്പെടത്തുന്ന ചുവന്ന സ്ളീവ്ലെസ്‌ മിനിടോപ്പും ചുവന്ന നിറത്തില്‍ കറുത്ത ചെക്കുകളുളള ഷോര്‍ട്ട്‌ സ്കേര്‍ട്ടുമായിരുന്നു നയന്‍താരയുടെ വേഷം. അവസാനദിനത്തില്‍ സീനുകള്‍ ഉണ്ടായിരുന്നില്ലെങ്കിലും വെള്ള ഷര്‍ട്ടും നീല ജീന്‍സും ആര്‍മി ക്യാപും ധരിച്ച്‌ രജനീകാന്ത്‌ കടപ്പുറത്ത്‌ ചുറ്റിയടിച്ചു. കോടികള്‍ പ്രതിഫലം വാങ്ങുന്ന സ്റ്റൈല്‍മന്നനെ തൊട്ടടുത്ത്‌ കണ്ടപ്പോള്‍ ഷൂട്ടിംഗ്‌ കാണാനെത്തിയവര്‍ ആര്‍പ്പുവിളിച്ചു. കനത്ത സുരക്ഷ അവഗണിച്ച്‌ ലൊക്കേഷന്‌ തൊട്ടടുത്തുള്ള മല്‍സ്യത്തൊഴിലാളിയുടെ വീടിണ്റ്റെ ഉമ്മറത്തിരുന്ന്‌ സൂപ്പര്‍സ്റ്റാര്‍ ഊണുകഴിച്ചു.

പുന്നമടക്കായലിലും കാറ്റാടി കടപ്പുറത്തുമായി മൂന്ന്‌ ദിവസം നീണ്ട നൃത്തരംഗത്തിണ്റ്റെ ചിത്രീകരണത്തിന്‌ ശേഷം ഇന്നലെ സിനിമാ സംഘം തമിഴ്നാട്ടിലേക്ക്‌ മടങ്ങി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ രജനീകാന്ത്‌ നാട്ടിലേക്ക്‌ പോയെങ്കിലും രണ്ട്‌ സീനുകള്‍ കൂടി ബാക്കിയുള്ളതിനാല്‍ ഇന്നലെ ഉച്ചയോടെയാണ്‌ ഷൂട്ടിംഗ്‌ പാക്കപ്പായത്‌. ഇതിനിടെ രജനീകാന്തിനൊപ്പം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സഹപാഠിയായിരുന്ന നടന്‍ ശ്രീനിവാസനും ലൊക്കേഷനിലെത്തിയിരുന്നു. കഥ പറയുമ്പോള്‍ എന്ന മലയാള സിനിമയുടെ തമിഴ്‌ പതിപ്പായ കുസേലനിലെ ഈ ഗാനരംഗം സൂപ്പര്‍ഹിറ്റാകുമെന്ന്‌ രജനീകാന്ത്‌ തന്നെ ഷൂട്ടിംഗ്‌ വേളയില്‍ അഭിപ്രായപ്പെട്ടു.

ലക്ഷക്കണക്കിന്‌ രൂപയാണ്‌ ആലപ്പുഴയിലല്‍ നാല്‌ ദിവസത്തെ ഷൂട്ടിംഗിനായി ചെലവഴിച്ചത്‌. ആദ്യദിവസം പുന്നമടക്കായലില്‍ കൂറ്റന്‍ ചങ്ങാടമൊരുക്കിയ കലാസംവിധായകന്‍ തോട്ടാധരണിക്ക്‌ കാറ്റാടി കടപ്പുറത്ത്‌ സെറ്റിടാന്‍ അധികം പണിപ്പെടേണ്ടി വന്നില്ല. കരയില്‍ കയറ്റിവെച്ചിരിക്കുന്ന വള്ളങ്ങളും തൊഴിലാളികള്‍ വലസൂക്ഷിക്കുന്ന ചെറിയ ഷെഡും രൂപഭേദങ്ങളില്ലാതെ ചിത്രീകരണത്തിനായി ഉപയോഗിച്ചു. മഴയില്‍ നായിക നനയുന്ന രംഗങ്ങള്‍ എടുക്കാന്‍ ആയിരക്കണക്കിന്‌ ലിറ്റര്‍ വെള്ളമാണ്‌ ഉപയോഗിച്ചത്‌. അല്‍പ്പ നേരത്തിന്‌ ശേഷം പ്രകൃതിതന്നെ മഴകനിഞ്ഞപ്പോള്‍ ഫ്രെയിം ഒറിജിനലായി.

തിരുവല്ലയിലെ സ്വന്തം തറവാട്ടില്‍ പോയി മടങ്ങിയതിണ്റ്റെ ഹാംഗ്‌ഓവറിലായിരുന്നു ലൊക്കേഷനില്‍ നയന്‍താര. ആസ്വദിച്ച്‌ നൃത്തമാടിയ നയന്‍ ചിത്രീകരണത്തിനിടെ അധികം പിഴവുകള്‍ വരുത്തിയില്ല. എന്നാല്‍ ഷൂട്ടിംഗിനിടെ മൊബൈല്‍ ഫോണില്‍ തണ്റ്റെ ചിത്രമെടുത്ത ചില യുവാക്കളോട്‌ തട്ടിക്കയറിയപ്പോള്‍ തനി നാടന്‍ പെണ്ണായി മാറി. അടുത്തമാസം 18-ഓടെ കുസേലന്‍ തിയേറ്ററിലെത്തിക്കാനാണ്‌ അണിയറക്കാരുടെ പരിശ്രമം. സെവന്‍ ആര്‍ട്സ്‌ വിജയകുമാറും കവിതാലയ കെ ബാലചന്ദറും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ കബീറിനായിരുന്നു കേരളത്തിലെ നിര്‍മ്മാണ നിര്‍വ്വഹണത്തിണ്റ്റെ ചുമതല.

No comments: