ഷാജി എന്‍ കരുണിണ്റ്റെ 'കുട്ടിസ്രാങ്ക്‌' ആലപ്പുഴയില്‍ തുടങ്ങി


മലയാള സിനിമാ നിര്‍മ്മാണ രംഗത്തെ പ്രതിസന്ധികള്‍ക്കിടെ പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണിണ്റ്റെ പുതിയ സിനിമ 'കുട്ടിസ്രാങ്ക്‌' ചിത്രീകരണം ആലപ്പുഴയില്‍ തുടങ്ങി. ആലപ്പുഴയുടെ കായല്‍ ഭംഗിയില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ മമ്മൂട്ടിയാണ്‌ നായകന്‍. സിനിമയുടെ പേര്‌ തന്നെയാണ്‌ മമ്മൂട്ടിയുടെ കഥാപാത്രത്തിനും. ഇന്നലെ രാവിലെ ചേര്‍ത്തല പള്ളിപ്പുറം ബോട്ട്ജെട്ടിയിലാണ്‌ ആദ്യഷോട്ടിനുള്ള ക്ളാപ്പടിച്ചത്‌.

കാക്കി ഷര്‍ട്ടും കൈലിമുണ്ടും ധരിച്ച്‌ ബോട്ടില്‍ ജോലി ചെയ്യുന്ന സ്രാങ്കിണ്റ്റെ ചില സീനുകളാണ്‌ ഇന്നലെ ചിത്രീകരിച്ചത്‌. സിനിമ സംഘടനകള്‍ തമ്മിലുണ്ടായിരിക്കുന്ന പ്രശ്നം തണ്റ്റെ സിനിമയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന്‌ ഷാജി എന്‍ കരുണ്‍ ‌ പറഞ്ഞു. സിനിമ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്ന്‌ ചിന്തിക്കുന്നതിന്‌ പകരം സംഘടനക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ്‌ ഇപ്പോഴത്തെ പ്രശ്നമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1955-56 കാലഘട്ടങ്ങളില്‍ നടക്കുന്ന ഒരു മരണത്തെക്കുറിച്ചുള്ള അന്വേഷണമാണ്‌ കഥയുടെ പശ്ചാത്തലം. നായകനായ ബോട്ട്‌ സ്രാങ്ക്‌ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തുന്നതും പിന്നീട്‌ മൂന്ന്‌ സ്ത്രീകള്‍ നല്‍കുന്ന വിവരണത്തിലൂടെ മരിച്ചയാളുടെ വ്യക്തിത്വം വെളിപ്പെടുന്നതുമാണ്‌ കഥാഗതി. കഥയില്‍ രാഷ്ട്രീയമില്ല, പക്ഷെ സിനിമയുടെ ചില ജാലവിദ്യകള്‍ ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ടെന്ന്‌ സംവിധായകന്‍ പറയുന്നു.

മൂന്ന്‌ നായികമാരില്‍ ഒരാളായി അഭിനയിക്കുന്ന ബംഗാളി നടി കമലിനി മുഖര്‍ജിയും മമ്മൂട്ടിയുമായുള്ള ചില കോമ്പിനേഷന്‍ സീനുകളുമെടുത്തു. വേട്ടയാട്‌ വിളയാട്‌ എന്ന തമിഴ്‌ ചിത്രത്തില്‍ കമലഹാസണ്റ്റെ ഭാര്യയായി വേഷമിട്ട നടിയാണ്‌ കമലിനി. ചട്ടയും മുണ്ടുമണിഞ്ഞ്‌ സെറ്റില്‍ കറങ്ങി നടന്ന കമലിനിയെ ഷൂട്ടിംഗ്‌ കാണാനെത്തിയവരാരും തിരിച്ചറിഞ്ഞില്ല. പത്മപ്രിയ, ശ്രീലങ്കന്‍ നടി മീനാകുമാരി എന്നിവരാണ്‌ മറ്റ്‌ നായികമാര്‍. കുട്ടിസ്രാങ്കിണ്റ്റെ ക്യാമറ കൈകാര്യം ചെയ്യുന്ന അഞ്ജലിയായിരുന്നു ഏവരുടെയും ശ്രദ്ധാകേന്ദ്രം. മലയാളത്തില്‍ ആദ്യമായാണ്‌ ക്യാമറാവുമണ്‍ ഒരു മുഴുനീള ചിത്രത്തിണ്റ്റെ അമരത്തെത്തുന്നത്‌. പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ്‌ ശിവണ്റ്റെ ശിഷ്യയാണ്‌ അഞ്ജലി.

പോര്‍ച്ച്ഗീസുകാരി മറിയത്തിനാണ്‌ കലാസംവിധാനത്തിണ്റ്റെ ചുമതല. ഷാജി എന്‍ കരുണിണ്റ്റെ കഥയ്ക്ക്‌ പി എഫ്‌ മാത്യൂസാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌. ബിഗ്‌ മോഷണ്റ്റെ ബാനറില്‍ റിലയന്‍സ്‌ എണ്റ്റര്‍ടെയ്ന്‍മെണ്റ്റ്‌ ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കുട്ടിസ്രാങ്കിനുണ്ട്‌. ഇന്നലെ പള്ളിപ്പുറം ജെട്ടിയില്‍ നിന്ന്‌ പായ്ക്കപ്പ്‌ ചെയ്ത സിനിമാ സംഘം ഇന്നും നാളെയും വൈക്കം പൂത്തോട്ടയില്‍ ചിത്രീകരണം തുടരും.

No comments: