എന്റെ 'നല്ലോണം' എന്നേ മറഞ്ഞു




'എന്റെ നല്ലോണം എന്നേ മറഞ്ഞു'

തകഴി ശങ്കരമംഗലം തറവാടിന്റെ സ്വീകരണമുറിയിൽ, ചുവരിൽ തൂങ്ങുന്ന ഛായാചിത്രത്തിന്‌ മുന്നിൽ കൈകൂപ്പി വിതുമ്പുന്ന പ്രിയപത്നി കാത്തയുടെ ഓണവിശേഷം ഈ ഒരുവരിയിലൊതുങ്ങും.

കൂടുതൽ ചോദിച്ചാൽ വീണ്ടും കരയും...'എനിക്കെന്തോണം, തകഴിച്ചേട്ടനില്ലാത്ത തറവാട്ടിൽ എന്ത്‌ ഓണക്കാലം'.
തകഴി ശിവശങ്കരപ്പിള്ളയെന്ന വിശ്വസാഹിത്യകാരന്റെ മെതിയടി മുതൽ ജ്ഞാനപീഠ പുരസ്ക്കാരം വരെ സൂക്ഷിച്ചിരിക്കുന്ന ചരിത്രമന്ദിരത്തിൽ കാത്തയെന്ന വയോവൃദ്ധ ഇപ്പോൾ തികച്ചും അവശയാണ്‌. ഓണത്തെക്കുറിച്ച്‌ മധുരമായ ഓർമ്മകളുള്ള കാത്തയ്ക്ക്‌ ഇക്കുറിയും ഓണം ഒരു ദിവസത്തെ കരച്ചിലാണ്‌. ഓണദിനത്തിൽ മക്കളും കൊച്ചുമക്കളും ശങ്കരമംഗലത്ത്‌ ഒത്തുചേരും. പിന്നെ അവർ പിരിയുമ്പോൾ തറവാട്ടിൽ ഒരു കൂട്ടക്കരച്ചിലിന്റെ ശബ്ദമുയരും. കഴിഞ്ഞു; കാത്തയുടെ ഓണം... പിന്നെ അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പ്‌.

90-കാരിയായ കാത്തക്ക്‌ ഇപ്പോൾ ശങ്കരമംഗലം തറവാട്‌ മാത്രമാണ്‌ സുപരിചിതം. പുറത്തേക്കൊന്നും പോകാൻ കഴിയുന്നില്ല. തകഴിയുടെ മരണശേഷം ഈ തറവാട്ടിൽ നിന്നും എവിടേക്കും പോയിട്ടില്ല. അടുത്തിടെ കാൽതെറ്റി വീണതിന്റെ അസ്വാസ്ഥ്യങ്ങളും പേറി കാത്ത, ഓണക്കാലത്ത്‌ മക്കളുടെ വരവും കാത്തിരിക്കുകയാണ്‌.

'മക്കളും കൊച്ചുമക്കളുമെത്തിയാൽ ഓണദിവസം ഇവിടുത്തെ അടുക്കളയിൽ പൊടിപൂരമാണ്‌. അവരെല്ലാം ചേർന്ന്‌ പാചകം ചെയ്യും. പായസമുണ്ടാക്കും. ഒന്നിച്ച്‌ സദ്യകഴിക്കും. വൈകുന്നേരത്തോടെ എല്ലാവരും മടങ്ങും. തിരുവനന്തപുരത്തുള്ള മകൾ ഓമന (പാർവ്വതി) മാത്രം അന്ന്‌ എന്റെ കൂടെ നിൽക്കും. കൊച്ചുമോൻ രാജുനായരും എത്തുമെന്നറിയിച്ചിട്ടുണ്ട്‌. അവൻ എന്തോ സിനിമയൊക്കെ എടുക്കാൻ പോകുന്നുവെന്ന്‌ പറയുന്നത്‌ കേട്ടു. എനിക്ക്‌ കൂടുതലൊന്നും അറിയില്ല'

തകഴി ജീവിച്ചിരിക്കുമ്പോൾ ഇവിടെ എത്തിയിരുന്നവരുടെ എണ്ണം കുറഞ്ഞതോടെയാണ്‌ കാത്തയുടെ ഏകാന്തതക്ക്‌ കനംകൂടിയത്‌. ഇപ്പോൾ ആരും തന്നെ ശങ്കരമംഗലത്തെത്താറില്ല. തകഴിയുടെ സ്മാരകമായി പുരാവസ്തു വകുപ്പ്‌ ഏറ്റെടുത്ത ഈ തറവാട്ടിൽ നിന്ന്‌ മരണംവരെ മാറിനിൽക്കാൻ കഴിയില്ലെന്ന്‌ കാത്ത പറയുന്നു. തകഴിയുടെ വേർപാട്‌ വരെ പ്രശസ്തരും അറിയപ്പെടാത്തവരുമായി നിരവധി പേർ ഇവിടെ എത്തിയിട്ടുണ്ട്‌. അവർക്കുമുന്നിൽ നിറഞ്ഞ ചിരിയും കയ്യിൽ സംഭാരവുമായി പലകുറി കാത്ത നിന്നിട്ടുണ്ട്‌. കേശവദേവ്‌, വൈക്കം മുഹമ്മദ്ബഷീർ, എം ടി വാസുദേവൻ നായർ, കെ എൽ മോഹനവർമ്മ...... തുടങ്ങി പേരറിയാത്തവർ വരെ. കെ എൽ മോഹനവർമ്മ 'വീക്ഷണ'ത്തിന്റെ ചീഫ്‌ എഡിറ്ററാണെന്ന്‌ പറഞ്ഞപ്പോൾ തന്റെ സ്നേഹാന്വേഷണം അദ്ദേഹത്തെ അറിയിക്കണമെന്ന്‌ കാത്തയുടെ നിർദ്ദേശം.

'തകഴിച്ചേട്ടനുള്ളപ്പോൾ ഓണം രസമായിരുന്നു. രാത്രിയിൽ ഞാൻ ഉപ്പേരി വറുക്കുമ്പോൾ അടുക്കളയിലെത്തും. കുറച്ച്‌ ഉപ്പേരി വാരി മുണ്ടിന്റെ ശീലയിൽ പൊതിഞ്ഞ്‌ മുറിയിലേക്ക്‌ മടങ്ങും. പിന്നെ രാത്രി വൈകുവോളം എഴുത്തു തന്നെ. ഇതിനിടയിൽ പഴയ ഓണക്കാലത്തെക്കുറിച്ച്‌ എന്നോട്‌ ചിലതെല്ലാം പറയും'

നെടുമുടി ചെമ്പകശ്ശേരി ചിറയ്ക്കൽ തറവാട്ടിൽ നിന്ന്‌ പതിനാറാം വയസ്സിൽ കുട്ടനാടിന്റെ ഇതിഹാസ കഥാകാരന്‌ തുണയായി എത്തിയതാണ്‌ കാത്ത. പെണ്ണ്‌ കാണൽ ചടങ്ങ്‌ പോലും ഇല്ലാതെയായിരുന്നു വിവാഹം. നേരത്തെ തമ്മിൽ കണ്ടിട്ടുള്ളത്‌ കൊണ്ടാണ്‌ അത്‌ ഒഴിവാക്കിയത്‌. അന്നുമുതൽ തകഴി മരിക്കുന്നതുവരെ കാത്തയുടെ കർമ്മങ്ങൾക്ക്‌ മാറ്റമുണ്ടായിട്ടില്ല. തകഴിയുടെ ഓണദിനചര്യകളെക്കുറിച്ച്‌ കാത്തയുടെ ഓർമ്മകൾ ഇങ്ങനെയാണ്‌:

"ചേട്ടൻ കാലത്ത്‌ അഞ്ചുമണിക്ക്‌ ഉണരും. ഉണർന്നാലുടൻ പത്രങ്ങളും ചായയും എടുത്ത്‌ കൊടുക്കണം. ചായകുടി കഴിഞ്ഞാൽ പതിവായി കഴിക്കാറുള്ള തുളസിയിലയും പറിച്ചുകൊടുത്തിട്ടാണ്‌ ഞാൻ അടുക്കളയിലേയ്ക്ക്‌ പോകുന്നത്‌. ആറുമണിക്ക്‌ വീണ്ടും ചായ കൊടുക്കണം. പ്രാതലിന്‌ ഇഡ്ഢലിയും ദോശയുമാണ്‌ ഏറെയിഷ്ടം. പിന്നീടാണ്‌ കുളി. കൃത്യം പന്ത്രണ്ടിന്‌ മക്കളുമൊത്ത്‌ ഊണ്‌ കഴിക്കും. പിന്നെ പതിവായുള്ള ഉറക്കം ഉപേക്ഷിച്ച്‌ തറവാട്ടുമുറ്റത്തെ മാവിൻ ചുവട്ടിൽ കൂട്ടുകാരുമൊത്ത്‌ ചീട്ടുകളിയാണ്‌. കാതിൽ വെള്ളയ്ക്കയും തലയിൽ മാവിലകൊണ്ടുള്ള തൊപ്പിയും ചൂടി കളിയവസാനിക്കും വരെ അവിടെയിരിക്കും. ഇടയ്ക്ക്‌ എന്തെങ്കിലും കൊറിക്കാൻ കൊടുക്കണം. നാലുമണിക്ക്‌ ദോശയോ മറ്റോ ഉണ്ടെങ്കിൽ നല്ലത്‌. ഏഴുമണിയാകുമ്പോൾ റവക്കഞ്ഞി കുടിക്കും. മക്കൾ അടുത്തുണ്ടെങ്കിലും എല്ലാത്തിനും ഞാൻ അരികിലുണ്ടാവണം. ഒറ്റയ്ക്ക്‌ ഒരു കാര്യവും ചെയ്യില്ല. ഭയങ്കര മടിയാണ്‌".

തകഴിയുടെ കഥാപാത്രങ്ങളെ അധികമൊന്നും കാത്തയ്ക്ക്‌ പരിചയമില്ല. പക്ഷെ ആ കഥാപാത്രങ്ങൾ രൂപപ്പെടുമ്പോൾ തകഴിയുടെ ഉള്ളിലെ സംഘർഷം ഏറ്റവും അറിഞ്ഞിട്ടുള്ളത്‌ കാത്തയാണ്‌. ആ സംഘർഷത്തിന്റെ എത്രയോ മടങ്ങ്‌ നൊമ്പരം ഉള്ളിൽപ്പേറിയാണ്‌ തകഴിയില്ലാത്ത ശങ്കരമംഗലത്ത്‌ കാത്തയുടെ ഓണക്കാലം..

7 comments:

ജിജ സുബ്രഹ്മണ്യൻ said...

മലയാളത്തിന്റെ മഹാനായ കഥാകാരന്റെ വിധവയായ ഭാര്യയുടെ നോവുകള്‍ ഏതാനും വരികളിലൂടെ താങ്കള്‍ കുറിച്ചിട്ടിരിക്കുന്നു.ഭര്‍ത്താവ് അടുത്തില്ലാത്തേ ഏതു ഭാര്യയുടെയും അവസ്ഥ ഇതു തന്നെ എന്ന് ഞാന്‍ തിരിച്ചറിയുന്നു.നല്ല പോസ്റ്റ്.നന്നായി എഴുതുന്നല്ലോ

Unknown said...

ഭൂലോകത്തും ബ്ലോഗ്ലോകത്തുമുള്ള സര്‍വ ചരാചരങ്ങള്‍ക്കും എന്റെ ഓണാശംസകള്‍

B Shihab said...

thakazhi,katha............../..... thank you b shihab

B Shihab said...

thakazhi,katha,...............againthank you nizar

B Shihab said...

thank you nizar

siva // ശിവ said...

ഇതുപോലെ എത്ര കാത്തമാര്‍ നാം അരിയാതെ നമുക്ക് ചുറ്റും..

nizar mohammed said...

thanks for all comments..
with love,
Nizar Mohammed