അനാഥത്വത്തിണ്റ്റെ നൊമ്പരവുമായി ...


അനാഥത്വത്തിണ്റ്റെ നൊമ്പരമേറിയപ്പോള്‍ അന്നമ്മയെന്ന വൃദ്ധ അഭയം തേടിയത്‌ ആതുരാലയത്തില്‍. അവിടെ ആരോരും തുണയില്ലാത്ത മറ്റൊരു അനാഥ വാര്‍ധക്യത്തിന്‌ ആശ്രയമായി അന്നമ്മയുടെ ജീവിതം രണ്ടാണ്ട്‌ പിന്നിടുന്നു. ആലപ്പുഴ നഗരത്തിലുള്ള ജനറല്‍ ആശുപത്രിയിലെ ഒബ്സര്‍വേഷന്‍ വാര്‍ഡിലാണ്‌ ബന്ധുക്കള്‍ കയ്യൊഴിഞ്ഞ രണ്ട്‌ വൃദ്ധജന്‍മങ്ങള്‍ രോഗങ്ങളുടെ ദുരിതവും പേറി ജീവിത സായന്തനം തള്ളിനീക്കുന്നത്‌. വാര്‍ഡുകളിലും ആശുപത്രി പരിസരങ്ങളിലുമായി പലപ്പോഴും കാണുന്നുണ്ടെങ്കിലും ആശുപത്രി ജീവനക്കാര്‍ക്കും ഇവരെക്കുറിച്ച്‌ കൂടുതലൊന്നും അറിയില്ല.

ശ്വാസംമുട്ടല്‍ കലശലായതിനെ തുടര്‍ന്ന്‌ പണ്ടെങ്ങോ ചികില്‍സ തേടിയെത്തിയതാണ്‌ അന്നമ്മ. രണ്ടുവര്‍ഷത്തോളമായി ആശുപത്രി വാര്‍ഡുകളും വരാന്തകളുമാണ്‌ ഈ വൃദ്ധയുടെ അഭയകേന്ദ്രം. ഇതിനിടയില്‍ ഇതേരോഗവുമായി അവശനിലയില്‍ കഴിയുന്ന വൃദ്ധണ്റ്റെ പരിചരണം അന്നമ്മ സ്വയം ഏറ്റെടുത്തു. ഈ വൃദ്ധന്‍ ആരാണെന്നുപോലും തിരക്കാതെയാണ്‌ അന്നമ്മ രാപ്പകല്‍ ആശുപത്രി കട്ടിലിണ്റ്റെ ഓരത്ത്‌ കാവലിരിക്കുന്നത്‌. ചുക്കിച്ചുളിഞ്ഞ്‌ മെലിഞ്ഞ ശരീരവും പോളകെട്ടിയ കണ്ണുകളുമായി ശ്വാസം വലിക്കുവാന്‍ നന്നേ പാടുപെടുന്ന വൃദ്ധനെ രോഗം സമ്മാനിച്ച അവശതകള്‍ മറന്ന്‌ അന്നമ്മ പരിചരിക്കുന്നത്‌ കരള്‍പിളര്‍ക്കുന്ന കാഴ്ചയാണ്‌. മറ്റു രോഗികളും അവരുടെ ബന്ധുക്കളും ആശുപത്രി ജീവനക്കാരും വല്ലപ്പോഴും നല്‍കുന്ന കാരുണ്യമാണ്‌ ഈ വൃദ്ധരുടെ ജീവന്‌ ആകെയുള്ള ആശ്രയം. കാഴ്ചയില്‍ 90-നുമേല്‍ പ്രായംതോന്നിക്കുന്ന ഇരുവരും തങ്ങളുടെ ദുരിതങ്ങള്‍ ആരോടും പറയാറില്ല. ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അന്നമ്മയെന്നാണ്‌ പേരെന്ന്‌ വൃദ്ധപറയും. ബന്ധുക്കളാരും ഇല്ലേയെന്ന ചോദ്യത്തിന്‌ ഇറ്റുവീഴുന്ന കണ്ണീര്‍തുള്ളികള്‍ മാത്രമാണ്‌ മറുപടി.

അഴുക്കുപുരണ്ട ഷര്‍ട്ടും കൈലിയുമുടുത്ത്‌ കട്ടിലില്‍ തളര്‍ന്ന്‌ കിടക്കുന്ന വൃദ്ധണ്റ്റെ മുഖത്ത്‌ ഒന്നിനും മറുപടിയില്ലാത്ത നിസംഗതയുടെ ഭാവം. നഗരത്തിനടുത്തുള്ള മാളികമുക്ക്‌ പ്രദേശത്ത്‌ വൃദ്ധണ്റ്റെ ബന്ധുക്കള്‍ ആരൊക്കെയോ ഉണ്ടെന്ന്‌ അന്നമ്മ പറയുന്നു. സ്വന്തം പേരുപോലും വെളിപ്പെടുത്താന്‍ വിമുഖത കാട്ടുന്ന വൃദ്ധന്‍ ഒരിക്കല്‍ അന്നമ്മയോട്‌ പറഞ്ഞതാണത്രേ ഇത്‌. ഒരേകട്ടിലില്‍ കഴിയുന്ന വൃദ്ധനെക്കുറിച്ച്‌ അന്നമ്മക്ക്‌ ആകെ അറിയാവുന്നത്‌ അതുമാത്രമാണ്‌. വാര്‍ഡില്‍ ആളൊഴിഞ്ഞ കട്ടിലുണ്ടെങ്കില്‍ അവിടെ അന്തിയുറങ്ങുന്ന ഇരുവരും രോഗികള്‍ കൂടുതലായാല്‍ വരാന്തയിലേക്ക്‌ തങ്ങളുടെ കിടപ്പ്‌ മാറ്റും. അതുകൊണ്ടുതന്നെ ആശുപത്രി അധികൃതര്‍ക്കും രോഗികള്‍ക്കും ഇവര്‍ ശല്യമാകുന്നില്ല. രജിസ്റ്ററില്‍ പേരില്ലാത്തതുകൊണ്ട്‌ ആശുപത്രിയില്‍ നിന്നും രോഗികള്‍ക്ക്‌ നല്‍കുന്ന ഭക്ഷണം ഇവര്‍ക്ക്‌ ലഭിക്കാറില്ല. ആരെങ്കിലുമൊക്കെ സ്നേഹപൂര്‍വ്വം അന്നമ്മക്ക്‌ നല്‍കുന്ന ഭക്ഷണം രണ്ടായി പകുത്ത്‌ ഇരുവരും കഴിക്കും. വൃദ്ധന്‌ മരുന്നു നല്‍കുന്നതും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കൊണ്ടുപോകുന്നതും ഭക്ഷണം നല്‍കുന്നതുമെല്ലാം അന്നമ്മതന്നെ. ഇടയ്ക്കിടെ ആര്‍ക്കും മനസിലാവാത്ത തരത്തില്‍ ചിലതൊക്കെ പറഞ്ഞ്‌ അന്നമ്മ വിതുമ്പും. അതു നന്നായി ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാകും. തങ്ങളെ അനാഥത്വത്തിണ്റ്റെ കയത്തിലേക്ക്‌ വലിച്ചെറിഞ്ഞ ബന്ധുക്കളോടുള്ള ശാപവാക്കുകളാണെന്ന്‌....

No comments: