ക്രിസ്മസ്‌ താരകങ്ങൾ മിഴിതുറന്നു: രാവുകൾക്ക്‌ ഇനി നക്ഷത്രത്തിളക്കം


സാൻറാക്ലോസിനെ വരവേൽക്കാൻ നാടൊരുങ്ങി. ക്രിസ്മസിന്‌ ദിനങ്ങളേറെയുണ്ടെങ്കിലും നഗരവീഥികളിൽ നക്ഷത്രത്തിളക്കം തുടങ്ങി. ഈ ക്രിസ്മസിനു പഴശ്ശിരാജയാണ്‌ നക്ഷത്രങ്ങളിലെ 'സ്റ്റാർ'. ബഹുവർണങ്ങളും നെടുങ്കൻ ചിറകുമെല്ലാം ചേർന്നുള്ള ഗാംഭീര്യമുള്ള രൂപം. ക്രിസ്മസ്‌ വിപണിയിലിറങ്ങിയ നക്ഷത്രത്തിന്റെ പേരാണ്‌ പഴശിരാജ. വീരയോദ്ധാവിന്റെ പേരിൽ മാത്രമല്ല നക്ഷത്രം. പുതിയമുഖം, നീലത്താമര, ലൗഡ്‌ സ്പീക്കർ... സമീപകാലത്തിറങ്ങിയ സിനിമകളുടെ പേരാണ്‌ ക്രിസ്മസ്‌ സ്റ്റാറുകൾക്കേറെയും. രണ്ടു രൂപ വിലയുള്ള ചെറുതാരകമാണ്‌ നക്ഷത്ര വിപണിയിലെ ഇളംതലമുറക്കാരൻ. ബഹുവർണത്തിൽ ഇരുപതോളം ചിറകുകളുള്ള 280 രൂപയുടെ നക്ഷത്രം വലിപ്പത്തിലും വിലയിലും മുമ്പിലുണ്ട്‌. ഇടത്തരം വലുപ്പമുള്ള നക്ഷത്രങ്ങൾക്കാണു ഡിമാൻഡ്‌. അഞ്ചു വിംഗ്സുള്ള നക്ഷത്രമെന്ന പരമ്പരാഗത ശൈലി വിട്ട്‌ വട്ടത്തിലേക്ക്‌ നക്ഷത്രങ്ങളുടെ രൂപമാറ്റം. അലുക്കുകൾ പോലെ ഭംഗിയുള്ള മടക്കുകളും മനോഹരമായ ഡിസൈനുകളുമുള്ളവയാണ്‌ പ്രധാന ആകർഷണം.
പൈങ്കിളി ഭംഗി മാത്രമല്ല, സ്റ്റൈലൻ പേരുള്ള നക്ഷത്രങ്ങളും മാർക്കറ്റിൽ തൂങ്ങിയിറങ്ങി. മടക്കാൻ പറ്റാത്ത നക്ഷത്രമാണ്‌ ഡോം സ്റ്റാർ. നൂറു രൂപ മുതലാണു വില. വെള്ളയിൽ പച്ച നിറം കലർത്തിയ നക്ഷത്രമാണു സ്വ.ലേ. ഉണ്ണിയേശുവിന്റെയും മാലാഖയുടെയും ചിത്രങ്ങളുള്ള നക്ഷത്രങ്ങളുമുണ്ട്‌. കൗതുകകരമായ ഡിസൈനുകളിലുള്ള നക്ഷത്രങ്ങളുടെ കടന്നു കയറ്റത്തോടെ വാൽ നക്ഷത്രങ്ങളുടെ ഡിമാൻഡ്‌ കുറഞ്ഞു. പല ഷോപ്പുകളെയും വാൽനക്ഷത്രങ്ങൾ അലങ്കരിക്കുന്നുണ്ടെങ്കിലും രൂപത്തിൽ പുതുമയുള്ള നക്ഷത്രങ്ങളാണു കൂടുതലായി വിറ്റഴിയുന്നത്‌.
ക്രിസ്മസ്‌ ട്രീയും അലങ്കാരവസ്തുക്കളുമാണു വിപണിയിലെ ശ്രദ്ധേയമായ മറ്റൊരിനം. വലുപ്പമില്ലാത്ത പ്ലാസ്റ്റിക്‌ ക്രിസ്മസ്‌ ട്രീകളുടെ ആവശ്യക്കാർ ഫ്ലാറ്റുകളിലെ താമസക്കാരാണ്‌. അധികം വലുപ്പമില്ലാത്ത പ്ലാസ്റ്റിക്‌ ക്രിസ്മസ്‌ ട്രീക്ക്‌ 225 രൂപയാണു വില. അൽപ്പം കൂടി വലുപ്പമുള്ളവയ്ക്കു 650 രൂപയ്ക്കു മുകളിൽ വില വരും. ക്രിസ്മസ്‌ ട്രീ അലങ്കരിക്കാൻ ഭംഗിയുള്ള ചെറിയ വസ്തുക്കളും ലഭിക്കും. സാൻറാക്ലോസിൻറെ ചെറിയ രൂപം, പല നിറത്തിലുള്ള ബോളുകൾ, ഗിഫ്റ്റ്‌ ബോക്സിൻറെ ചെറിയ രൂപങ്ങൾ തുടങ്ങിയവയും അലങ്കാരവസ്തുക്കളിൽപ്പെടുന്നു. സാൻറാക്ലോസിന്റെ ചെറിയ രൂപത്തിന്‌ 24 രൂപയാണു വില. ക്രിസ്മസ്‌ ട്രീയിൽ തൂക്കിയിടുന്ന പല നിറത്തിലുള്ള ബോളുകൾ 10 രൂപ മുതൽ ലഭിക്കും. മുന്തിരിക്കുലയുടെ മാതൃകയിൽ പല നിറത്തിലുള്ള ബോളുകൾക്കു 36 രൂപ മുതലാണു വില. ഗോൾഡൻ, സിൽവർ, നീല, പച്ച നിറങ്ങളിൽ ഇവ ലഭിക്കും. ഇവ കൂടാതെ സാൻറാക്ലോസിൻറെ ബലൂൺ സ്റ്റാച്യൂകളും വിപണിയെ അലങ്കരിക്കുന്നു. 2500 രൂപയിലേറെയാണ്‌ ഇവയുടെ വില. ഏതായാലും വിലയല്ല ക്രിസ്മസ്‌ വിപണിയിലെ നക്ഷത്രത്തിളക്കത്തിന്‌ മാറ്റ്‌ കൂട്ടുന്നതെന്ന്‌ വ്യക്തം...

No comments: