പ്രേംനസീറിണ്റ്റെ ഡ്യൂപ്പായി തിരശീലയില്‍; കോയ അന്നം തേടുന്നത്‌ കുടശീലയില്‍


നിത്യവസന്തം പ്രേംനസീറിണ്റ്റെ ഡ്യൂപ്പായി ഒരുകാലത്ത്‌ വെള്ളിത്തിരയില്‍ തിളങ്ങിയ കോയ എന്ന 70-കാരന്‍ അന്നം തേടുന്നത്‌ കുടശീലയില്‍. പ്രേംനസീറിണ്റ്റെ പകരക്കാരനായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളള ആലപ്പുഴ ചാത്തനാട്‌ വെളിമ്പറമ്പില്‍ കോയയുടെ പേരിനൊപ്പം 'നസീര്‍ കോയ'യെന്ന വിശേഷണമുണ്ടെങ്കിലും മറ്റൊരു മാര്‍ഗ്ഗമില്ലാത്തതിനാല്‍ തെരുവില്‍ കുടകള്‍ നന്നാക്കിയാണ്‌ ഉപജീവനം. നഗരത്തിലെ ഇരുമ്പുപാലത്തിന്‌ വടക്കേക്കരയിലുളള റോഡിലൂടെ നടന്നു പോകുന്ന പഴയകാല സിനിമാക്കാരില്‍ ചിലരെങ്കിലും തിരിച്ചറിയുന്നത്‌ മാത്രമാണ്‌ കോയയുടെ പ്രതാപകാലത്തിണ്റ്റെ സാക്ഷ്യം.

16-ാം വയസില്‍ തിക്കുറിശിയുടെ 'ശരിയോ തെറ്റോ' എന്ന സിനിമയില്‍ ബാലനടനായാണ്‌ കോയയുടെ രംഗപ്രവേശനം. പിന്നീട്‌ ഭാര്യ, കടലമ്മ, റബേക്ക, പഴശിരാജ, അനാര്‍ക്കലി, പാവങ്ങള്‍ പെണ്ണുങ്ങള്‍, പാലാട്ടു കോമന്‍, പടയോട്ടം തുടങ്ങി നൂറിലേറെ ചിത്രങ്ങളില്‍ വേഷക്കാരനായി. തണ്ടും തടിയും കുറഞ്ഞപ്പോള്‍ കോയയെ ആര്‍ക്കും വേണ്ടാതായി. ഏറെ കാലത്തിന്‌ ശേഷം വിയറ്റ്നാം കോളനി, കര്‍മ്മ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച കോയ വെള്ളിത്തിരയില്‍ നിന്ന്‌ ഉപജീവനം തേടി തെരുവിലേക്കിറങ്ങി. യൌവ്വനകാലത്ത്‌ പ്രേംനസീറിണ്റ്റെ രൂപസാദൃശ്യമുണ്ടായിരുന്ന കോയയ്ക്ക്‌ വെള്ളിത്തിര അന്നം നല്‍കാന്‍ കാരണവും അതായിരുന്നു. വിശപ്പിണ്റ്റെ വിളി എന്ന സിനിമ മുതലാണ്‌ നസീറിണ്റ്റെ ഡ്യൂപ്പായത്‌. സ്റ്റണ്ട്‌ രംഗങ്ങളില്‍ കോയ പലകുറി നിത്യഹരിത നായകണ്റ്റെ പകരക്കാരനായിട്ടുണ്ട്‌.

പാലാട്ട്‌ കോമനിലെ കാട്ടാള രാജാവ്‌, അനാര്‍ക്കലിയിലെ രാജകുമാരന്‍, ഭാര്യയിലെ കുടുംബാംഗം തുടങ്ങി കോയയെ പ്രേക്ഷകര്‍ ശ്രദ്ധിച്ച വേറെയും ചില വേഷങ്ങളുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ രാധാ ടാക്കീസില്‍ നാടകം കളിക്കുമ്പോള്‍ കോയയുടെ അഭിനയം ക്യാമറാമാന്‍ കൃഷ്ണന്‍കുട്ടിയുടെ കണ്ണില്‍ പതിഞ്ഞതാണ്‌ സിനിമയിലേക്കുള്ള ആദ്യപടി. നേരെ കോയയെയും കൂട്ടി കൃഷ്ണന്‍കുട്ടി ഉദയാ സ്റ്റുഡിയോയിലെത്തി, അഭിനയിക്കാന്‍ അവസരവും നല്‍കി. പിന്നീട്‌ കോയയ്ക്ക്‌ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തെറ്റില്ലാത്ത പ്രതിഫലവും നാട്ടില്‍ പേരും പെരുമയും നേടി. ഒപ്പം നസീര്‍ കോയയെന്ന നാമവിശേഷണവും. മെറിലാണ്റ്റിലും ചിത്രാഞ്ജലിയിലും റീമേക്കിനെത്തുന്ന ചിത്രങ്ങളിലും കോയ അഭിനയിച്ചു.

പ്രേംനസീറിണ്റ്റെ മരണശേഷം സിനിമയില്‍ കോയയ്ക്ക്‌ 'ഗോഡ്ഫാദര്‍'മാരില്ലാതായി. ഭാര്യയെയും അഞ്ച്‌ മക്കളെയും പട്ടിണിക്കിടാതിരിക്കാനാണ്‌ കോയ പിന്നീട്‌ തെരുവില്‍ അന്നം തേടിയെത്തിയത്‌. മഴ സീസണില്‍ ദിനംപ്രതി നൂറ്‌ രൂപവരെ കുട നന്നാക്കിയാ ല്‍ കോയയ്ക്ക്‌ പ്രതിഫലം ലഭിക്കും. പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞതോടെ ഉണ്ടായിരുന്ന വീടുവിറ്റ്‌ ഭാര്യയോടൊപ്പം ചാത്തനാട്ട്‌ വാടക വീട്ടില്‍ കഴിയുന്ന കോയ വിശപ്പിണ്റ്റെ വിളി മാറ്റാന്‍ നല്ലൊരു മഴ സീസണു വേണ്ടി കാത്തിരിക്കുകയാണ്‌...

No comments: