തെരുവ്നായയെങ്കിലും വിദേശികൾക്ക്‌ ഇവനൊരു കാവൽപ്പട്ടാളം





വീടിന്‌ കാവലിരിക്കലാണ്‌ നായയുടെ ജോലിയെന്ന്‌ ലോവർ പ്രൈമറി ക്ലാസിൽ പഠിച്ചിട്ടുള്ളവർക്ക്‌ ഇനി അത്‌ തിരുത്തേണ്ടിവരും. വിദേശ വിനോദ സഞ്ചാരികൾക്ക്‌ നേരെ നിരവധി അക്രമങ്ങൾ നടക്കുന്ന നാട്ടിൽ അവർക്ക്‌ കാവലായി ഒപ്പമെത്തുന്ന ഒരു തെരുവ്‌ നായയുടെ മാതൃക ആലപ്പുഴ കടപ്പുറത്ത്‌ പാട്ടാണ്‌.

എന്താണ്‌ നായയുടെ പേരെന്നോ എവിടെ നിന്നാണ്‌ ഇവിടെയെത്തിയതെന്നോ ആർക്കുമറിയില്ല. പക്ഷെ എല്ലാവർക്കും അറിയാവുന്ന ഒന്നുണ്ട്‌. ഏത്‌ വിദേശ വിനോദ സഞ്ചാരി കടപ്പുറത്തെത്തിയാലും അവരോടൊപ്പം അധികം ശരീരപുഷ്ടിയില്ലാത്ത ഈ തവിട്ടുനിറക്കാരൻ നായയുണ്ടാകും. ആദ്യമൊന്നും ആരും ഇക്കാര്യം ശ്രദ്ധിച്ചില്ല. പിന്നീട്‌ എല്ലാ വിദേശ സഞ്ചാരിക്കൊപ്പവും നായയെ കാണുന്നതോടെയാണ്‌ സമീപത്തെ കടക്കാർ നിരീക്ഷിക്കാൻ തുടങ്ങിയത്‌. ബീച്ചിന്‌ സമീപമുള്ള ലെവൽ ക്രോസിനടുത്ത്‌ എവിടെയോ ആണ്‌ ഇവന്റെ താവളം. ലെവൽ ക്രോസ്‌ മുറിച്ചുകടക്കുന്നവരിൽ ആരെങ്കിലും സായിപ്പോ മദാമ്മയോ ആണെന്ന്‌ തിരിച്ചറിഞ്ഞാൽ പിന്നെ ഇവൻ അവരുടെ ഒപ്പം കൂടും. കടപ്പുറത്ത്‌ ഇവരോടൊപ്പം നടക്കും. പിറകെ വരുന്നത്‌ തെരുവ്‌ നായയാണെന്ന അവഗണനയിൽ ഓടിക്കാൻ ശ്രമിച്ചാലും ഇവൻ പോകില്ല. ശല്യമുണ്ടാക്കാതെ ഇവർക്കൊപ്പം നടക്കും. ഇതിനിടയിൽ ചുറ്റും നിരീക്ഷണവും നടത്തും. സഞ്ചാരികളുടെ സമീപത്ത്‌ ശല്യവുമായി എത്തുന്ന സ്വദേശികളെ കുരച്ച്‌ ഭയപ്പെടുത്തി ഓടിക്കും.

കഴിഞ്ഞ ദിവസം ജർമ്മനിയിൽ നിന്നെത്തിയ രണ്ട്‌ ദമ്പതികളെ ശല്യപ്പെടുത്താൻ ശ്രമിച്ച ഒരു സാമൂഹ്യവിരുദ്ധനെ മെയിലുകളോളം ഓടിച്ച്‌ ആക്രമിച്ചതും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഇവന്റെ കുരയും മറ്റും കണ്ട്‌ വിദേശികൾ പേടിച്ചെന്ന്‌ തോന്നിയാൽ പതിയെ അനുസരണക്കാരനായി അവരുടെ മുന്നിൽ വാലാട്ടി മുട്ടുകുത്തി നിൽക്കും. അതോടെ സഞ്ചാരികളും ഇവനെ കൂടെക്കൂട്ടി നടക്കുകയാണ്‌ പതിവത്രെ. ബീച്ചിലെത്തുന്ന മറ്റുള്ളവർക്ക്‌ നൽകേണ്ട പരിഗണനയെന്തെന്നും ഈ നായക്ക്‌ കൃത്യമായി അറിയാം. കച്ചവടക്കാർ സഞ്ചാരികളുടെ അടുത്തെത്തിയാൽ അവരെ ഇവൻ ഭയപ്പെടുത്താറില്ല. മറിച്ച്‌ മറ്റാരെങ്കിലുമാണെങ്കിൽ ചെറുതായൊരു മുറുമുറുപ്പെങ്കിലും നായയിൽ നിന്നുയരും. പക്ഷെ സഞ്ചാരികൾ അവരോട്‌ സൗമ്യമായാണ്‌ പെരുമാറുന്നതെങ്കിൽ പിന്നെ നായ അവരുടെയും ചങ്ങാതിയായി മാറും.

വിദേശികൾക്കൊപ്പം നടക്കുന്ന നായയുടെ ചിത്രമെടുക്കാൻ ചെന്ന ഫോട്ടോഗ്രാഫറെയും ആദ്യമൊന്ന്‌ വിരട്ടിയെങ്കിലും സഞ്ചാരികൾക്ക്‌ പ്രശ്നമില്ലെന്ന്‌ കണ്ടതോടെ അനുസരണക്കാരനായി മാറി. കടപ്പുറത്തെത്തുന്ന വിദേശികൾക്ക്‌ പോലീസിന്റെ സംരക്ഷണം ലഭിക്കാത്ത സാഹചര്യത്തിൽ നായയുടെ ഒറ്റയാൻ കാവൽ അനുഗ്രഹമാണെന്നാണ്‌ ഉല്ലാസത്തിനെത്തുന്നവർ പറയുന്നത്‌.

5 comments:

siva // ശിവ said...

മിക്കവാറും എല്ലാ ബീച്ചിലെയും കാഴ്ചയാണ് ഇത്...വിദേശികളുടെ മാത്രം പിന്നാലെ പോകുന്ന നായകള്‍...

Anoop Technologist (അനൂപ് തിരുവല്ല) said...

:)

അപ്പു ആദ്യാക്ഷരി said...

അതിശയം തന്നെ!! നന്ദി ഈ പോസ്റ്റ് ഇട്ടതിന്.

നിരക്ഷരൻ said...

ലവന്‍ സായിപ്പ് നായയോ മറ്റോ ആണോ ? എന്തായാലും രസ്യന്‍ സംഭവം തന്നെ.

Anonymous said...

കേരളത്തില്‍ മനുഷ്യര്‍ക്ക് മാത്രമല്ല സായിപ്പിനെക്കണ്ടാല്‍ കൌതുകം,
ഈ പോസ്റ്റിന് നന്ദി. കുറച്ചുകൂടി ചിത്രങ്ങള്‍ ആകാമായിരുന്നു.