കായല്‍ സൌന്ദര്യത്തില്‍ മയങ്ങി 'സ്റ്റൈല്‍മന്നന്‍'; 'കുസേല'ണ്റ്റെ ഷൂട്ടിംഗിനിടെ ക്യാമറാമാന്‌ പരിക്ക്‌


ജീവിതത്തിലാദ്യമായി കിഴക്കിണ്റ്റെ വെനീസിലെത്തിയ തെന്നിന്ത്യന്‍ താരരാജാവ്‌ രജനീകാന്ത്‌ കായല്‍ സൌന്ദര്യത്തില്‍ മതിമറന്നു. കുസേലനെന്ന തമിഴ്‌ സിനിമയുടെ ചിത്രീകരണത്തിനായി പുന്നമടക്കായലില്‍ ഒരുക്കിയ ചുണ്ടന്‍വള്ളങ്ങള്‍ കരിനാഗങ്ങളെപ്പോലെ ചീറിപ്പായുന്നതും കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഹരിതാഭനിറഞ്ഞ വയലേലകളും സ്റ്റൈല്‍മന്നണ്റ്റെ മനസ്‌ നിറച്ചു.

ഇന്നലെ രാവിലെ ഒമ്പത്‌ മണിയോടെയാണ്‌ പുന്നമടക്കായലില്‍ നെഹ്‌റുട്രോഫി ഫിനിഷിംഗ്‌ പോയിണ്റ്റിന്‌ സമീപം കുസേലനിലെ ശ്രദ്ധേയമായ ഗാനരംഗം ചിത്രീകരിച്ചത്‌. രജനിക്കൊപ്പം നയന്‍താരയും മമ്മ്തയും 80-ഓളം നര്‍ത്തകരും ചുവടുവെച്ചു. പ്രത്യേകം തയ്യാറാക്കിയ കൂറ്റന്‍ ചങ്ങാടത്തിലായിരുന്നു സെറ്റിട്ടിരുന്നത്‌. രംഗം വര്‍ണ്ണാഭമാക്കാന്‍ രണ്ട്‌ ചുണ്ടന്‍വള്ളങ്ങളും സംവിധായകന്‍ പി വാസുവിണ്റ്റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയിരുന്നു. ചന്ദന നിറത്തിലുള്ള കൂര്‍ത്തയായിരുന്നു രജനിയുടെ വേഷം. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ കഥപറയുമ്പോള്‍ എന്ന സിനിമയില്‍ മമ്മൂട്ടി ചെയ്ത വേഷത്തിലാണ്‌ കുസേലനില്‍ രജനീകാന്ത്‌ അഭിനയിക്കുന്നത്‌. മാദകത്വം തുളുമ്പുന്ന വേഷമായിരുന്നു നയന്‍താരയുടെത്‌. കറുത്ത സ്ളീവ്ലെസ്‌ ബ്ളൌസിലും മിനി സ്കര്‍ട്ടിലും നയന്‍ തിളങ്ങി. ചുവന്ന ടീഷര്‍ട്ടും ജീന്‍സുമായിരുന്നു ഷൂട്ടിംഗ്‌ സെറ്റിലെത്തിയ മമ്മ്തയുടെ വേഷം. ഏതാണ്ട്‌ മൂന്ന്‌ മണിക്കൂറോളം ചെലവഴിച്ചാണ്‌ ഗാനരംഗത്തിലെ ഏതാനും സീനുകള്‍ ചിത്രീകരിച്ചത്‌.

സെവന്‍ ആര്‍ട്സ്‌ വിജയകുമാറും കവിതാലയ കെ ബാലചന്ദറുമാണ്‌ ചിത്രത്തിണ്റ്റെ നിര്‍മ്മാണം. അതേസമയം ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ പ്രശസ്ത ക്യാമറാമാന്‍ അരവിന്ദ്‌ കൃഷ്ണയ്ക്ക്‌ പരിക്കേറ്റത്‌ സെറ്റില്‍ ംളാനത പടര്‍ത്തി. ബ്രേക്കിന്‌ ശേഷം ചങ്ങാടത്തില്‍ നിന്ന്‌ ബോട്ടിലേക്ക്‌ ചാടിക്കയറുമ്പോഴാണ്‌ അരവിന്ദ്‌ കൃഷ്ണയ്ക്ക്‌ വീണ്‌ പരിക്കേറ്റത്‌. ഉടന്‍തന്നെ സെറ്റിലുണ്ടായിരുന്നവര്‍ അദ്ദേഹത്തെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതുകാലിലെ ഞരമ്പ്‌ ചതഞ്ഞ്‌ സാരമായി പരിക്കേറ്റിട്ടുണ്ട്‌. എഴുന്നേറ്റ്‌ നില്‍ക്കാന്‍ കഴിയാത്തതിനാല്‍ ഡോക്ടര്‍മാര്‍ ക്യാമറാമാന്‌ പരിപൂര്‍ണ്ണ വിശ്രമം നിര്‍ദ്ദേശിച്ചു.

കാലില്‍ ബാണ്റ്റേജ്‌ ചുറ്റിയ ശേഷം അരവിന്ദ്‌ കൃഷ്ണയെ ആശുപത്രിയില്‍ നിന്ന്‌ ലേക്പാലസ്‌ റിസോര്‍ട്ടിലേക്ക്‌ കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന്‌ മണിക്കൂറുകളോളം ചിത്രീകരണം നിര്‍ത്തിവെയ്ക്കേണ്ടി വന്നത്‌ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയത്‌. പിന്നീട്‌ വൈകുന്നേരത്തോടെ അസിസ്റ്റണ്റ്റ്‌ ക്യാമറാമാണ്റ്റെ നേതൃത്വത്തില്‍ ഷൂട്ടിംഗ്‌ പുനരാരംഭിക്കുകയായിരുന്നു. പത്ത്‌ ഗണ്‍മാന്‍മാരടക്കം കനത്ത സുരക്ഷാ സന്നാഹത്തോടെയാണ്‌ രജനീകാന്ത്‌ ഷൂട്ടിംഗിനെത്തിയത്‌. ഈ സിനിമയുമായി ബന്ധപ്പെട്ടവരല്ലാതെ മറ്റാര്‍ക്കും ലൊക്കേഷനില്‍ പ്രവേശനം അനുവദിച്ചിട്ടില്ല. ഇതിനിടെ രഹസ്യമായി ചിത്രങ്ങളെടുത്ത മാധ്യമ പ്രവര്‍ത്തകരെ സിനിമാസംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.

No comments: