ഷാജി എൻ കരുൺ പറയുന്നത്‌ നുണയെന്ന്‌ അക്കാദമി ചെയർമാൻ



തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലേക്ക്‌ 'കുട്ടിസ്രാങ്ക്‌' ആവശ്യപ്പെട്ടിട്ടില്ലെന്ന സംവിധായകൻ ഷാജി എൻ കരുണിന്റെ അഭിപ്രായം നുണയാണെന്ന്‌ ചലച്ചിത്ര അക്കാദമി ചെയർമാൻ കെ ആർ മോഹനൻ. ചലച്ചിത്ര അക്കാദമി ചെയർമാനോ വൈസ്‌ ചെയർമാനോ ആർട്ടിസ്റ്റിക്‌ ഡയറക്ടറോ തന്നോട്‌ ഫോണിലൂടെയോ അല്ലാതെയോ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും നിർമ്മാതാക്കളോട്‌ ചോദിച്ചിട്ടുണ്ടോ എന്നറിയില്ലെന്നുമാണ്‌ കഴിഞ്ഞദിവസം ഗോവ ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നതിനിടെ ഷാജി എൻ കരുൺ പ്രതികരിച്ചതു.

?... ചലച്ചിത്രമേളയിലേക്ക്‌ ചോദിച്ചിട്ടും കുട്ടിസ്രാങ്ക്‌ നൽകിയില്ല എന്ന അങ്ങയുടെ ആരോപണം ഷാജി എൻ കരുൺ നിഷേധിച്ചിരിക്കുകയാണല്ലോ? എന്താണ്‌ പറയാനുള്ളത്‌.

- അത്‌ നുണയാണ്‌. തിരുവനന്തപുരത്ത്‌ ഡിസംബർ 11 മുതൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിലേക്ക്‌ ഷാജി എൻ കരുണിന്റെ ചിത്രം ഞങ്ങൾ ആവശ്യപ്പെട്ടതാണ്‌. അതിന്റെ രേഖകൾ ഇവിടെയുണ്ട്‌. സാധാരണ നിലയിൽ നമ്മൾ നടത്തുന്ന ഫെസ്റ്റിവലിലേക്ക്‌ ഒരു സിനിമ ആവശ്യപ്പെടേണ്ട കാര്യമില്ല. എന്നിട്ടും ഞങ്ങൾ അദ്ദേഹത്തിന്റെ ചിത്രം ആവശ്യപ്പെട്ടുവേന്നതാണ്‌ സത്യം. ഇതേക്കുറിച്ച്‌ കൂടുതൽ വിവാദത്തിന്‌ ഞാനില്ല. എങ്കിലും ചില കാര്യങ്ങൾ പറയാതിരിക്കാൻ കഴിയില്ല. തിരുവനന്തപുരം ചലച്ചിത്രമേളയിലേക്ക്‌ സിനിമകൾ ക്ഷണിച്ചുകൊണ്ട്‌ പത്രങ്ങളിലും വെബ്സൈറ്റിലുമൊക്കെ അറിയിപ്പുകൾ പ്രസിദ്ധീകരിച്ചിരുന്നു. അങ്ങനെ എത്രയോ എൻട്രികൾ വന്നു. ലോകത്തെമ്പാടുമുള്ള വിഖ്യാത സംവിധായകരുടേതും മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുമൊക്കെ എൻട്രികൾ വരുന്നത്‌ ആ അറിയിപ്പിലൂടെയാണ്‌. എല്ലാ ഫെസ്റ്റിവലിലും അങ്ങനെയാണ്‌. എങ്കിലും ഷാജി മികച്ച സംവിധായകനായത്‌ കൊണ്ട്‌ നേരിട്ട്‌ ലെറ്റർ അയച്ചിട്ടുണ്ട്‌. നിർമ്മാതാക്കൾക്കും അയച്ചിട്ടുണ്ട്‌. ഇനി കൂടുതൽ വിവാദത്തിൽ താൽപ്പര്യമില്ല. ഞങ്ങൾ ഞങ്ങളുടെ വാദവും ഷാജി അദ്ദേഹത്തിന്റെ ഭാഗവും പറഞ്ഞുകഴിഞ്ഞു.

?... കുട്ടിസ്രാങ്കിന്റെ നിർമ്മാതാക്കളായ റിലയൻസ്‌ ഗ്രൂപ്പിനെതിരെ താങ്കൾ സംസാരിച്ചതു അദ്ദേഹത്തിനെതിരെയുള്ള പരോക്ഷമായ ആക്രമണമാണെന്നാണ്‌ ഷാജി എൻ കരുൺ പ്രതികരിച്ചിരിക്കുന്നത്‌.

- റിലയൻസിന്‌ എതിരായിട്ടല്ല ഞാൻ സംസാരിച്ചതു. വാസ്തവത്തിൽ ജൂറിയിലെ ഒരംഗം തന്നെ പറഞ്ഞു, റിലയൻസിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്താൻ ജൂറി ചെയർമാൻ നിർബന്ധം പിടിച്ചുവേന്ന്‌. അതിനെതിരായിട്ടാണ്‌ ഞാൻ പ്രതികരിച്ചതു.

?... കോർപ്പറേറ്റുകൾ മലയാള സിനിമാ നിർമ്മാണ രംഗത്തേക്ക്‌ കടന്നുവരുന്നതിനെക്കുറിച്ച്‌.

- കോർപ്പറേറ്റുകൾ നല്ല സിനിമയെടുക്കുന്നത്‌ നല്ല കാര്യമാണ്‌. ഞാനുമൊരു ചലച്ചിത്ര സംവിധായകനാണല്ലോ, എന്റെ ഒരു ചിത്രം ചെയ്യാമെന്ന്‌ റിലയൻസ്‌ സമ്മതിച്ചാൽ ഞാനും ചെയ്തെന്നിരിക്കും. പക്ഷെ സിനിമ ഒരു ജൂറിയുടെ മുമ്പിൽ വരുമ്പോൾ ജൂറി ചെയർമാൻ തന്നെ അതിന്‌ വേണ്ടി നിർബന്ധം പിടിക്കുന്നത്‌ ശരിയല്ല. റിലയൻസ്‌ എടുത്ത ചിത്രങ്ങൾ ഒരുപക്ഷേ ജൂറി ചെയർമാൻ പറയാതെ തന്നെ അംഗീകരിക്കപ്പെടേണ്ട ചിത്രങ്ങളായിരിക്കും. ഷാജി എൻ കരുൺ, ബുദ്ധദാസ്‌ ഗുപ്ത, എംഎസ്‌ സത്യു തുടങ്ങിയ പ്രശസ്തരായ സംവിധായകരുടെ പടങ്ങളാണല്ലോ റിലയൻസ്‌ നിർമ്മിച്ചതു. ഈ ചിത്രങ്ങൾ ആരും ഇടപെടാതെ തന്നെ തെരഞ്ഞെടുക്കപ്പെടും. പക്ഷെ ഇങ്ങനെ ജൂറി ചെയർമാൻ ഇടപെടൽ നടത്തിയെന്ന്‌ പറഞ്ഞതിന്റെ പേരിലാണ്‌ ഞാൻ പ്രതികരിച്ചതു. ഷാജിയെ കൊണ്ട്‌ എടുക്കുന്ന സിനിമകൾ വിജയിച്ചാൽ റിലയൻസ്‌ ഗ്രൂപ്പ്‌ മറ്റ്‌ സംവിധായകരെകൊണ്ടും സിനിമ ചെയ്യിക്കും. അത്‌ മലയാള സിനിമയ്ക്ക്‌ മുതൽക്കൂട്ടാവും. പക്ഷെ മറ്റുള്ള ശ്രമങ്ങൾ ശരിയല്ല എന്നാണ്‌ ഞാൻ പറയുന്നത്‌.

? തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇക്കുറി തെരഞ്ഞെടുക്കപ്പെട്ട സിനിമകൾ മികച്ച നിലവാരം പുലർത്തുന്നവയാണെന്നാണോ അങ്ങയുടെ വിശ്വാസം.

-തീർച്ചയായും, ഈ വർഷം മലയാളത്തിലുണ്ടായ ഏറ്റവും നല്ല സിനിമകൾ തന്നെയാണ്‌ ഈ ചലച്ചിത്രമേളയിൽ തെരഞ്ഞെടുത്തിരിക്കുന്നത്‌. ഇന്ത്യൻ സിനിമാ വിഭാഗത്തിലും ലോക സിനിമാ വിഭാഗത്തിലും മൽസര വിഭാഗത്തിലും മികച്ച സിനിമകൾ തന്നെയാണ്‌ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്ന്‌ യാതൊരു സംശയവും ഇല്ലാതെ പറയാൻ കഴിയും.

No comments: