റിയാലിറ്റി ഷോ; മനസ്സുതുറന്ന്‌ ലക്ഷ്മി ഗോപാലസ്വാമി



ചാനലുകൾ നടത്തുന്ന റിയാലിറ്റി ഷോകളെ അനുകൂലിച്ചും പ്രതികൂലിച്ചും കേരളത്തിൽ വിവിധ ചർച്ചകൾ ഉയരുമ്പോഴും പ്രമുഖ റിയാലിറ്റി ഷോയിലെ വിധികർത്താവായ ലക്ഷ്മി ഗോപാലസ്വാമിക്ക്‌ അങ്കലാപ്പുകളൊന്നും അവശേഷിക്കുന്നില്ല. നെഹ്‌റുട്രോഫി ജലമേളയോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടിയിൽ നൃത്തമവതരിപ്പിക്കാൻ ആലപ്പുഴയിലെത്തിയ ലക്ഷ്മി ഗോപാലസ്വാമി ഇന്നലെ മാധ്യമങ്ങളോട്‌ മനസ്സ്‌ തുറന്നപ്പോൾ ചോദ്യങ്ങളധികവും റിയാലിറ്റി ഷോകളെ കുറിച്ചായിരുന്നുവെന്നത്‌ യാദൃശ്ചികമല്ല. എന്നാൽ പക്ഷം പിടിക്കാതെ ലക്ഷ്മി നൽകിയ ഉത്തരങ്ങളിൽ നിറഞ്ഞത്‌ മൽസരാർത്ഥികളുടെ വേദനയുടെയും രക്ഷിതാക്കളുടെ മാനസികസമ്മർദ്ദത്തിന്റെയും നേരറിവുകളായിരുന്നു...

?.റിയാലിറ്റി ഷോകളിൽ മൽസരാർത്ഥികൾക്ക്‌ വിധികർത്താക്കളിൽ നിന്ന്‌ മാനസിക പീഡനമുണ്ടാകുന്നുവെന്ന ആരോപണത്തെക്കുറിച്ച്‌ എന്താണഭിപ്രായം.

വിധികർത്താക്കളിൽ നിന്ന്‌ മാനസിക പീഡനമുണ്ടാകുന്നുണ്ടോയെന്നറിയില്ല. പക്ഷെ രക്ഷിതാക്കളിൽ നിന്ന്‌ മൽസരാർത്ഥികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ഏറെയാണ്‌. രക്ഷിതാക്കൾ അൽപ്പം കൂടി ദയ കാട്ടണം. ലക്ഷങ്ങൾ വിലമതിക്കുന്ന സമ്മാനങ്ങളാണ്‌ രക്ഷിതാക്കളെ സമ്മർദ്ദത്തിന്‌ പ്രേരിപ്പിക്കുന്നത്‌. റിയാലിറ്റി ഷോ ഒരിക്കലും അവസാനവാക്കല്ല. ഈ മൽസരത്തിൽ പരാജയപ്പെട്ടാൽ എല്ലാം കഴിഞ്ഞുവെന്ന തോന്നലാണ്‌ പലർക്കും. ഇത്‌ ശരിയല്ല. കൂടുതൽ പഠനത്തിനുള്ള വേദികളായി റിയാലിറ്റി ഷോകളെ മൽസരാർത്ഥികൾ കാണണം.

?.റിയാലിറ്റി ഷോകളിലൂടെ യഥാർത്ഥ പ്രതിഭയെ കണ്ടെത്താൻ കഴിയുന്നുണ്ടോ.

തീർച്ചയായും. റിയാലിറ്റി ഷോകളിൽ നിറയുന്നത്‌ പ്രതിഭകൾ തന്നെയാണ്‌. പക്ഷെ എസ്‌ എം എസുകളല്ല ഒരു പ്രതിഭയെ നിശ്ചയിക്കുന്നത്‌ എന്ന അഭിപ്രായക്കാരിയാണ്‌ ഞാൻ. മികച്ച പ്രകടനം കാഴ്ചവെച്ചാൽ പോലും ചിലപ്പോൾ എസ്‌ എം എസിന്റെ കുറവിൽ ചിലർ പിന്തള്ളപ്പെടും. അടുത്തിടെ മലയാളത്തിൽ നടന്ന റിയാലിറ്റി ഷോയിൽ വിജയിച്ചത്‌ യഥാർത്ഥ പ്രതിഭയാണ്‌. പക്ഷെ അതേ ഷോയിൽ എസ്‌ എം എസ്‌ കുറഞ്ഞതിന്റെ പേരിൽ മറ്റൊരു പെൺകുട്ടി മൽസരത്തിൽ നിന്ന്‌ പുറത്താവുകയും ചെയ്തു.

?.നർത്തകി, അഭിനേത്രി എന്നീ നിലകളിൽ തിളങ്ങുന്ന ലക്ഷ്മിക്ക്‌ ഏതിനോടാണ്‌ കൂടുതൽ താൽപ്പര്യം.

നൃത്തത്തെ ഒഴിവാക്കിയൊന്നുമില്ല. പക്ഷെ അഭിനയവും ഞാൻ ആസ്വദിക്കുന്നുണ്ട്‌. നൃത്തം പഠിച്ചത്‌ അഭിനയത്തിന്‌ ഏറെ സഹായിച്ചിട്ടുണ്ട്‌. അതുപോലെ അഭിനയത്തിൽ നിന്ന്‌ ലഭിച്ച പ്രശസ്തി നൃത്തത്തെയും ബാധിച്ചിട്ടുണ്ട്‌. തിരക്കിട്ട്‌ സിനിമകളിൽ അഭിനയിക്കുക എന്ന രീതി എനിക്കില്ല. ഇപ്പോൾ മലയാളനടി നവ്യാനായരോടൊപ്പം ഒരു കന്നട സിനിമയിൽ അഭിനയിക്കുന്നുണ്ട്‌. ഹിന്ദിയിലും ഒരു ചിത്രമുണ്ട്‌.

?.മലയാള സിനിമയെക്കുറിച്ച്‌..

മലയാള സിനിമയോട്‌ എനിക്ക്‌ ആദരവാണ്‌. മലയാളഭാഷയിൽ അഭിനയിക്കാൻ കഴിഞ്ഞത്‌ അഭിമാനകരമാണ്‌. മറ്റ്‌ ഭാഷകളിൽ നായകന്‌ പ്രാധാന്യം ലഭിക്കുമ്പോൾ മലയാളത്തിൽ നായികക്ക്‌ നായകനോളം പ്രാധാന്യമുണ്ട്‌. മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ്ഗോപി ഇവരെല്ലാം മികച്ച അഭിനേതാക്കളാണ്‌. ഇവരെല്ലാവരും തന്റെ അഭിനയത്തെ ഏറെ സഹായിച്ചിട്ടുണ്ട്‌...

നർത്തകിമാരായ പത്മാ സുബ്രഹ്മണ്യം, നീലാ സാംസൻ, വൈജയന്തിമാല എന്നിവരെ ആരാധിക്കുന്ന ലക്ഷ്മിക്ക്‌ പിന്നെയുമേറെ പറയാനുണ്ടായിരുന്നു. ബാംഗ്ലൂരിലേക്ക്‌ തിരികെ മടങ്ങേണ്ടതിനാൽ നെഹ്‌റുട്രോഫി ജലമേള നേരിട്ടു കാണാൻ കഴിയാത്തതിന്റെ സങ്കടവും ലക്ഷ്മിയുടെ വാക്കുകളിലുണ്ടായിരുന്നു...

No comments: