വാനിലെ വർണ്ണപ്പട്ടങ്ങളിൽ പറക്കുന്നത്‌ സോമന്റെ ഓണബാല്യം...



ചിങ്ങവാനിലേക്ക്‌ ഉയരുന്ന വർണ്ണപ്പട്ടങ്ങളിൽ സോമന്റെ ബാല്യകാല ഓണസ്മൃതികളുണ്ട്‌. ഒപ്പം കുരുന്നുകളുടെ ഭാവനയെ ആകാശത്തോളം ഉയർത്തുന്ന കരസ്പർശത്തിന്റെ ചാരിതാർത്ഥ്യവും.

ആലപ്പുഴ പഴവീട്‌ ക്ഷേത്രത്തിന്‌ സമീപം സ്റ്റേഷനറി കട നടത്തുന്ന ദേവസ്വം പറമ്പിൽ സോമൻ കഴിഞ്ഞ 30 വർഷമായി വർണ്ണപ്പട്ടങ്ങളുടെ വിൽപ്പനക്കാരനാണ്‌. ബാല്യകാലത്ത്‌ ഒരു വർണ്ണപ്പട്ടം സ്വന്തമാക്കാൻ കഴിയാത്തതിന്റെ നൊമ്പരത്തിൽ നിന്നുയർന്ന കൗതുകമായിരുന്നു തുടക്കം. പിന്നീട്‌ പട്ടങ്ങളുണ്ടാക്കി വിൽപ്പന നടത്താൻ കഴിയാത്ത ഒരു ഓണക്കാലത്തെക്കുറിച്ച്‌ സോമന്‌ ചിന്തിക്കാൻ വയ്യെന്നായി.

ഉൽപ്പന്നങ്ങൾക്ക്‌ വിപണി തേടിയിറങ്ങേണ്ട ഗതികേട്‌ ഇതുവരെ സോമന്‌ ഉണ്ടായിട്ടില്ല. ആവശ്യക്കാർ പട്ടങ്ങൾ തേടി ഈ കടയിലത്തും. കച്ചവടക്കാരിൽ പലരും പട്ടങ്ങൾ നിർമ്മിച്ച്‌ വിൽപ്പനക്ക്‌ നൽകണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും സോമൻ ഇതുവരെ തയ്യാറായിട്ടില്ല. പട്ടങ്ങൾ വാങ്ങാൻ ഇവിടെയെത്തുന്ന കുരുന്നുകളിലൂടെ തന്റെ ഓണക്കാലം ഓർത്തെടുക്കാനാണ്‌ സോമനിഷ്ടം.
വർണ്ണങ്ങളിലും വലിപ്പത്തിലും വൈവിധ്യമുണ്ടാക്കി പട്ടങ്ങളിൽ ഒരു 'സോമൻ ടച്ച്‌' നൽകാൻ എപ്പോഴും ഇയാൾ ശ്രമിക്കാറുണ്ട്‌. അതുകൊണ്ട്‌ തന്നെയാണ്‌ പട്ടച്ചരടിന്റെ ഇങ്ങേത്തലക്കൽ നിന്ന്‌ ഭാവനയെ ആകാശത്തിന്റെ അതിര്‌ കടത്താനായി കുരുന്നുകൾ ഇവിടെയെത്തുന്നത്‌. ഓണക്കാലത്ത്‌ ദിനംപ്രതി 300-ഓളം പട്ടങ്ങൾ സോമൻ വിറ്റഴിക്കും.

മീറപ്പട്ടം, മുറപ്പട്ടം, മൽസ്യപ്പട്ടം, മാച്ചാൻപട്ടം, ആൾപ്പട്ടം, ചതുരപ്പട്ടം എന്നിങ്ങനെ വൈവിധ്യങ്ങളൊരുക്കിയാണ്‌ സോമൻ കുട്ടികളെ ആകർഷിക്കുക. പത്തുമുതൽ 15 രൂപവരെയാണ്‌ പട്ടങ്ങളുടെ വില. ഓണക്കാലമല്ലെങ്കിലും സോമൻ കച്ചവടത്തിന്റെ ഒഴിവുനേരങ്ങളിൽ പട്ടങ്ങൾക്കൊപ്പമുണ്ടാകും. വർണ്ണപ്പേപ്പറുകൾ കീറിയൊരുക്കാനും പട്ടത്തിനുപയോഗിക്കുന്ന ഈർക്കിലുകൾ ചീകിയൊതുക്കാനുമാണ്‌ ഈ നേരങ്ങൾ ചെലവിടുന്നത്‌. ആയിരം പട്ടങ്ങൾ ഉണ്ടാക്കാൻ ആയിരം പേപ്പറുകൾ മുറിക്കണം. 3000-ത്തോളം ഈർക്കിലുകൾ വേണം. പട്ടത്തിന്‌ വില്ലൊരുക്കുന്ന ഈർക്കിലുകൾ രണ്ടെണ്ണമെടുത്ത്‌ നൂലുചുറ്റിക്കെട്ടണം. പട്ടത്തിൽ ഈർക്കിലുകൾ ഉറപ്പിക്കാൻ ചെറിയ കഷ്ണങ്ങളായി പേപ്പറുകൾ വെട്ടിയെടുക്കണം. പിന്നെ ആറടിയോളം നീളമുള്ള വാലുകൾ വെട്ടിയെടുക്കണം. പറയുമ്പോൾ ദൈർഘ്യം കൂടുമെങ്കിലും പട്ടങ്ങൾ പൂർണ്ണതയിലെത്തിക്കാൻ സോമന്‌ അധികനേരമൊന്നും വേണ്ട.

വില്ലിൽ കെട്ടുന്ന നൂലിന്റെ കണക്കുകൾ പാലിച്ചില്ലെങ്കിൽ മുകളിലേക്ക്‌ ഉയരേണ്ട പട്ടങ്ങൾ വാനിൽ തലകുത്തി നിൽക്കുമെന്ന്‌ സോമൻ പറയുന്നു. ഓണക്കാലത്ത്‌ നടക്കുന്ന മൽസരങ്ങളിൽ ജേതാക്കളാകാൻ കുരുന്നുകൾ തെരഞ്ഞെടുക്കുന്ന പട്ടങ്ങളിൽ ഭൂരിഭാഗത്തിനും സോമൻ ടച്ചുണ്ടാവുമെന്നുറപ്പാണ്‌. അത്രയ്ക്ക്‌ പ്രസിദ്ധിയാണ്‌ സോമന്റെ പട്ടങ്ങൾക്ക്‌. ചില കോളേജ്‌ കുമാരൻമാരും കുസൃതികളൊരുക്കാൻ സോമന്റെ കടയിൽ പട്ടമന്വേഷിച്ചെത്താറുണ്ട്‌. ഇത്രയും കാലം ഈ രംഗത്ത്‌ തുടരാൻ പ്രചോദിപ്പിക്കുന്നത്‌ വർണ്ണം നിറയാത്ത ഓണബാല്യമാണെന്ന്‌ സോമൻ പറയുന്നു.

വർണ്ണക്കടലാസിന്‌ പകരം പഴയ പത്രക്കടലാസിൽ ഉണ്ടാക്കിയ പട്ടങ്ങൾ മാത്രം പറത്താൻ വിധിക്കപ്പെട്ട ഓണബാല്യം ഇപ്പോഴും നൊമ്പരമായി അവശേഷിക്കുന്നുവെന്ന സാക്ഷ്യത്തോടെ പാതി ഒരുക്കിയ പട്ടത്തിന്റെ ഈർക്കിൽ വില്ലുറപ്പിക്കാൻ പശ തേച്ച കടലാസുകഷ്ണങ്ങളുമായി സോമൻ വീണ്ടും കടയിലേക്ക്‌....

3 comments:

siva // ശിവ said...

ഈ പോസ്റ്റ് എനിക്ക് ഏറെ സന്തോഷം തരുന്ന ഒനാണ്. ഞാനും പട്ടങ്ങള്‍ ഉണ്ടാക്കാറുണ്ട്. സാധാരണ പട്ടങ്ങള്‍. ഈ പേരൊക്കെ ആദ്യമായാ കേള്‍ക്കുന്നത്. ഞാന്‍ ഇവിടെ നാട്ടില്‍ ഒരു കൈറ്റ് ഫ്ലയിംഗ് ക്ലബ് തുടങ്ങാനുള്ള ആലോചനയിലുമാണ്. എനിക്ക് ആ മനുഷ്യനെ ഒന്ന് നേരില്‍ കാണണമെന്ന് ആഗ്രഹമുണ്ട്. ദയവായി കൃത്യമായ വിലാസം തരാമോ. തിരുവനന്തപുരത്തു നിന്നും അവിടെ വരാനുള്ള വഴി.

sivaoncall@gmail.com

സസ്നേഹം,

ശിവ.

അപ്പു ആദ്യാക്ഷരി said...

താങ്കളുടെ ഓരോ പോസ്റ്റുകളും വേറിട്ടു നില്‍ക്കുന്നു. ബ്ലോഗിംഗിന്റെ അനന്ത സാധ്യതകള്‍! അഭിനന്ദനങ്ങള്‍ നിസാര്‍!

Sapna Anu B.George said...

സുന്ദരം.....നല്ല ഒരു ബ്ലൊഗ്