പരിഭവം അലിഞ്ഞ്‌ ഗൗരിയമ്മ; ചർച്ച തൃപ്തികരമെന്ന്‌ കോൺഗ്രസ്‌


കേവലം ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ ഗൗരിയമ്മയുടെ പരിഭവമലിഞ്ഞപ്പോൾ ഒരുമിച്ച്‌ ഉച്ചഭക്ഷണവും കഴിച്ച്‌ സംതൃപ്തിയോടെ കോൺഗ്രസ്‌ നേതാക്കൾ മടങ്ങി. പാഠപുസ്തക സമരവുമായി ബന്ധപ്പെട്ട്‌ അടുത്തിടെ മുന്നണിക്കുള്ളിൽ ഗൗരിയമ്മ ഉയർത്തിയ വിരുദ്ധാഭിപ്രായങ്ങൾക്കും അതോടെ പരിസമാപ്തിയായി. ഇന്നലെ ഉച്ചയ്ക്ക്‌ ഒരു മണിയോടെയാണ്‌ ഡി സി സി പ്രസിഡന്റ്‌ എ എ ഷുക്കൂർ, യു ഡി എഫ്‌ ജില്ലാ ചെയർമാൻ അഡ്വ. സി ആർ ജയപ്രകാശ്‌, കെ പി സി സി സെക്രട്ടറി അഡ്വ. ജോൺസൺ എബ്രഹാം എന്നിവർക്കൊപ്പം കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും പ്രതിപക്ഷ നേതാവ്‌ ഉമ്മൻചാണ്ടിയും ആലപ്പുഴയിലെ ചാത്തനാട്ടുള്ള കെ ആർ ഗൗരിയമ്മയുടെ വസതിയിലെത്തിയത്‌. ജെ എസ്‌ എസ്‌ പ്രസിഡന്റ്‌ അഡ്വ. രാജൻബാബു, കെ കെ ഷാജു എം എൽ എ എന്നിവർ നേരത്തെ തന്നെ ഗൗരിയമ്മയുടെ വീട്ടിലെത്തിയിരുന്നു.
പാർട്ടി ജനറൽ സെക്രട്ടറിയുടെ ഗൗരവത്തിന്‌ പകരം വീട്ടമ്മയുടെ ആതിഥേയ മര്യാദയിലാണ്‌ ഗൗരിയമ്മ നേതാക്കളെ സ്വീകരിച്ചത്‌. സ്വീകരണ മുറിയിൽ മാധ്യമപ്പട തിരക്ക്‌ കൂട്ടിയപ്പോൾ കണിശക്കാരിയായ കുഞ്ഞമ്മ ചെറിയൊരു പിണക്കം നടിച്ചു. 'ഞങ്ങൾക്ക്‌ ചിലത്‌ സംസാരിക്കാനുണ്ട്‌, അത്‌ പിന്നീട്‌ നിങ്ങളെ അറിയിക്കാമെന്ന്‌' പറഞ്ഞു തുടങ്ങിയ ഗൗരിയമ്മയുടെ വാക്കുകൾ കൂടുതൽ ഉച്ചത്തിലാകുന്നതിന്‌ മുമ്പ്‌ മാധ്യമ പ്രവർത്തകർ മുറി വിട്ടൊഴിഞ്ഞു. ഒപ്പം രമേശും ഉമ്മൻചാണ്ടിയും ഒഴികെയുള്ള നേതാക്കളും. ഒരു മണിക്കൂർ നീണ്ട ചർച്ചക്ക്‌ ശേഷം പരിഭവം അൽപ്പം പോലും ബാക്കിവെയ്ക്കാതെ പുറത്തുവന്ന ഗൗരിയമ്മ, നേരമേറെ കഴിയുന്നതിന്‌ മുമ്പുതന്നെ പതിവ്‌ പരിഭവം വീണ്ടും മുഖത്തണിഞ്ഞു. ഉച്ചഭക്ഷണത്തിന്‌ നിൽക്കാതെ ധൃതിയിൽ തിരുവനന്തപുരത്തേക്ക്‌ മടങ്ങാനൊരുങ്ങുന്ന ഉമ്മൻചാണ്ടിയോടായിരുന്നു വാൽസല്യം നിറഞ്ഞ ആ പരിഭവം.
തന്റെ തിരക്ക്‌ ബോധ്യപ്പെടുത്തി 'കുഞ്ഞമ്മ'യെ അനുനയിപ്പിക്കാൻ 'കുഞ്ഞൂഞ്ഞി'ന്‌ അൽപ്പം പാടുപെടേണ്ടിവന്നു. പിന്നെ രമേശിന്റെ കൈപിടിച്ച്‌ ഭക്ഷണ മുറിയിലേക്ക്‌. തീൻമേശക്ക്‌ ചുറ്റുമിരുന്ന നേതാക്കൾക്ക്‌ സ്വന്തം കൈകൊണ്ട്‌ ഭക്ഷണവും മനസ്സ്‌ നിറയെ സ്നേഹവും ഗൗരിയമ്മ വിളമ്പി. തമാശകളും ശാസനകളും ഇടകലർന്ന ഭക്ഷണ വേളയിൽ പക്ഷെ രാഷ്ട്രീയമൊന്നും ഗൗരിയമ്മയുടെ നാവിൽ നിന്ന്‌ വീണില്ല. പിന്നീട്‌ മാധ്യമപ്രവർത്തകരെ കണ്ട രമേശ്‌ ചെന്നിത്തല ചർച്ച തൃപ്തികരമായിരുന്നുവെന്ന്‌ അഭിപ്രായപ്പെട്ടു. ഗൗരിയമ്മയ്ക്കും മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ല. വൈകുന്നേരം മൂന്നുമണിയോടെ രമേശ്‌ ചെന്നിത്തല വീടിന്റെ പടിയിറങ്ങുമ്പോൾ യാത്രമൊഴിയുമായി പൂമുഖം വരെ 'കേരളത്തിന്റെ വീരാംഗന' അനുഗമിച്ചു. ഡി സി സി ജനറൽ സെക്രട്ടറിമാരായ പി നാരായണൻകുട്ടി, ബി ബൈജു, ജെ എസ്‌ എസ്‌ നേതാവ്‌ ജി പുഷ്പരാജൻ എന്നിവരും നേതാക്കൾക്കൊപ്പമുണ്ടായിരുന്നു.

No comments: