ക്രിസ്മസ്‌ താരകങ്ങൾ മിഴിതുറന്നു: രാവുകൾക്ക്‌ ഇനി നക്ഷത്രത്തിളക്കം


സാൻറാക്ലോസിനെ വരവേൽക്കാൻ നാടൊരുങ്ങി. ക്രിസ്മസിന്‌ ദിനങ്ങളേറെയുണ്ടെങ്കിലും നഗരവീഥികളിൽ നക്ഷത്രത്തിളക്കം തുടങ്ങി. ഈ ക്രിസ്മസിനു പഴശ്ശിരാജയാണ്‌ നക്ഷത്രങ്ങളിലെ 'സ്റ്റാർ'. ബഹുവർണങ്ങളും നെടുങ്കൻ ചിറകുമെല്ലാം ചേർന്നുള്ള ഗാംഭീര്യമുള്ള രൂപം. ക്രിസ്മസ്‌ വിപണിയിലിറങ്ങിയ നക്ഷത്രത്തിന്റെ പേരാണ്‌ പഴശിരാജ. വീരയോദ്ധാവിന്റെ പേരിൽ മാത്രമല്ല നക്ഷത്രം. പുതിയമുഖം, നീലത്താമര, ലൗഡ്‌ സ്പീക്കർ... സമീപകാലത്തിറങ്ങിയ സിനിമകളുടെ പേരാണ്‌ ക്രിസ്മസ്‌ സ്റ്റാറുകൾക്കേറെയും. രണ്ടു രൂപ വിലയുള്ള ചെറുതാരകമാണ്‌ നക്ഷത്ര വിപണിയിലെ ഇളംതലമുറക്കാരൻ. ബഹുവർണത്തിൽ ഇരുപതോളം ചിറകുകളുള്ള 280 രൂപയുടെ നക്ഷത്രം വലിപ്പത്തിലും വിലയിലും മുമ്പിലുണ്ട്‌. ഇടത്തരം വലുപ്പമുള്ള നക്ഷത്രങ്ങൾക്കാണു ഡിമാൻഡ്‌. അഞ്ചു വിംഗ്സുള്ള നക്ഷത്രമെന്ന പരമ്പരാഗത ശൈലി വിട്ട്‌ വട്ടത്തിലേക്ക്‌ നക്ഷത്രങ്ങളുടെ രൂപമാറ്റം. അലുക്കുകൾ പോലെ ഭംഗിയുള്ള മടക്കുകളും മനോഹരമായ ഡിസൈനുകളുമുള്ളവയാണ്‌ പ്രധാന ആകർഷണം.
പൈങ്കിളി ഭംഗി മാത്രമല്ല, സ്റ്റൈലൻ പേരുള്ള നക്ഷത്രങ്ങളും മാർക്കറ്റിൽ തൂങ്ങിയിറങ്ങി. മടക്കാൻ പറ്റാത്ത നക്ഷത്രമാണ്‌ ഡോം സ്റ്റാർ. നൂറു രൂപ മുതലാണു വില. വെള്ളയിൽ പച്ച നിറം കലർത്തിയ നക്ഷത്രമാണു സ്വ.ലേ. ഉണ്ണിയേശുവിന്റെയും മാലാഖയുടെയും ചിത്രങ്ങളുള്ള നക്ഷത്രങ്ങളുമുണ്ട്‌. കൗതുകകരമായ ഡിസൈനുകളിലുള്ള നക്ഷത്രങ്ങളുടെ കടന്നു കയറ്റത്തോടെ വാൽ നക്ഷത്രങ്ങളുടെ ഡിമാൻഡ്‌ കുറഞ്ഞു. പല ഷോപ്പുകളെയും വാൽനക്ഷത്രങ്ങൾ അലങ്കരിക്കുന്നുണ്ടെങ്കിലും രൂപത്തിൽ പുതുമയുള്ള നക്ഷത്രങ്ങളാണു കൂടുതലായി വിറ്റഴിയുന്നത്‌.
ക്രിസ്മസ്‌ ട്രീയും അലങ്കാരവസ്തുക്കളുമാണു വിപണിയിലെ ശ്രദ്ധേയമായ മറ്റൊരിനം. വലുപ്പമില്ലാത്ത പ്ലാസ്റ്റിക്‌ ക്രിസ്മസ്‌ ട്രീകളുടെ ആവശ്യക്കാർ ഫ്ലാറ്റുകളിലെ താമസക്കാരാണ്‌. അധികം വലുപ്പമില്ലാത്ത പ്ലാസ്റ്റിക്‌ ക്രിസ്മസ്‌ ട്രീക്ക്‌ 225 രൂപയാണു വില. അൽപ്പം കൂടി വലുപ്പമുള്ളവയ്ക്കു 650 രൂപയ്ക്കു മുകളിൽ വില വരും. ക്രിസ്മസ്‌ ട്രീ അലങ്കരിക്കാൻ ഭംഗിയുള്ള ചെറിയ വസ്തുക്കളും ലഭിക്കും. സാൻറാക്ലോസിൻറെ ചെറിയ രൂപം, പല നിറത്തിലുള്ള ബോളുകൾ, ഗിഫ്റ്റ്‌ ബോക്സിൻറെ ചെറിയ രൂപങ്ങൾ തുടങ്ങിയവയും അലങ്കാരവസ്തുക്കളിൽപ്പെടുന്നു. സാൻറാക്ലോസിന്റെ ചെറിയ രൂപത്തിന്‌ 24 രൂപയാണു വില. ക്രിസ്മസ്‌ ട്രീയിൽ തൂക്കിയിടുന്ന പല നിറത്തിലുള്ള ബോളുകൾ 10 രൂപ മുതൽ ലഭിക്കും. മുന്തിരിക്കുലയുടെ മാതൃകയിൽ പല നിറത്തിലുള്ള ബോളുകൾക്കു 36 രൂപ മുതലാണു വില. ഗോൾഡൻ, സിൽവർ, നീല, പച്ച നിറങ്ങളിൽ ഇവ ലഭിക്കും. ഇവ കൂടാതെ സാൻറാക്ലോസിൻറെ ബലൂൺ സ്റ്റാച്യൂകളും വിപണിയെ അലങ്കരിക്കുന്നു. 2500 രൂപയിലേറെയാണ്‌ ഇവയുടെ വില. ഏതായാലും വിലയല്ല ക്രിസ്മസ്‌ വിപണിയിലെ നക്ഷത്രത്തിളക്കത്തിന്‌ മാറ്റ്‌ കൂട്ടുന്നതെന്ന്‌ വ്യക്തം...

ഷാജി എൻ കരുൺ പറയുന്നത്‌ നുണയെന്ന്‌ അക്കാദമി ചെയർമാൻ



തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലേക്ക്‌ 'കുട്ടിസ്രാങ്ക്‌' ആവശ്യപ്പെട്ടിട്ടില്ലെന്ന സംവിധായകൻ ഷാജി എൻ കരുണിന്റെ അഭിപ്രായം നുണയാണെന്ന്‌ ചലച്ചിത്ര അക്കാദമി ചെയർമാൻ കെ ആർ മോഹനൻ. ചലച്ചിത്ര അക്കാദമി ചെയർമാനോ വൈസ്‌ ചെയർമാനോ ആർട്ടിസ്റ്റിക്‌ ഡയറക്ടറോ തന്നോട്‌ ഫോണിലൂടെയോ അല്ലാതെയോ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും നിർമ്മാതാക്കളോട്‌ ചോദിച്ചിട്ടുണ്ടോ എന്നറിയില്ലെന്നുമാണ്‌ കഴിഞ്ഞദിവസം ഗോവ ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നതിനിടെ ഷാജി എൻ കരുൺ പ്രതികരിച്ചതു.

?... ചലച്ചിത്രമേളയിലേക്ക്‌ ചോദിച്ചിട്ടും കുട്ടിസ്രാങ്ക്‌ നൽകിയില്ല എന്ന അങ്ങയുടെ ആരോപണം ഷാജി എൻ കരുൺ നിഷേധിച്ചിരിക്കുകയാണല്ലോ? എന്താണ്‌ പറയാനുള്ളത്‌.

- അത്‌ നുണയാണ്‌. തിരുവനന്തപുരത്ത്‌ ഡിസംബർ 11 മുതൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിലേക്ക്‌ ഷാജി എൻ കരുണിന്റെ ചിത്രം ഞങ്ങൾ ആവശ്യപ്പെട്ടതാണ്‌. അതിന്റെ രേഖകൾ ഇവിടെയുണ്ട്‌. സാധാരണ നിലയിൽ നമ്മൾ നടത്തുന്ന ഫെസ്റ്റിവലിലേക്ക്‌ ഒരു സിനിമ ആവശ്യപ്പെടേണ്ട കാര്യമില്ല. എന്നിട്ടും ഞങ്ങൾ അദ്ദേഹത്തിന്റെ ചിത്രം ആവശ്യപ്പെട്ടുവേന്നതാണ്‌ സത്യം. ഇതേക്കുറിച്ച്‌ കൂടുതൽ വിവാദത്തിന്‌ ഞാനില്ല. എങ്കിലും ചില കാര്യങ്ങൾ പറയാതിരിക്കാൻ കഴിയില്ല. തിരുവനന്തപുരം ചലച്ചിത്രമേളയിലേക്ക്‌ സിനിമകൾ ക്ഷണിച്ചുകൊണ്ട്‌ പത്രങ്ങളിലും വെബ്സൈറ്റിലുമൊക്കെ അറിയിപ്പുകൾ പ്രസിദ്ധീകരിച്ചിരുന്നു. അങ്ങനെ എത്രയോ എൻട്രികൾ വന്നു. ലോകത്തെമ്പാടുമുള്ള വിഖ്യാത സംവിധായകരുടേതും മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുമൊക്കെ എൻട്രികൾ വരുന്നത്‌ ആ അറിയിപ്പിലൂടെയാണ്‌. എല്ലാ ഫെസ്റ്റിവലിലും അങ്ങനെയാണ്‌. എങ്കിലും ഷാജി മികച്ച സംവിധായകനായത്‌ കൊണ്ട്‌ നേരിട്ട്‌ ലെറ്റർ അയച്ചിട്ടുണ്ട്‌. നിർമ്മാതാക്കൾക്കും അയച്ചിട്ടുണ്ട്‌. ഇനി കൂടുതൽ വിവാദത്തിൽ താൽപ്പര്യമില്ല. ഞങ്ങൾ ഞങ്ങളുടെ വാദവും ഷാജി അദ്ദേഹത്തിന്റെ ഭാഗവും പറഞ്ഞുകഴിഞ്ഞു.

?... കുട്ടിസ്രാങ്കിന്റെ നിർമ്മാതാക്കളായ റിലയൻസ്‌ ഗ്രൂപ്പിനെതിരെ താങ്കൾ സംസാരിച്ചതു അദ്ദേഹത്തിനെതിരെയുള്ള പരോക്ഷമായ ആക്രമണമാണെന്നാണ്‌ ഷാജി എൻ കരുൺ പ്രതികരിച്ചിരിക്കുന്നത്‌.

- റിലയൻസിന്‌ എതിരായിട്ടല്ല ഞാൻ സംസാരിച്ചതു. വാസ്തവത്തിൽ ജൂറിയിലെ ഒരംഗം തന്നെ പറഞ്ഞു, റിലയൻസിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്താൻ ജൂറി ചെയർമാൻ നിർബന്ധം പിടിച്ചുവേന്ന്‌. അതിനെതിരായിട്ടാണ്‌ ഞാൻ പ്രതികരിച്ചതു.

?... കോർപ്പറേറ്റുകൾ മലയാള സിനിമാ നിർമ്മാണ രംഗത്തേക്ക്‌ കടന്നുവരുന്നതിനെക്കുറിച്ച്‌.

- കോർപ്പറേറ്റുകൾ നല്ല സിനിമയെടുക്കുന്നത്‌ നല്ല കാര്യമാണ്‌. ഞാനുമൊരു ചലച്ചിത്ര സംവിധായകനാണല്ലോ, എന്റെ ഒരു ചിത്രം ചെയ്യാമെന്ന്‌ റിലയൻസ്‌ സമ്മതിച്ചാൽ ഞാനും ചെയ്തെന്നിരിക്കും. പക്ഷെ സിനിമ ഒരു ജൂറിയുടെ മുമ്പിൽ വരുമ്പോൾ ജൂറി ചെയർമാൻ തന്നെ അതിന്‌ വേണ്ടി നിർബന്ധം പിടിക്കുന്നത്‌ ശരിയല്ല. റിലയൻസ്‌ എടുത്ത ചിത്രങ്ങൾ ഒരുപക്ഷേ ജൂറി ചെയർമാൻ പറയാതെ തന്നെ അംഗീകരിക്കപ്പെടേണ്ട ചിത്രങ്ങളായിരിക്കും. ഷാജി എൻ കരുൺ, ബുദ്ധദാസ്‌ ഗുപ്ത, എംഎസ്‌ സത്യു തുടങ്ങിയ പ്രശസ്തരായ സംവിധായകരുടെ പടങ്ങളാണല്ലോ റിലയൻസ്‌ നിർമ്മിച്ചതു. ഈ ചിത്രങ്ങൾ ആരും ഇടപെടാതെ തന്നെ തെരഞ്ഞെടുക്കപ്പെടും. പക്ഷെ ഇങ്ങനെ ജൂറി ചെയർമാൻ ഇടപെടൽ നടത്തിയെന്ന്‌ പറഞ്ഞതിന്റെ പേരിലാണ്‌ ഞാൻ പ്രതികരിച്ചതു. ഷാജിയെ കൊണ്ട്‌ എടുക്കുന്ന സിനിമകൾ വിജയിച്ചാൽ റിലയൻസ്‌ ഗ്രൂപ്പ്‌ മറ്റ്‌ സംവിധായകരെകൊണ്ടും സിനിമ ചെയ്യിക്കും. അത്‌ മലയാള സിനിമയ്ക്ക്‌ മുതൽക്കൂട്ടാവും. പക്ഷെ മറ്റുള്ള ശ്രമങ്ങൾ ശരിയല്ല എന്നാണ്‌ ഞാൻ പറയുന്നത്‌.

? തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇക്കുറി തെരഞ്ഞെടുക്കപ്പെട്ട സിനിമകൾ മികച്ച നിലവാരം പുലർത്തുന്നവയാണെന്നാണോ അങ്ങയുടെ വിശ്വാസം.

-തീർച്ചയായും, ഈ വർഷം മലയാളത്തിലുണ്ടായ ഏറ്റവും നല്ല സിനിമകൾ തന്നെയാണ്‌ ഈ ചലച്ചിത്രമേളയിൽ തെരഞ്ഞെടുത്തിരിക്കുന്നത്‌. ഇന്ത്യൻ സിനിമാ വിഭാഗത്തിലും ലോക സിനിമാ വിഭാഗത്തിലും മൽസര വിഭാഗത്തിലും മികച്ച സിനിമകൾ തന്നെയാണ്‌ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്ന്‌ യാതൊരു സംശയവും ഇല്ലാതെ പറയാൻ കഴിയും.

സിനിമയുടെ ലോകജാലകം തുറക്കുന്നു





മലയാളിയുടെ കാഴ്ചാശീലങ്ങൾ മാറ്റിമറിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയാണ്‌ അനന്തപുരിയുടെ ഇന്നത്തെ വർത്തമാനം. പ്രേക്ഷക ഹൃദയത്തോട്‌ സംവദിക്കുന്ന ലാറ്റിനമേരിക്കൻ ചിത്രങ്ങൾ, യാതനകളും പലായനത്തിന്റെ വിഹ്വലതകളും പ്രണയവും ചെറുത്തുനിൽപ്പുകളും പ്രമേയമാക്കിയ ആഫ്രോ-ഏഷ്യൻ സിനിമകൾ... തിയേറ്ററിന്റെ ഇരുട്ടിൽ ഇനിയുള്ളത്‌ ഈ ചിത്രങ്ങളും പ്രേക്ഷകനും മാത്രം. ഒപ്പം ചൂടേറിയ ചലച്ചിത്ര ചർച്ചകൾ ഓപ്പൺ ഫോറത്തിലും മികവിന്റെ തർക്കങ്ങൾ തിയേറ്ററുകൾക്ക്‌ പുറത്തും സജീവമാകുന്ന ദിനരാത്രങ്ങളാണ്‌ തലസ്ഥാന നഗരത്തിന്റേത്‌.
ഡിസംബർ 11-ന്‌ തുർക്കി സംവിധായകൻ ഇനാക്കിന്റെ 'എ സ്റ്റെപ്പ്‌ ഇൻ ടു ഡാർക്ക്നെസ്സ്‌' എന്ന ചിത്രം വെള്ളിത്തിരയിൽ വെളിച്ചമാകുന്നതോടെ പതിനാലാമത്‌ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക്‌ തുടക്കമാകും. എട്ടുദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്രമേളയിൽ 164 ചിത്രങ്ങൾ പതിനൊന്ന്‌ പാക്കേജുകളിലായി പ്രദർശിപ്പിക്കും. മറ്റ്‌ രാജ്യാന്തരമേളകൾ 'ബുദ്ധിജീവി' മേളകളാകുമ്പോൾ കേരളത്തിന്റെ ഫിലിം ഫെസ്റ്റിവൽ സാധാരണക്കാരന്റേത്‌ കൂടിയാണ്‌. അവരും കാത്തിരിക്കുന്നു; ആന്ദ്രെ വെയ്ദയുടെയും ക്രിസ്തോഫ്‌ സന്നൂസിയുടെയും പെട്രോ അൽമദോവറിന്റെയും കിം കിം ഡൂക്കിന്റെയും മികച്ച ചിത്രങ്ങൾ കാണാൻ. ലോക ശ്രദ്ധ നേടിയ നവാഗത സംവിധായകരായ കെൻലോചി, ഏലിയാസ്‌ സുലൈമാൻ, അബ്ബാസ്‌ കിരോസ്തമി, മർഗ്രത്തേ പോൺ ട്രോറ്റ, ഓങ്ങ്ലി, ജാക്വസ്‌ റിവേറ്റ തുടങ്ങിയവർ പ്രമേയത്തിലും അവതരണ രീതിയിലും കയ്യടക്കിയ മാജിക്‌ അറിയാൻ...
ചലച്ചിത്രമേളയിലെ ശ്രദ്ധേയമായ ഇനം മൽസരവിഭാഗം തന്നെയാണ്‌. മലയാളത്തിൽ നിന്നുള്ള സൂഫി പറഞ്ഞ കഥ, മധ്യവേനൽ എന്നിവയുൾപ്പെടെ ആഫ്രോ-ഏഷ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ പതിനാലു ചിത്രങ്ങളുമാണ്‌ മാറ്റുരയ്ക്കുന്നത്‌. അർജന്റീനയിൽ നിന്ന്‌ രണ്ടും അൽജീരിയ, ദക്ഷിണാഫ്രിക്ക, തുർക്കി, ഇൻഡോനേഷ്യ, ഖസാക്കിസ്ഥാൻ, താജ്ജിക്കിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നും ഓരോ ചിത്രങ്ങളും മത്സരത്തിനെത്തുന്നുണ്ട്‌. സേനഗൽ-ഫ്രാൻസ്‌, ബെൽജിയം-ക്യുബ-ഉറുഗ്വേ സംയുക്ത സംരംഭങ്ങളായി ഓരോ ചിത്രങ്ങളുമുണ്ട്‌. ഇന്ത്യയിൽ നിന്ന്‌ മൂൻഞ്ചിത്രങ്ങളുണ്ട്‌. എഡ്വേർഡ്‌ സ്പാഗ്ന്യൂൾ സംവിധാനം ചെയ്ത അർജന്റീനീയൻ ചിത്രം ഹൊമെറോ മാൻസി, എ പൊയറ്റ്‌ ഇൻ ദ്‌ സ്റ്റോം, സമോം ഫാത്മ സോഹ്‌റ യുടെ അൺലക്കി, അൾജീരിയ) മഡോദ സായിയാനയുടെ മൈ സീക്രഡ്‌ സ്കൈസ്‌ (സൗത്ത്‌ ആഫ്രിക്ക), മെലിക്‌ സറക്കോഗിലിന്റെ ദേർ /ഒരാഡ (ടർക്കി), രവി എൽ ഭർവാണിയും രയ്യ മകാരിമും ചേർന്ന്‌ സംവിധാനം ചെയ്ത ഫിഷിംഗ്‌ പ്ലാറ്റ്‌ ഫോം (ഇന്തോനേഷ്യ), മാമ കീതയുടെ ദ സേനഗൾ), ദോഷൻ ഷോൾസ്‌ കിനോവ്‌, റിംബെക്‌ ആൾഫെൻ എന്നിവർ സംവിധാനം ചെയ്ത ബ്രിഷാൻ സാൽ (ഖസാക്കിസ്ഥാൻ), നോസിറ്‌ സിയദോവിന്റെ ട്രൂ നൂൺ (തജ്ജിക്കിസ്ഥാൻ), അസ്ഗർ ഫർഹദിയുടെ എബൗട്ട്‌ എല്ലി (ഇറാൻ), ഗബ്രിയേല ഡേവിഡിന്റെ എ ഫ്ലൈ ഇൻ ദി ആഷെസ്‌ (അർജന്റീന)എന്നിവയാണ്‌ മത്സരത്തിനെത്തുന്ന വിദേശ ചിത്രങ്ങൾ. അമിത്‌ റായിയുടെ റോഡ്‌ ടു കോൺഫ്ലുവൻസ്‌, പ്രിയനന്ദനന്റെ സൂഫി പറഞ്ഞ കഥ മധു കൈത്രപ്രത്തിന്റെ മധ്യവേനൽ എന്നിവയാണ്‌ ഇന്ത്യൻ ചിത്രങ്ങൾ.
മികച്ച ചിത്രത്തിന്‌ സുവർണ ചകോരവും 10 ലക്ഷം രൂപയുമാണ്‌ സമ്മാനം . മികച്ച സംവിധായകൻ, നവാഗത സംവിധായകൻ, പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകൻ എന്നിവർക്ക്‌ രജത ചകോരവും യഥാക്രമം മൂന്ന്‌ ലക്ഷം, രണ്ടു ലക്ഷം,ഒരു ലക്ഷം രൂപ വീതവും ലഭിക്കും. മികച്ച മലയാള ചിത്രത്തിന്‌ ഫിലിം ക്രിട്ടിക്സിന്റെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രസിയുടേയും നെറ്റ്പാക്കിന്റേയും അവാർഡുണ്ട്‌. മികച്ച ഏഷ്യൻ സിനിമക്കും നെറ്റ്പാക്ക്‌ പുരസ്ക്കാരം ഏർപ്പെടുത്തിയിട്ടുണ്ട്‌. മികച്ച ഇന്ത്യൻ നവാഗത സംവിധായകന്‌ മീരാ നായർ ഏർപ്പെടുത്തിയ ഹസ്സൻ കുട്ടി അവാർഡ്‌ മേളയിൽ നൽകും. ലോകസിനിമക്ക്‌ നൽകിയ സംഭാവനകളെ വിലയിരുത്തി സമഗ്രസംഭാവനക്കുള്ള പുരസ്കാരവും ഈ വർഷം മുതൽ നൽകുന്നുണ്ട്‌. മൂന്നു ലക്ഷം രൂപയാണ്‌ അവാർഡ്‌ തുക.
ലോകപ്രശസ്തരായ സിനിമാ വ്യക്തിത്വങ്ങളാണ്‌ ജൂറിയിലുള്ളത്‌. ജൂറി ചെയർപേഴ്സൺ പ്രശസ്ത ഇറാനിയൻ സംവിധായകൻ ബഹ്മാൻ ഘോബാരിയാണ്‌. പ്രസന്ന വിത്ണാരജ്‌ (ശ്രീലങ്ക), ബാലുഫൂ (കോംങ്കോ), മംത ശങ്കർ (ഇന്ത്യ), ഹല ഖലീസി (ഈജിപ്ത്‌) എന്നിവരാണ്‌ ജൂറി അംഗങ്ങൾ. ഹസ്സൻകുട്ടി അവാർഡിന്റെ ജൂറി ചെയർപേഴ്സൺ സയ്ദ്‌ മിർസയാണ്‌. നെറ്റ്പാക്ക്‌ ജൂറിയിൽ പ്രശസ്ത തമിഴ്‌ സംവിധായകനും നടനുമായ ചേരനും ഉണ്ടാകും.
ആകെ എട്ടു വേദികൾ. ഈ വേദികളിൽ പ്രദർശിപ്പിക്കുന്ന വിഖ്യാത ചിത്രങ്ങൾ കാണാൻ എത്തുന്നത്‌ എണ്ണായിരത്തോളം ഡെലിഗേറ്റുകൾ. ആയിരത്തോളം വിദ്യാർത്ഥികളും എണ്ണൂറിലേറെ മാധ്യമ പ്രവർത്തകരും പ്രതിനിധികളുടെ കൂട്ടത്തിലുണ്ടാവും. എല്ലാ വേദികളിലേയും മുഴുവൻ സീറ്റുകളിലും പ്രവേശനം നൽകിയാലും ഈ വൻസംഘത്തെ പൂർണ്ണമായി ഉൾക്കൊള്ളാനാവില്ല. എങ്കിലും അവർ വരുന്നു, സിനിമ ആസ്വദിക്കുന്നു, ഉല്ലസിക്കുന്നു, ചിലർ പഠിക്കാൻ ശ്രമിക്കുന്നു. ശരിക്കും ഒരുത്സവ പ്രതീതി തന്നെയാണ്‌ ഒരാഴ്ചത്തെ നഗരക്കാഴ്ചകൾ.
കേരള രാജ്യാന്തര ചലച്ചിത്ര മേളയെ വ്യത്യസ്തമാക്കുന്നത്‌ ഈ ജനകീയ പങ്കാളിത്തം തന്നെയാണ്‌. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ അരങ്ങേറുന്നവയിൽ ഭൂരിഭാഗവും സമ്പന്നതയുടെ മേളകളാവുമ്പോൾ മലയാളത്തിന്റെ സ്വന്തം ചലച്ചിത്രമേളയെ ചുമലിലേറ്റുന്നത്‌ സാധാരണക്കാരാണ്‌. പതിനാലാം വർഷത്തിലെത്തി നിൽക്കുന്ന കേരള ചലച്ചിത്ര മേളയുടെ ഖ്യാതി ഉയർത്തുന്നതിൽ ഈ ആസ്വാദകവൃന്ദം വലിയ പങ്കു വഹിക്കുന്നുണ്ട്‌. വർഷം കഴിയുന്തോറും ആസ്വാദന നിലവാരമേറി വരുന്നുണ്ടെന്നാണ്‌ ഇവിടെ സ്ഥിരമായെത്തുന്ന ചില വിദേശ പ്രതിനിധികൾ പോലും പറയുന്നത്‌. ലോകത്തെ 10 പ്രശസ്ത ചലച്ചിത്രമേളകളുടെ പ്രതിനിധികൾ ഇപ്പോൾ തിരുവനന്തപുരത്തുണ്ട്‌ തങ്ങളുടെ മേളകളിലേക്കു ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ. കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്‌ൿഅവർ കൽപിക്കുന്ന പ്രാധാന്യം മനസ്സിലാക്കാൻ ഇക്കാര്യം മാത്രം മതി.
മേളയിലെ റെട്രോസ്പെക്ടീവ്‌ വിഭാഗത്തിൽ അഞ്ച്‌ പ്രസിദ്ധ സംവിധായകരുടെ 29 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ആർതൂർ റിപ്സ്റ്റെൻ, ജപ്പാനിലെ മിക്കിയോ നാറൂസ,​‍്‌ ഫ്രാൻസിലെ ജാക്വിസ്‌ താതി, ഇന്ത്യയിൽ നിന്ന്‌ മൃണാൾസേൻ, ലോഹിതദാസ്‌ എന്നിവരുടെ ചിത്രങ്ങളാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്‌. കാൻ ഫെസ്റ്റിവലിൽ ഗോൾഡൻ പാം നേടിയ ദി ക്വീൻ ഓഫ്‌ ദി നൈറ്റ്‌, ദി പ്ലേസ്‌ വിത്തൗട്ട്‌ ലിമിറ്റ്സ്‌, ദി റെലം ഓഫ്‌ ഫോർച്യൂൺ, ദി ബിഗിനിംഗ്‌ ആന്റ്‌ ദി എൻഡ്‌, കാസിൽ ഓഫ്‌ പ്യൂരിറ്റി, ഡിവൈൻ, ദി റൂയിനേഷൻ ഓഫ്‌ മെൻ എന്നിവ ഈ വിഭാഗത്തിലുണ്ട്‌. ജപ്പാനിലെ സ്ത്രീ സമൂഹത്തിന്റെ സങ്കീർണതകളെ ദൃശ്യവൽക്കരിച്ച്‌ ലോക സിനിമാ ഭൂപടത്തിൽ സ്ഥാനം കണ്ടെത്തിയ മിക്കിയോ നാറൂസിന്റെ അഞ്ച്‌ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
വ്യക്തമായ സാമൂഹ്യ കാഴ്ചപ്പാടും, ചരിത്രബോധവും, ദൃശ്യാഖ്യാനങ്ങളിൽ ഉൾച്ചേർത്ത്‌ ലോകസിനിമാ ചരിത്രത്തിൽ തനതായ സ്ഥാനം രേഖപ്പെടുത്തിയ ക്യൂബൻ സിനിമയാണ്‌ ഫോക്കസ്‌ വിഭാഗത്തിൽ. ലോക സിനിമയിലെ അതികായൻമാരായ തോമസ്‌ എലിയ, ഹംബർട്ടോ സൊളാസ്‌ എന്നിവരുടേതുൾപ്പെടെ ഒമ്പത്‌ ചിത്രങ്ങൾ ഈ വിഭാഗത്തിലുണ്ട്‌. ഹംബർട്ടോ സൊളാസിന്റെ ലൂസിയ, തോമസ്‌ എലിയയുടെ മെമ്മറീസ്‌ ഓഫ്‌ അണ്ടർ ഡെവലപ്‌മന്റ്‌, ലാസ്റ്റ്‌ സപ്പർ എന്നിവയാണ്‌ മേളയിലുള്ളത്‌. മൂന്ന്‌ സ്ത്രീ കഥാപാത്രങ്ങളിലൂടെ ക്യൂബയുടെ ചരിത്രത്തിലെ മൂന്ന്‌ കാലഘട്ടങ്ങളെ ആവിഷ്ക്കരിക്കുന്ന ലൂസിയ, ക്യൂബൻ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ഒരു അവികസിത രാജ്യത്തിന്റെ ഗതിവിഗതികൾ ചർച്ച ചെയ്യുന്ന മെമ്മറീസ്‌ ഓഫ്‌ അണ്ടർ ഡെവലപ്‌മന്റ്‌, 18-​‍ാം നൂറ്റാണ്ടിൽ ക്യൂബയിലെ ഒരു ഷുഗർമിൽ മുതലാളി ലാസ്റ്റ്‌ സപ്പർ പുനരാവിഷ്ക്കരിച്ച്‌ സ്വയം ക്രിസ്തുവാകുകയും ഭൃത്യൻമാരിൽ നിന്ന്‌ 12 പേരെ അടിമകളായി തെരഞ്ഞെടുക്കുന്ന ലാസ്റ്റ്‌ സപ്പർ എന്നീ ചിത്രവും മേളയെ ശ്രദ്ധേയമാക്കും. സിറ്റി ഇൻ റെഡ്‌, പേജസ്‌ ഫ്രം മൗറീഷ്യസ്‌ ഡയറി, ദി മാൻ ഫ്രം മയിസിൻഷ്യു, വിവ ക്യൂബ, ഒമെർട്ട, ദി സില്ലി ഏജ്‌ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്‌.
അറുപതുകളിൽ ഒരുകൂട്ടം സർഗ്ഗധനരായ സംവിധായകരെ ലോകസിനിമയ്ക്ക്‌ സംഭാവന ചെയ്ത ഫ്രഞ്ച്‌ ചിത്രങ്ങൾ തന്നെയായിരിക്കും ഇക്കുറി ചലച്ചിത്രമേളയിൽ ചർച്ചയാവുകയെന്നാണ്‌ വിലയിരുത്തൽ. ഇറ്റാലിയൻ നിയോറിയലിസത്താലും ക്ലാസിക്കൽ ഹോളിവുഡ്‌ സിനിമയാലും സ്വാധീനക്കപ്പെട്ട സംവിധായകർ പുതിയ പ്രമേയങ്ങളും പുത്തൻ സാങ്കേതിക വിദ്യകളും ഷൂട്ടിംഗ്‌ രീതികളും നവീനമായ കഥാശൈലികളും സ്വീകരിച്ച്‌ ഫ്രഞ്ച്‌ സിനിമയ്ക്ക്‌ പുത്തൻ ഉണർവ്വ്‌ നൽകി. ഈ കാലഘട്ടത്തിനെ ഫ്രഞ്ച്‌ ന്യുവേവ്‌ എന്നാണ്‌ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്‌. ഗോദാർദ്ദ്‌, എറിക്‌ റോമർ, ക്ലോഡ്‌ ഷാബ്രോൾ, ഫ്രാസ്സ്വെ ത്രുഫോ എന്നിവരായിരുന്നു പ്രമുഖ ന്യുവേവ്‌ സംവിധായകർ. ഫ്രഞ്ച്‌ ന്യുവേവ്‌ 50 വർഷം പിന്നിടുന്ന ഈ വേളയിൽ ആഗ്നസ്‌ വർധ, ഫ്രാൻസിയോസ്‌ ട്രഫറ്റ്‌, ജാക്വസ്‌ ഡെമി, ലൂയിസ്‌ മല്ലേ, ഗോദാർദ്ദ്‌, റോഹ്മർ, കാബ്‌റൾ എന്നിവരുടെ എട്ട്‌ ചിത്രങ്ങൾ ചലച്ചിത്ര വിദ്യാർത്ഥികൾക്ക്‌ നവ്യാനുഭവമാകും. ഗോദാർദിന്റെ രണ്ടു ചിത്രങ്ങളാണ്‌ പ്രദർശനത്തിനുള്ളത്‌. രണ്ട്‌ സിനിമകളിലും ഗോദാർദിന്റെ ആദ്യ ഭാര്യ അന്ന കരീനയാണ്‌ നായിക. ഈ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ, സിനിമയുടെ സൗന്ദര്യശാസ്ത്രം, മാക്സിയൻ സിദ്ധാന്തങ്ങൾ എന്നിവ പ്രകടമാകുന്നുണ്ട്‌. ദാമ്പത്യ ജീവിതത്തിന്റെ വിരക്തികളും സങ്കീർണ്ണതകളും 'പീററ്റ്‌ ഗോസ്‌ വൈൽഡ്‌' എന്ന ചിത്രത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ഡിറ്റക്ടീവ്‌ സ്റ്റോറിയും ശയൻസ്‌ ഫിക്ഷനും ഏറ്റവും മികച്ച രീതിയിൽ സംയോജിപ്പിച്ച്‌ ചെയ്ത ചിത്രമാണ്‌ 'ആൽഫാവില്ലി'.
രണ്ട്‌ സ്ത്രീകളുടെ ഇടയിൽപ്പെട്ടുപോകുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ്‌ എറിക്‌ റോഹ്മറിന്റെ 'ദി ഗേൾ അറ്റ്‌ ദി മൊണാക്‌ ബേക്കറി'. 'ലാ ബീ സെർജ്‌' എന്ന കന്നിചിത്രം കൊണ്ട്‌ ലോകസിനിമയിൽ സ്ഥാനമുറപ്പിച്ച ക്ലൗഡെ കാർബോളിന്റെ 'ഹാൻസം സെർജ്‌' മേളയിലുണ്ട്‌. അസുഖം ഭേദപ്പെട്ട്‌ തന്റെ ഗ്രാമത്തിലേക്ക്‌ തിരിച്ചുവരുന്ന യുവ വിദ്യാർത്ഥി തന്റെ ബാല്യകാല സുഹൃത്ത്‌ സെർജിനെ മദ്യത്തിന്‌ അടിമപ്പെട്ട അവസ്ഥയിൽ കാണുകയും അയാളെ സഹായിക്കാൻ ശ്രമിക്കുന്നതുമാണ്‌ ചിത്രത്തിന്റെ കഥാതന്തു.
26-​‍ാമത്തെ വയസ്സിൽ ആദ്യചിത്രം സംവിധാനം ചെയ്ത ന്യുവേവിന്റെ മുത്തശ്ശി എന്ന്‌ അറിയപ്പെടുന്ന ആഗ്നസ്‌ വർദക്ക്‌ അന്താരാഷ്ട്ര അംഗീകാരം നേടികൊടുത്ത ചിത്രമാണ്‌ 1961-ൽ പുറത്തിറങ്ങിയ 'ക്ലിയോ ഫ്രം ഫൈവ്‌ ടു സെവൻ' തന്റെ ക്യാൻസർ ടെസ്റ്റിന്റെ ഫലം കാത്തിരിക്കുന്ന ഇഹലീ എന്ന ഗായികയുടെ മാനസിക സംഘർഷങ്ങളാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. ആദ്യചിത്രം കൊണ്ട്‌ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ഫ്രാസ്സ്വെ ത്രുഫോയുടെ 'ജൂൾസ്‌ ആന്റ്‌ ജിം' ചലച്ചിത്രമേളയുടെ മറ്റൊരു ആകർഷണമാണ്‌. ഹെൻരി പീറി റോച്ചിന്റെ നോവലിനെ അടിസ്ഥാനമാക്കിയ ജൂൽസ്‌ ആന്റ്‌ ജിം, ജൂളിന്റെയും ജിമ്മിന്റെയും 30 വർഷത്തെ ആത്മാർത്ഥ സൗഹൃദത്തിനിടയിലേക്ക്‌ കാതറിൻ എന്ന സ്ത്രീ കടന്നുവരുമ്പോൾ ഉണ്ടാകുന്ന വൈകാരിക സംഘർഷങ്ങളാണ്‌. ഫ്രഞ്ച്‌ ന്യുവേവിവ്‌ ഏറ്റവും പ്രതിഭാശാലിയായ സംവിധായകൻ എന്ന നിരൂപകർ വാഴ്ത്തിയ ത്രുഫോയുടെ ചിത്രം കാണികൾ നെഞ്ചേറ്റുമെന്നുറപ്പാണ്‌.
ഇന്ത്യൻ സിനിമ ഇന്ന്‌, മലയാള സിനിമ ഇന്ന്‌ എന്ന വിഭാഗങ്ങളിൽ ഏഴ്‌വീതം ചിത്രങ്ങളാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്‌. മാധവിക്കുട്ടി, ശോഭനാപരമേശ്വരന്‌ നായർ, മുരളി, രാജൻ പി ദേവ്‌, കെ പി തോമസ്‌, അടൂർ ഭവാനി എന്നിവർക്ക്‌ പ്രണാമം അർപ്പിക്കുന്ന ഹോമേജ്‌ വിഭാഗവുമുണ്ട്‌. വിദേശത്ത്‌ നിന്ന്‌ 80 പ്രതിനിധികൾ ഉൾപ്പെടെ 140-ഓളം ചലച്ചിത്ര പ്രതിഭകൾ അതിഥികളായി എത്തുന്ന കേരളാ അന്താരഷ്ട്ര ഫിലിം ഫെസ്റ്റിവൽ സിനിമയുടെ ലോകജാലകം പ്രേക്ഷകർക്കായി തുറന്നിടുമെന്ന്‌ പ്രതീക്ഷിക്കാം...

കിടപ്പറ രംഗവും വില്‍പനക്ക് വെക്കാം




മാന്ദ്യ കാലത്തെ ജീവിതത്തെക്കുറിച്ച് മനോരമയുടെ രൂപരേഖ
കാറുകള്‍ക്ക് പുറത്ത് പരസ്യം ചെയ്തും വീടുകളില്‍ ഹോംസ്‌റ്റേക്ക് സൗകര്യം ചെയ്തുകൊടുത്തും ഗര്‍ഭപാത്രം വാടകക്ക് കൊടുത്തും ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയും നിങ്ങള്‍ക്ക് പണമുണ്ടാക്കാം. ഇവിടെ ആദ്യം പറഞ്ഞ പരസ്യവും ഹോം സ്‌റ്റേയും വലിയ ചോദ്യങ്ങളുയര്‍ത്തുന്നില്ല. ഒരു കുഞ്ഞ് പിറക്കാനുള്ള ദമ്പതികളുടെ അടങ്ങാത്ത ആഗ്രഹത്തിനു മേല്‍ വാടകക്കുള്ള ഗര്‍ഭപാത്രവും സമ്മതിച്ചു കൊടുക്കാം. (ഇതു തന്നെ വാണിജ്യാടിസ്ഥാനത്തില്‍ വരുമ്പോള്‍ രൂപം മാറുന്നു) എന്നാല്‍ കിടപ്പറ രംഗം പകര്‍ത്തി വിപണനം നടത്തി പണമുണ്ടാക്കാമെന്ന് മനോരമകുടുംബത്തിലെ സായിപ്പ് ഉപദേശിക്കുമ്പോള്‍ അപകടം മണക്കുന്നുണ്ട്. ആദ്യം പറഞ്ഞ രണ്ടിനുമൊപ്പം ശേഷമുള്ള രണ്ട് കാര്യങ്ങള്‍ ചേര്‍ത്ത് പറഞ്ഞ് അതിന് ഒരു സ്വീകാര്യത ഉണ്ടാക്കുകയായിരുന്നു ഒന്നാമത്തെ ലക്ഷ്യം. രണ്ടാമത്തെത് പണമുണ്ടാക്കുക മാത്രമാണ് ലക്ഷ്യമാകേണ്ടതെന്നും അതിനുള്ള മാര്‍ഗങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും പറഞ്ഞു തരിക.
മാന്ദ്യകാലത്ത് പിടിച്ച് നില്‍ക്കാന്‍ കിടപ്പറ വില്‍ക്കണമെന്നത് കമ്പോളത്തിനനുസരിച്ച് ജീവിതം എത്രത്തോളം മാറ്റിയെടുക്കാമെന്നതിന്റെ അങ്ങേയറ്റമാണ്. മനോരമയുടെ ദി വീക്ക് വായനക്കാരെ പഠിപ്പിക്കുന്നത് അതാണ്. അതിനവര്‍ സുഖമുള്ള ഒരു പേരും പരിജയപ്പെടുത്തുന്നു സെല്‍ സ്യൂമര്‍. മുതലാളിത്തവും അതിന്റെ സാംസ്‌കാരികാപചയങ്ങളും ഒളിച്ചു കടത്താന്‍ മിടുക്കന്‍മാരാണ് തങ്ങളെന്ന് തെളിയിച്ചവരാണ് ഈ മാധ്യമ ശൃംഖല. പത്രത്തെ എതിര്‍ക്കുന്നവരെ അവര്‍ സമര്‍ഥമായി കുരുക്കിക്കളയും. എതിര്‍പ്പുകള്‍ വരെ ആയുധമാക്കാന്‍ കഴിവുള്ള തന്ത്രപരമായ ഇടപെടലാണ് അത് വായനാ സമൂഹത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ആഗോളവത്കണത്തിന്റെ നല്ല വശങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ബലാത്സംഗത്തിന്റെ നല്ലവശങ്ങളെക്കുറിച്ച് സംസാരിക്കുന്നത് പോലെയാണെന്ന് പറയാറുണ്ട്. മുതലാളിത്തവും ആഗോളവത്കരണത്തെ കൂട്ട്പിടിച്ച് കെട്ടിപ്പൊക്കിയ കൃത്രിമ സാമ്പത്തിക മാപിനികളും മാന്ദ്യകാലത്ത് തകര്‍ന്നു വീണു. ഊഹക്കച്ചവടത്തിനും മാര്‍ക്കറ്റ് അധീശത്ത കമ്പോള വ്യവസ്ഥിതിക്കുമേറ്റ തിരിച്ചടി യഥാര്‍ഥത്തില്‍ മുതലാളിത്തത്തിനേറ്റ പ്രഹരമായിരുന്നു. ഈ തകര്‍ന്നുവീഴലില്‍പ്പെട്ട ആഗോള കമ്പോളത്തിന് രക്ഷപ്പെടാന്‍ ഇതാ ഇങ്ങിനെയും ഒരു വഴിയുണ്ടെന്നാണ് ഈ പത്രം പറഞ്ഞുതരുന്നത്.
മനോരമ നേരത്തെയും ഈ സാംസ്‌കാരിക ഇടപെടലിന് ശ്രമിച്ചിരുന്നു. അത് വരെ കേരളത്തിന്റെ അജണ്ടയിലില്ലാത്തത് അവരെ കൊണ്ട് ചര്‍ച്ച ചെയ്യിച്ചായിരുന്നു അതിന്റെ തുടക്കം. വാലന്റൈന്‍സ് ഡേയെക്കുറിച്ചും കൊച്ചിയിലെ വിദേശ നൃത്ത പരിശീലന കേന്ദ്രത്തെക്കുറിച്ചും കേരളത്തിലെ ബീച്ചുകളില്‍ പരസ്യ ചുംബനങ്ങള്‍ വ്യാപകമാവുന്നതിനെക്കുറിച്ചും അവര്‍ നേരത്തെ തന്നെ മലയാളിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കേരളത്തില്‍ വരെ ഇതൊക്കെ സാര്‍വത്രികമായിക്കഴിഞ്ഞുവെന്നും പിന്നെ നിങ്ങള്‍ മാത്രമെന്തിന് നോക്കി നില്‍ക്കണമെന്നും മലയാളികളെ അവര്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. സ്‌പോര്‍ട്‌സിലും സിനിമയിലും സംഗീതത്തിലും രാഷ്ട്രീയത്തില്‍വരെ ഇക്കിളി ഫോട്ടോകള്‍ കൊടുക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.
പുതിയ ലക്കം വീക്കിന്റെ പുറം ചട്ട വായനക്കാരോട് പറയുന്നത് മാന്ദ്യകാലത്ത് കൂടുതല്‍ പണമുണ്ടാക്കാനുള്ള തന്ത്രത്തെക്കുറിച്ചാണ്. അതിനവര്‍ പൂര്‍ണഗര്‍ഭിണിയുടെ നഗ്നമായ വയറിന്റെ ഫോട്ടോ നല്‍കി ഗര്‍ഭപാത്രക്കച്ചവടത്തിന്റെ നല്ലൊരു പരസ്യം നല്‍കുകയും ചെയ്തു. വാടക ഗര്‍ഭ ധാരണം ഒരു സഹായത്തിന്റെയോ ഉപകാരത്തിന്റെയോ പുറത്ത് ചെയ്യുന്നതിനെക്കുറിച്ചല്ല വീക്ക് പറയുന്നത്. അതിന്റെ വാണിജ്യ സാധ്യതകളെക്കുറിച്ചാണ്. നിങ്ങളുടെ ഗര്‍ഭപാത്രത്തെക്കുറിച്ച് നിങ്ങള്‍ക്ക് പരസ്യം ചെയ്യാം. അതിനു വേണ്ടി പ്രത്യേക മാര്‍ക്കറ്റിംങ് സെന്ററുകള്‍ തുടങ്ങാം.
ഭൂമിയിലുള്ളതെല്ലാം വില്‍പ്പനക്ക് വെച്ചിട്ടും കമ്പോളസാമ്പത്തിക വ്യവസ്ഥ പരാജയപ്പെടുകയായിരുന്നു. ഇനി വില്‍ക്കാനുള്ളത് മാനമാണ്. മുതാളിത്തത്തിന് ആകെയുള്ള കച്ചിത്തുരുമ്പ് അതാണ്. മാന്ദ്യകാലത്ത് മാനം വിറ്റും ജീവിക്കാമെന്നാണ് വീക്ക് പറയുന്നത്. മാനത്തിന് മാര്‍ക്കറ്റില്‍ നല്ല വിലയുണ്ടെന്ന് കമ്പോള ശക്തികള്‍ക്കറിയാം. അതുകൊണ്ടവര്‍ സ്വന്തം കിടപ്പറ രംഗങ്ങള്‍ വിപണനം നടത്താമെന്ന് പറയുന്നത്. നിങ്ങളുടെ വസ്തുക്കള്‍ വില്‍ക്കുകയോ വാടകക്ക് നല്‍കുകയോ ചെയ്തുകൊണ്ടും നിങ്ങളെ തന്നെ വിറ്റ്‌കൊണ്ടും ആധുനികത നല്‍കുന്ന സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ കമ്പോളം പറയുന്നു.
കേരളത്തില്‍ പിന്തിരിപ്പന്‍ മുന്നേറ്റങ്ങള്‍ക്കെല്ലാം പിന്തുണ കൊടുത്ത മാധ്യമമാണ് മനോരമ. വിമോചന സമരം മുതല്‍ വിദ്യാഭ്യാസ വിഷയങ്ങളില്‍വരെ. പാഠപുസ്തകങ്ങളില്‍ സഭ്യേതര ഭാഗങ്ങളുണ്ടെന്ന് പറഞ്ഞ് വിവാദമുണ്ടാക്കിയ മനോരമ തന്നെയാണ് സഭ്യതയുടെ എല്ലാ നൂലിഴകളും ഇവിടെ പൊട്ടിച്ചു കളയുന്നത്. ഒരു തരം ഇരട്ടമുഖമാണിത്. ഇനിയും പുതിയ പാഠങ്ങളുമായി മനോരമയെത്തും. വായനക്കാരെ സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്ന് രക്ഷിക്കാന്‍. അത് കണ്ട് മലയാളി പരാധീനതകള്‍ തീര്‍ക്കാനിറങ്ങിയാല്‍ മനോരമക്കാരന്‍ ഉദ്ദേശിച്ച ലക്ഷ്യം കാണും -courtsey- kerala flash news

വാനിലെ വർണ്ണപ്പട്ടങ്ങളിൽ പറക്കുന്നത്‌ സോമന്റെ ഓണബാല്യം...



ചിങ്ങവാനിലേക്ക്‌ ഉയരുന്ന വർണ്ണപ്പട്ടങ്ങളിൽ സോമന്റെ ബാല്യകാല ഓണസ്മൃതികളുണ്ട്‌. ഒപ്പം കുരുന്നുകളുടെ ഭാവനയെ ആകാശത്തോളം ഉയർത്തുന്ന കരസ്പർശത്തിന്റെ ചാരിതാർത്ഥ്യവും.

ആലപ്പുഴ പഴവീട്‌ ക്ഷേത്രത്തിന്‌ സമീപം സ്റ്റേഷനറി കട നടത്തുന്ന ദേവസ്വം പറമ്പിൽ സോമൻ കഴിഞ്ഞ 30 വർഷമായി വർണ്ണപ്പട്ടങ്ങളുടെ വിൽപ്പനക്കാരനാണ്‌. ബാല്യകാലത്ത്‌ ഒരു വർണ്ണപ്പട്ടം സ്വന്തമാക്കാൻ കഴിയാത്തതിന്റെ നൊമ്പരത്തിൽ നിന്നുയർന്ന കൗതുകമായിരുന്നു തുടക്കം. പിന്നീട്‌ പട്ടങ്ങളുണ്ടാക്കി വിൽപ്പന നടത്താൻ കഴിയാത്ത ഒരു ഓണക്കാലത്തെക്കുറിച്ച്‌ സോമന്‌ ചിന്തിക്കാൻ വയ്യെന്നായി.

ഉൽപ്പന്നങ്ങൾക്ക്‌ വിപണി തേടിയിറങ്ങേണ്ട ഗതികേട്‌ ഇതുവരെ സോമന്‌ ഉണ്ടായിട്ടില്ല. ആവശ്യക്കാർ പട്ടങ്ങൾ തേടി ഈ കടയിലത്തും. കച്ചവടക്കാരിൽ പലരും പട്ടങ്ങൾ നിർമ്മിച്ച്‌ വിൽപ്പനക്ക്‌ നൽകണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും സോമൻ ഇതുവരെ തയ്യാറായിട്ടില്ല. പട്ടങ്ങൾ വാങ്ങാൻ ഇവിടെയെത്തുന്ന കുരുന്നുകളിലൂടെ തന്റെ ഓണക്കാലം ഓർത്തെടുക്കാനാണ്‌ സോമനിഷ്ടം.
വർണ്ണങ്ങളിലും വലിപ്പത്തിലും വൈവിധ്യമുണ്ടാക്കി പട്ടങ്ങളിൽ ഒരു 'സോമൻ ടച്ച്‌' നൽകാൻ എപ്പോഴും ഇയാൾ ശ്രമിക്കാറുണ്ട്‌. അതുകൊണ്ട്‌ തന്നെയാണ്‌ പട്ടച്ചരടിന്റെ ഇങ്ങേത്തലക്കൽ നിന്ന്‌ ഭാവനയെ ആകാശത്തിന്റെ അതിര്‌ കടത്താനായി കുരുന്നുകൾ ഇവിടെയെത്തുന്നത്‌. ഓണക്കാലത്ത്‌ ദിനംപ്രതി 300-ഓളം പട്ടങ്ങൾ സോമൻ വിറ്റഴിക്കും.

മീറപ്പട്ടം, മുറപ്പട്ടം, മൽസ്യപ്പട്ടം, മാച്ചാൻപട്ടം, ആൾപ്പട്ടം, ചതുരപ്പട്ടം എന്നിങ്ങനെ വൈവിധ്യങ്ങളൊരുക്കിയാണ്‌ സോമൻ കുട്ടികളെ ആകർഷിക്കുക. പത്തുമുതൽ 15 രൂപവരെയാണ്‌ പട്ടങ്ങളുടെ വില. ഓണക്കാലമല്ലെങ്കിലും സോമൻ കച്ചവടത്തിന്റെ ഒഴിവുനേരങ്ങളിൽ പട്ടങ്ങൾക്കൊപ്പമുണ്ടാകും. വർണ്ണപ്പേപ്പറുകൾ കീറിയൊരുക്കാനും പട്ടത്തിനുപയോഗിക്കുന്ന ഈർക്കിലുകൾ ചീകിയൊതുക്കാനുമാണ്‌ ഈ നേരങ്ങൾ ചെലവിടുന്നത്‌. ആയിരം പട്ടങ്ങൾ ഉണ്ടാക്കാൻ ആയിരം പേപ്പറുകൾ മുറിക്കണം. 3000-ത്തോളം ഈർക്കിലുകൾ വേണം. പട്ടത്തിന്‌ വില്ലൊരുക്കുന്ന ഈർക്കിലുകൾ രണ്ടെണ്ണമെടുത്ത്‌ നൂലുചുറ്റിക്കെട്ടണം. പട്ടത്തിൽ ഈർക്കിലുകൾ ഉറപ്പിക്കാൻ ചെറിയ കഷ്ണങ്ങളായി പേപ്പറുകൾ വെട്ടിയെടുക്കണം. പിന്നെ ആറടിയോളം നീളമുള്ള വാലുകൾ വെട്ടിയെടുക്കണം. പറയുമ്പോൾ ദൈർഘ്യം കൂടുമെങ്കിലും പട്ടങ്ങൾ പൂർണ്ണതയിലെത്തിക്കാൻ സോമന്‌ അധികനേരമൊന്നും വേണ്ട.

വില്ലിൽ കെട്ടുന്ന നൂലിന്റെ കണക്കുകൾ പാലിച്ചില്ലെങ്കിൽ മുകളിലേക്ക്‌ ഉയരേണ്ട പട്ടങ്ങൾ വാനിൽ തലകുത്തി നിൽക്കുമെന്ന്‌ സോമൻ പറയുന്നു. ഓണക്കാലത്ത്‌ നടക്കുന്ന മൽസരങ്ങളിൽ ജേതാക്കളാകാൻ കുരുന്നുകൾ തെരഞ്ഞെടുക്കുന്ന പട്ടങ്ങളിൽ ഭൂരിഭാഗത്തിനും സോമൻ ടച്ചുണ്ടാവുമെന്നുറപ്പാണ്‌. അത്രയ്ക്ക്‌ പ്രസിദ്ധിയാണ്‌ സോമന്റെ പട്ടങ്ങൾക്ക്‌. ചില കോളേജ്‌ കുമാരൻമാരും കുസൃതികളൊരുക്കാൻ സോമന്റെ കടയിൽ പട്ടമന്വേഷിച്ചെത്താറുണ്ട്‌. ഇത്രയും കാലം ഈ രംഗത്ത്‌ തുടരാൻ പ്രചോദിപ്പിക്കുന്നത്‌ വർണ്ണം നിറയാത്ത ഓണബാല്യമാണെന്ന്‌ സോമൻ പറയുന്നു.

വർണ്ണക്കടലാസിന്‌ പകരം പഴയ പത്രക്കടലാസിൽ ഉണ്ടാക്കിയ പട്ടങ്ങൾ മാത്രം പറത്താൻ വിധിക്കപ്പെട്ട ഓണബാല്യം ഇപ്പോഴും നൊമ്പരമായി അവശേഷിക്കുന്നുവെന്ന സാക്ഷ്യത്തോടെ പാതി ഒരുക്കിയ പട്ടത്തിന്റെ ഈർക്കിൽ വില്ലുറപ്പിക്കാൻ പശ തേച്ച കടലാസുകഷ്ണങ്ങളുമായി സോമൻ വീണ്ടും കടയിലേക്ക്‌....

തെരുവ്നായയെങ്കിലും വിദേശികൾക്ക്‌ ഇവനൊരു കാവൽപ്പട്ടാളം





വീടിന്‌ കാവലിരിക്കലാണ്‌ നായയുടെ ജോലിയെന്ന്‌ ലോവർ പ്രൈമറി ക്ലാസിൽ പഠിച്ചിട്ടുള്ളവർക്ക്‌ ഇനി അത്‌ തിരുത്തേണ്ടിവരും. വിദേശ വിനോദ സഞ്ചാരികൾക്ക്‌ നേരെ നിരവധി അക്രമങ്ങൾ നടക്കുന്ന നാട്ടിൽ അവർക്ക്‌ കാവലായി ഒപ്പമെത്തുന്ന ഒരു തെരുവ്‌ നായയുടെ മാതൃക ആലപ്പുഴ കടപ്പുറത്ത്‌ പാട്ടാണ്‌.

എന്താണ്‌ നായയുടെ പേരെന്നോ എവിടെ നിന്നാണ്‌ ഇവിടെയെത്തിയതെന്നോ ആർക്കുമറിയില്ല. പക്ഷെ എല്ലാവർക്കും അറിയാവുന്ന ഒന്നുണ്ട്‌. ഏത്‌ വിദേശ വിനോദ സഞ്ചാരി കടപ്പുറത്തെത്തിയാലും അവരോടൊപ്പം അധികം ശരീരപുഷ്ടിയില്ലാത്ത ഈ തവിട്ടുനിറക്കാരൻ നായയുണ്ടാകും. ആദ്യമൊന്നും ആരും ഇക്കാര്യം ശ്രദ്ധിച്ചില്ല. പിന്നീട്‌ എല്ലാ വിദേശ സഞ്ചാരിക്കൊപ്പവും നായയെ കാണുന്നതോടെയാണ്‌ സമീപത്തെ കടക്കാർ നിരീക്ഷിക്കാൻ തുടങ്ങിയത്‌. ബീച്ചിന്‌ സമീപമുള്ള ലെവൽ ക്രോസിനടുത്ത്‌ എവിടെയോ ആണ്‌ ഇവന്റെ താവളം. ലെവൽ ക്രോസ്‌ മുറിച്ചുകടക്കുന്നവരിൽ ആരെങ്കിലും സായിപ്പോ മദാമ്മയോ ആണെന്ന്‌ തിരിച്ചറിഞ്ഞാൽ പിന്നെ ഇവൻ അവരുടെ ഒപ്പം കൂടും. കടപ്പുറത്ത്‌ ഇവരോടൊപ്പം നടക്കും. പിറകെ വരുന്നത്‌ തെരുവ്‌ നായയാണെന്ന അവഗണനയിൽ ഓടിക്കാൻ ശ്രമിച്ചാലും ഇവൻ പോകില്ല. ശല്യമുണ്ടാക്കാതെ ഇവർക്കൊപ്പം നടക്കും. ഇതിനിടയിൽ ചുറ്റും നിരീക്ഷണവും നടത്തും. സഞ്ചാരികളുടെ സമീപത്ത്‌ ശല്യവുമായി എത്തുന്ന സ്വദേശികളെ കുരച്ച്‌ ഭയപ്പെടുത്തി ഓടിക്കും.

കഴിഞ്ഞ ദിവസം ജർമ്മനിയിൽ നിന്നെത്തിയ രണ്ട്‌ ദമ്പതികളെ ശല്യപ്പെടുത്താൻ ശ്രമിച്ച ഒരു സാമൂഹ്യവിരുദ്ധനെ മെയിലുകളോളം ഓടിച്ച്‌ ആക്രമിച്ചതും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഇവന്റെ കുരയും മറ്റും കണ്ട്‌ വിദേശികൾ പേടിച്ചെന്ന്‌ തോന്നിയാൽ പതിയെ അനുസരണക്കാരനായി അവരുടെ മുന്നിൽ വാലാട്ടി മുട്ടുകുത്തി നിൽക്കും. അതോടെ സഞ്ചാരികളും ഇവനെ കൂടെക്കൂട്ടി നടക്കുകയാണ്‌ പതിവത്രെ. ബീച്ചിലെത്തുന്ന മറ്റുള്ളവർക്ക്‌ നൽകേണ്ട പരിഗണനയെന്തെന്നും ഈ നായക്ക്‌ കൃത്യമായി അറിയാം. കച്ചവടക്കാർ സഞ്ചാരികളുടെ അടുത്തെത്തിയാൽ അവരെ ഇവൻ ഭയപ്പെടുത്താറില്ല. മറിച്ച്‌ മറ്റാരെങ്കിലുമാണെങ്കിൽ ചെറുതായൊരു മുറുമുറുപ്പെങ്കിലും നായയിൽ നിന്നുയരും. പക്ഷെ സഞ്ചാരികൾ അവരോട്‌ സൗമ്യമായാണ്‌ പെരുമാറുന്നതെങ്കിൽ പിന്നെ നായ അവരുടെയും ചങ്ങാതിയായി മാറും.

വിദേശികൾക്കൊപ്പം നടക്കുന്ന നായയുടെ ചിത്രമെടുക്കാൻ ചെന്ന ഫോട്ടോഗ്രാഫറെയും ആദ്യമൊന്ന്‌ വിരട്ടിയെങ്കിലും സഞ്ചാരികൾക്ക്‌ പ്രശ്നമില്ലെന്ന്‌ കണ്ടതോടെ അനുസരണക്കാരനായി മാറി. കടപ്പുറത്തെത്തുന്ന വിദേശികൾക്ക്‌ പോലീസിന്റെ സംരക്ഷണം ലഭിക്കാത്ത സാഹചര്യത്തിൽ നായയുടെ ഒറ്റയാൻ കാവൽ അനുഗ്രഹമാണെന്നാണ്‌ ഉല്ലാസത്തിനെത്തുന്നവർ പറയുന്നത്‌.

എന്റെ 'നല്ലോണം' എന്നേ മറഞ്ഞു




'എന്റെ നല്ലോണം എന്നേ മറഞ്ഞു'

തകഴി ശങ്കരമംഗലം തറവാടിന്റെ സ്വീകരണമുറിയിൽ, ചുവരിൽ തൂങ്ങുന്ന ഛായാചിത്രത്തിന്‌ മുന്നിൽ കൈകൂപ്പി വിതുമ്പുന്ന പ്രിയപത്നി കാത്തയുടെ ഓണവിശേഷം ഈ ഒരുവരിയിലൊതുങ്ങും.

കൂടുതൽ ചോദിച്ചാൽ വീണ്ടും കരയും...'എനിക്കെന്തോണം, തകഴിച്ചേട്ടനില്ലാത്ത തറവാട്ടിൽ എന്ത്‌ ഓണക്കാലം'.
തകഴി ശിവശങ്കരപ്പിള്ളയെന്ന വിശ്വസാഹിത്യകാരന്റെ മെതിയടി മുതൽ ജ്ഞാനപീഠ പുരസ്ക്കാരം വരെ സൂക്ഷിച്ചിരിക്കുന്ന ചരിത്രമന്ദിരത്തിൽ കാത്തയെന്ന വയോവൃദ്ധ ഇപ്പോൾ തികച്ചും അവശയാണ്‌. ഓണത്തെക്കുറിച്ച്‌ മധുരമായ ഓർമ്മകളുള്ള കാത്തയ്ക്ക്‌ ഇക്കുറിയും ഓണം ഒരു ദിവസത്തെ കരച്ചിലാണ്‌. ഓണദിനത്തിൽ മക്കളും കൊച്ചുമക്കളും ശങ്കരമംഗലത്ത്‌ ഒത്തുചേരും. പിന്നെ അവർ പിരിയുമ്പോൾ തറവാട്ടിൽ ഒരു കൂട്ടക്കരച്ചിലിന്റെ ശബ്ദമുയരും. കഴിഞ്ഞു; കാത്തയുടെ ഓണം... പിന്നെ അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പ്‌.

90-കാരിയായ കാത്തക്ക്‌ ഇപ്പോൾ ശങ്കരമംഗലം തറവാട്‌ മാത്രമാണ്‌ സുപരിചിതം. പുറത്തേക്കൊന്നും പോകാൻ കഴിയുന്നില്ല. തകഴിയുടെ മരണശേഷം ഈ തറവാട്ടിൽ നിന്നും എവിടേക്കും പോയിട്ടില്ല. അടുത്തിടെ കാൽതെറ്റി വീണതിന്റെ അസ്വാസ്ഥ്യങ്ങളും പേറി കാത്ത, ഓണക്കാലത്ത്‌ മക്കളുടെ വരവും കാത്തിരിക്കുകയാണ്‌.

'മക്കളും കൊച്ചുമക്കളുമെത്തിയാൽ ഓണദിവസം ഇവിടുത്തെ അടുക്കളയിൽ പൊടിപൂരമാണ്‌. അവരെല്ലാം ചേർന്ന്‌ പാചകം ചെയ്യും. പായസമുണ്ടാക്കും. ഒന്നിച്ച്‌ സദ്യകഴിക്കും. വൈകുന്നേരത്തോടെ എല്ലാവരും മടങ്ങും. തിരുവനന്തപുരത്തുള്ള മകൾ ഓമന (പാർവ്വതി) മാത്രം അന്ന്‌ എന്റെ കൂടെ നിൽക്കും. കൊച്ചുമോൻ രാജുനായരും എത്തുമെന്നറിയിച്ചിട്ടുണ്ട്‌. അവൻ എന്തോ സിനിമയൊക്കെ എടുക്കാൻ പോകുന്നുവെന്ന്‌ പറയുന്നത്‌ കേട്ടു. എനിക്ക്‌ കൂടുതലൊന്നും അറിയില്ല'

തകഴി ജീവിച്ചിരിക്കുമ്പോൾ ഇവിടെ എത്തിയിരുന്നവരുടെ എണ്ണം കുറഞ്ഞതോടെയാണ്‌ കാത്തയുടെ ഏകാന്തതക്ക്‌ കനംകൂടിയത്‌. ഇപ്പോൾ ആരും തന്നെ ശങ്കരമംഗലത്തെത്താറില്ല. തകഴിയുടെ സ്മാരകമായി പുരാവസ്തു വകുപ്പ്‌ ഏറ്റെടുത്ത ഈ തറവാട്ടിൽ നിന്ന്‌ മരണംവരെ മാറിനിൽക്കാൻ കഴിയില്ലെന്ന്‌ കാത്ത പറയുന്നു. തകഴിയുടെ വേർപാട്‌ വരെ പ്രശസ്തരും അറിയപ്പെടാത്തവരുമായി നിരവധി പേർ ഇവിടെ എത്തിയിട്ടുണ്ട്‌. അവർക്കുമുന്നിൽ നിറഞ്ഞ ചിരിയും കയ്യിൽ സംഭാരവുമായി പലകുറി കാത്ത നിന്നിട്ടുണ്ട്‌. കേശവദേവ്‌, വൈക്കം മുഹമ്മദ്ബഷീർ, എം ടി വാസുദേവൻ നായർ, കെ എൽ മോഹനവർമ്മ...... തുടങ്ങി പേരറിയാത്തവർ വരെ. കെ എൽ മോഹനവർമ്മ 'വീക്ഷണ'ത്തിന്റെ ചീഫ്‌ എഡിറ്ററാണെന്ന്‌ പറഞ്ഞപ്പോൾ തന്റെ സ്നേഹാന്വേഷണം അദ്ദേഹത്തെ അറിയിക്കണമെന്ന്‌ കാത്തയുടെ നിർദ്ദേശം.

'തകഴിച്ചേട്ടനുള്ളപ്പോൾ ഓണം രസമായിരുന്നു. രാത്രിയിൽ ഞാൻ ഉപ്പേരി വറുക്കുമ്പോൾ അടുക്കളയിലെത്തും. കുറച്ച്‌ ഉപ്പേരി വാരി മുണ്ടിന്റെ ശീലയിൽ പൊതിഞ്ഞ്‌ മുറിയിലേക്ക്‌ മടങ്ങും. പിന്നെ രാത്രി വൈകുവോളം എഴുത്തു തന്നെ. ഇതിനിടയിൽ പഴയ ഓണക്കാലത്തെക്കുറിച്ച്‌ എന്നോട്‌ ചിലതെല്ലാം പറയും'

നെടുമുടി ചെമ്പകശ്ശേരി ചിറയ്ക്കൽ തറവാട്ടിൽ നിന്ന്‌ പതിനാറാം വയസ്സിൽ കുട്ടനാടിന്റെ ഇതിഹാസ കഥാകാരന്‌ തുണയായി എത്തിയതാണ്‌ കാത്ത. പെണ്ണ്‌ കാണൽ ചടങ്ങ്‌ പോലും ഇല്ലാതെയായിരുന്നു വിവാഹം. നേരത്തെ തമ്മിൽ കണ്ടിട്ടുള്ളത്‌ കൊണ്ടാണ്‌ അത്‌ ഒഴിവാക്കിയത്‌. അന്നുമുതൽ തകഴി മരിക്കുന്നതുവരെ കാത്തയുടെ കർമ്മങ്ങൾക്ക്‌ മാറ്റമുണ്ടായിട്ടില്ല. തകഴിയുടെ ഓണദിനചര്യകളെക്കുറിച്ച്‌ കാത്തയുടെ ഓർമ്മകൾ ഇങ്ങനെയാണ്‌:

"ചേട്ടൻ കാലത്ത്‌ അഞ്ചുമണിക്ക്‌ ഉണരും. ഉണർന്നാലുടൻ പത്രങ്ങളും ചായയും എടുത്ത്‌ കൊടുക്കണം. ചായകുടി കഴിഞ്ഞാൽ പതിവായി കഴിക്കാറുള്ള തുളസിയിലയും പറിച്ചുകൊടുത്തിട്ടാണ്‌ ഞാൻ അടുക്കളയിലേയ്ക്ക്‌ പോകുന്നത്‌. ആറുമണിക്ക്‌ വീണ്ടും ചായ കൊടുക്കണം. പ്രാതലിന്‌ ഇഡ്ഢലിയും ദോശയുമാണ്‌ ഏറെയിഷ്ടം. പിന്നീടാണ്‌ കുളി. കൃത്യം പന്ത്രണ്ടിന്‌ മക്കളുമൊത്ത്‌ ഊണ്‌ കഴിക്കും. പിന്നെ പതിവായുള്ള ഉറക്കം ഉപേക്ഷിച്ച്‌ തറവാട്ടുമുറ്റത്തെ മാവിൻ ചുവട്ടിൽ കൂട്ടുകാരുമൊത്ത്‌ ചീട്ടുകളിയാണ്‌. കാതിൽ വെള്ളയ്ക്കയും തലയിൽ മാവിലകൊണ്ടുള്ള തൊപ്പിയും ചൂടി കളിയവസാനിക്കും വരെ അവിടെയിരിക്കും. ഇടയ്ക്ക്‌ എന്തെങ്കിലും കൊറിക്കാൻ കൊടുക്കണം. നാലുമണിക്ക്‌ ദോശയോ മറ്റോ ഉണ്ടെങ്കിൽ നല്ലത്‌. ഏഴുമണിയാകുമ്പോൾ റവക്കഞ്ഞി കുടിക്കും. മക്കൾ അടുത്തുണ്ടെങ്കിലും എല്ലാത്തിനും ഞാൻ അരികിലുണ്ടാവണം. ഒറ്റയ്ക്ക്‌ ഒരു കാര്യവും ചെയ്യില്ല. ഭയങ്കര മടിയാണ്‌".

തകഴിയുടെ കഥാപാത്രങ്ങളെ അധികമൊന്നും കാത്തയ്ക്ക്‌ പരിചയമില്ല. പക്ഷെ ആ കഥാപാത്രങ്ങൾ രൂപപ്പെടുമ്പോൾ തകഴിയുടെ ഉള്ളിലെ സംഘർഷം ഏറ്റവും അറിഞ്ഞിട്ടുള്ളത്‌ കാത്തയാണ്‌. ആ സംഘർഷത്തിന്റെ എത്രയോ മടങ്ങ്‌ നൊമ്പരം ഉള്ളിൽപ്പേറിയാണ്‌ തകഴിയില്ലാത്ത ശങ്കരമംഗലത്ത്‌ കാത്തയുടെ ഓണക്കാലം..

സാഹസികയാത്രക്കിടയിൽ അക്കിസിനും വൂളയ്ക്കും സ്വപ്നാടനത്തിന്റെ ദിനങ്ങൾ




എണ്ണൂറ്‌ ദിവസത്തെ സാഹസികയാത്രയിലൂടെ ലോകം കീഴടക്കുകയെന്ന ലക്ഷ്യവുമായി ചരിത്രത്തിലേക്ക്‌ കാറോടിക്കുന്ന അക്കിസിനും വൂളക്കും ആലപ്പുഴ സമ്മാനിച്ചത്‌ സ്വപ്നാടനത്തിന്റെ ദിനങ്ങൾ. 2007 ഏപ്രിൽ 25-ന്‌ ഏതൻസിൽ നിന്ന്‌ അത്യാധുനിക സൗകര്യങ്ങളുള്ള ലാന്റ്‌ റോവർ ഡിസ്കവറി -6 കാറിൽ യാത്ര തുടങ്ങിയ ഈ ഗ്രീക്ക്‌ ദമ്പതികൾക്ക്‌ 428 ദിവസത്തെ സഞ്ചാരത്തിന്റെ ആലസ്യമകന്നത്‌ കിഴക്കിന്റെ വെനീസിലെത്തിയപ്പോഴാണ്‌.

വേമ്പനാട്ട്‌ കായലിന്റെ സൗന്ദര്യവും ഓണസദ്യയും ഒരുകാലത്തും മറക്കാൻ കഴിയില്ലെന്ന അനുഭവസാക്ഷ്യത്തോടെയാണ്‌ അവർ മടക്കയാത്രക്ക്‌ ഒരുങ്ങുന്നത്‌. ഫോർവീലെന്ന ഗ്രീക്ക്‌ മാഗസിന്റെ കറസ്പോണ്ടന്റായ അക്കിസ്‌ ടെമ്പറിഡിസും കൂട്ടുകാരി വൂളാ നെതുവും ആലപ്പുഴയുടെ കാഴ്ചകളെ സ്വപ്നാടനമെന്ന്‌ വിശേഷിപ്പിക്കുന്നതോടൊപ്പം യാത്രാനുഭവങ്ങളുടെ പുതിയ പതിപ്പിൽ ഈ സൗന്ദര്യം ലോകത്തെ അറിയിക്കാനുള്ള വ്യഗ്രതയിലുമാണ്‌. യാത്രചെയ്യുമ്പോൾ വാഹനമായും താമസിക്കാൻ വീടായും ജോലി ചെയ്യാൻ ഓഫീസായും ലാന്റ്‌ റോവർ കാർ ഇവർക്ക്‌ വഴിമാറും. 66,000 യുറോയാണ്‌ കാറിന്റെ വില. ഏകദേശം 70 ലക്ഷത്തോളം ഇന്ത്യൻ രൂപ. സാറ്റലൈറ്റ്‌ കണക്ഷനും വാർത്താവിനിമയ സംവിധാനങ്ങളും ഉറങ്ങാൻ കിടക്കയും ഫ്രിഡ്ജും ഉൾപ്പെടെ സൗകര്യങ്ങളുള്ള വാഹനത്തിൽ 79,000 കിലോമീറ്ററുകൾ താണ്ടിയാണ്‌ ഇവർ ഇവിടെയെത്തിയത്‌. 37 രാജ്യങ്ങൾ ചുറ്റിക്കറങ്ങി. ഇനി 43 രാജ്യങ്ങൾ സഞ്ചരിക്കാൻ ബാക്കിയുള്ളത്‌ 372 ദിവസം മാത്രം.

കഴിഞ്ഞ ജൂൺ ഏഴിന്‌ വാഗാ അതിർത്തിവഴിയാണ്‌ ഇന്ത്യയിലേക്ക്‌ പ്രവേശിച്ചത്‌. കാശ്മീർ, സഹാറ, ലക്നൗ, ദൽഹി തുടങ്ങിയ സ്ഥലങ്ങളിൽ സാഹസികമായി തന്നെയായിരുന്നു യാത്ര. കാശ്മീരിനേക്കാൾ പ്രകൃതി സൗന്ദര്യം കേരളത്തിനാണെന്ന്‌ അഭിപ്രായപ്പെടുന്ന അക്കിസിന്‌ കുട്ടനാടിന്റെ ഹരിതാഭയും കായൽസൗന്ദര്യവും എത്രവർണ്ണിച്ചിട്ടും മതിവരുന്നില്ല. മധുവിധു ആഘോഷിക്കാൻ ഒരിക്കൽ കൂടി വരണമെന്ന ആഗ്രഹവും അക്കിസും വൂളയും മറച്ചുവെയ്ക്കുന്നില്ല. ആലപ്പുഴയിൽ ആതിഥ്യമരുളിയ റെയിൻബോ ക്രൂയിസ്‌ ടൂർ ഓപ്പറേറ്റേഴ്സ്‌ നൽകിയ ഓണസദ്യയും ഇവർക്ക്‌ നന്നേ പിടിച്ചു. ഇതൊക്കെയാണെങ്കിലും കേരളത്തെക്കുറിച്ച്‌ ഭയമുള്ള സ്മരണകളും ഇവർക്കുണ്ട്‌. അലക്ഷ്യമായി വാഹനങ്ങൾ ഓടിക്കുന്നവരെ ഇവിടെയല്ലാതെ മറ്റൊരിടത്തും തങ്ങൾ കണ്ടിട്ടില്ലെന്നാണ്‌ ഇവരുടെപക്ഷം. തങ്ങളുടെ അനുഭവത്തിൽ ലോകത്തിലെ ഏറ്റവും മോശം ബസ്‌ ഡ്രൈവർമാരുള്ള നാടും കേരളമാണെന്നു ഇവർ കൂട്ടിച്ചേർത്തു.

ഡാൻസ്‌ അധ്യാപികയായിരുന്ന വൂള സാഹസികതയെ പ്രേമിച്ചാണ്‌ അക്കിസിനൊപ്പം യാത്ര തിരിച്ചത്‌. ഇന്ന്‌ ആലപ്പുഴയിൽ നിന്ന്‌ കന്യാകുമാരിയിലേക്ക്‌ പോകുന്ന ഇവർക്ക്‌ ഇന്ത്യയുടെ തേക്കേയറ്റത്തെ മുനമ്പിൽ നിന്ന്‌ ഒരു ചിത്രമെടുക്കണമെന്ന ആഗ്രഹമുണ്ട്‌. അതിന്‌ ശേഷം ചെന്നൈ വഴി മലേഷ്യയിലേക്ക്‌ മടക്കം. ഇനിയുമേറെ ദൂരം താണ്ടണമെന്ന ഓർമ്മപ്പെടുത്തലോടെ അക്കിസും വൂളയും വാഹനത്തിലേക്ക്‌ കയറി. ഒപ്പം ചരിത്രത്തിന്റെ താളുകളിലേക്കും...

നെഹ്‌റുട്രോഫി കാരിച്ചാലിന്‌; ജലമേളക്കൊടുവിൽ സംഘർഷം


പുന്നമടക്കായലിന്റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിനിർത്തി കൊല്ലം ജീസസ്‌ ബോട്ട്‌ ക്ലബ്‌ തുഴയെറിഞ്ഞ കാരിച്ചാൽ ചുണ്ടൻ നെഹ്‌റുട്രോഫിയിലൂടെ വള്ളംകളിയിലെ സംസ്ഥാന ചാമ്പ്യൻഷിപ്പ്‌ നേടി. കൈനകരി പൊള്ളയിൽ ജിജി ജേക്കബ്‌ ക്യാപ്റ്റനായ കാരിച്ചാൽ നാല്‌ മിനിട്ടും 56 സെക്കന്റും സമയമെടുത്താണ്‌ നാലാംട്രാക്കിൽ 1350 മീറ്റർ ദൂരം താണ്ടി ഫിനിഷിംഗ്‌ പോയിന്റിലാദ്യമെത്തിയത്‌. കോട്ടയം മഞ്ചാടിക്കരി എയ്ഞ്ചൽ ബോട്ട്‌ ക്ലബിലെ കറ്റാനം സണ്ണി തുഴഞ്ഞ ചെറുതന ചുണ്ടൻ രണ്ടാംസ്ഥാനത്തെത്തിയപ്പോൾ പായിപ്പാടിന്‌ മൂന്നാംസ്ഥാനം കൊണ്ട്‌ തൃപ്തിപ്പെടേണ്ടി വന്നു. തുടർച്ചയായി നാലുവർഷം നെഹ്‌റുട്രോഫി നേടിയ കുമരകം ടൗൺബോട്ട്‌ ക്ലബ്‌ നാലാംസ്ഥാനത്തേക്ക്‌ അട്ടിമറിക്കപ്പെട്ടു. ഇവർ ഇക്കുറി പട്ടാറ ചുണ്ടനിലാണ്‌ തുഴഞ്ഞത്‌. കാണികളെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയാണ്‌ ഫൈനൽ മൽസരത്തിൽ ചുണ്ടനുകൾ പുന്നമടക്കായലിൽ പോരാടിയത്‌.

അതേസമയം ഫൈനൽ മൽസരത്തിന്‌ ശേഷം പുന്നമടക്കായലിലുണ്ടായ സംഘർഷം വള്ളംകളിയുടെ മാറ്റ്‌ കുറച്ചു. ഫൈനലിന്‌ ശേഷം ചുണ്ടൻവള്ളങ്ങളിലെ തുഴക്കാർ തമ്മിലടിച്ചതും കാണികൾക്ക്‌ നേരെ പോലീസ്‌ നടത്തിയ അക്രമവും ജലമേളക്ക്‌ കല്ലുകടിയായി. വിജയികളായ കാരിച്ചാൽ ചുണ്ടനിലെ തുഴക്കാർ ഫിനിഷിംഗ്‌ പോയിന്റ്‌ കടന്നപ്പോൾ നാലാംസ്ഥാനക്കാരായ പട്ടാറ ചുണ്ടനിലെ തുഴക്കാർ അവരെ തുഴ കൊണ്ട്‌ അടിച്ചതാണ്‌ പ്രശ്നങ്ങളുടെ തുടക്കം. കാരിച്ചാലും തിരച്ചടിച്ചതോടെ സംഘർഷം മൂർച്ഛിച്ചു. ഇതിനിടെ കാണികളിൽ ചിലർ തുഴക്കാരെ കല്ലെറിഞ്ഞുവെന്നാരോപിച്ച്‌ ആൾ വ്യൂ പവിലിയനിലിരുന്ന കാണികൾക്ക്‌ നേരെ പോലീസ്‌ ലാത്തിവീശി. ലാത്തിയടിക്കിടെ ഗ്യാലറിയിൽ നിന്ന്‌ വീണും മറ്റും നിരവധി പേർക്ക്‌ പരിക്കേറ്റു.

സ്പോർട്ട്സ്‌ മന്ത്രി s വിജയകുമാർ പതാകയുയർത്തിയതോടെയാണ്‌ ഇന്നലെ രണ്ട്‌ മണിയോടെ ജലമേളക്ക്‌ തുടക്കമായത്‌. കേന്ദ്ര ഊർജ്ജവകുപ്പ്‌ മന്ത്രി സുശീൽകുമാർ ഷിൻഡെ മൽസരങ്ങൾ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ നെഹ്‌റുട്രോഫിക്ക്‌ പത്ത്‌ ലക്ഷം രൂപയുടെ കേന്ദ്രധനസഹായം നൽകുമെന്ന്‌ ഉദ്ഘാടന പ്രസംഗത്തിൽ സുശീൽകുമാർ ഷിൻഡെ പ്രഖ്യാപിച്ചു. മന്ത്രിമാരായ ജി സുധാകരൻ, മോൻസ്‌ ജോസഫ്‌ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

രണ്ടാംസ്ഥാനക്കാർക്ക്‌ വേണ്ടിയുള്ള ചുണ്ടൻ ലൂസേഴ്സ്‌ ഫൈനലിൽ ജവഹർ തായങ്കരിക്കാണ്‌ ഒന്നാംസ്ഥാനം. ശ്രീഗണേഷ്‌ രണ്ടും വെള്ളംകുളങ്ങര മൂന്നാമതുമെത്തി. നാലാമതായി ആനാരി പുത്തൻചുണ്ടൻ ഫിനിഷ്‌ ചെയ്തു. ചുണ്ടൻവള്ളങ്ങളുടെ പ്രദർശന തുഴച്ചിലിൽ ആയാപറമ്പ്‌ പാണ്ടിയാണ്‌ പുളിങ്കുന്ന്‌ ചുണ്ടനെ പിന്നിലാക്കി ഒന്നാമതെത്തിയത്‌. പാർത്ഥസാരഥി മൂന്നാമതായി ഫിനിഷിംഗ്‌ പോയിന്റ്‌ കടന്നു.

ബ്രിട്ടീഷ്‌ വനിത ജൂലി അമറിന്റെ നേതൃത്വത്തിൽ ഹാട്രിക്‌ തേടിയെത്തിയ വിദേശവനിതകളുടെ വള്ളം ചെല്ലിക്കാടന്‌ ഫൈനലിൽ അടിതെറ്റി. ആലപ്പുഴ ടൗൺ ബോട്ട്‌ ക്ലബിലെ കുമാരി മീനാമ്മയുടെ നേതൃത്വത്തിലുള്ള കാട്ടിൽ തെക്കതിലാണ്‌ ഇഞ്ചുകളുടെ വ്യത്യാസത്തിൽ ചെല്ലിക്കാടനെ പിന്തള്ളി ഒന്നാമതെത്തിയത്‌. ചുരുളൻ ഫൈനലിൽ കോടിമത ഒന്നാംസ്ഥാനം നേടിയപ്പോൾ വേലങ്ങാടൻ, കുറുപ്പുപറമ്പൻ എന്നീ വള്ളങ്ങൾ രണ്ടും മൂന്നും സ്ഥാനത്തെത്തി. ഇരുട്ടുകുത്തി ബി ഗ്രേഡ്‌ ഫൈനലിൽ ഹനുമാൻ നമ്പർ വൺ വിജയിയായി. സെന്റ്‌ സെബാസ്റ്റ്യൻ രണ്ടും ശ്രീ ഗുരുവായൂരപ്പൻ മൂന്നും സ്ഥാനം നേടി. വെപ്പ്‌ എ ഗ്രേഡിൽ പുന്നത്ര പുരക്കൽ ഒന്നാമതും തോട്ടുകടവൻ രണ്ടാമതും ഫിനിഷിംഗ്‌ പോയിന്റിലെത്തി. ഡൽഹിക്കാണ്‌ മൂന്നാംസ്ഥാനം.

ഇരുട്ടുകുത്തി എ ഗ്രേഡ്‌ ഫൈനലിൽ മാമ്മൂടൻ ഒന്നാംസ്ഥാനത്തിനർഹരായി. രണ്ടാംസ്ഥാനത്തായി കരുവേലിത്തറ, മൂന്നാംസ്ഥാനത്തായി ഡായി നമ്പർ വൺ എന്നീ വള്ളങ്ങൾ ഫിനിഷ്‌ ചെയ്തു. വെപ്പ്‌ എ ഗ്രേഡിൽ അമ്പലക്കടവനാണ്‌ ട്രോഫി. ജയ്ഷോട്ട്‌ രണ്ടാമതും കോട്ടപ്പറമ്പൻ മൂന്നാമതുമെത്തി. വിജയികൾക്ക്‌ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണൻ ട്രോഫികൾ സമ്മാനിച്ചു.

റിയാലിറ്റി ഷോ; മനസ്സുതുറന്ന്‌ ലക്ഷ്മി ഗോപാലസ്വാമി



ചാനലുകൾ നടത്തുന്ന റിയാലിറ്റി ഷോകളെ അനുകൂലിച്ചും പ്രതികൂലിച്ചും കേരളത്തിൽ വിവിധ ചർച്ചകൾ ഉയരുമ്പോഴും പ്രമുഖ റിയാലിറ്റി ഷോയിലെ വിധികർത്താവായ ലക്ഷ്മി ഗോപാലസ്വാമിക്ക്‌ അങ്കലാപ്പുകളൊന്നും അവശേഷിക്കുന്നില്ല. നെഹ്‌റുട്രോഫി ജലമേളയോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടിയിൽ നൃത്തമവതരിപ്പിക്കാൻ ആലപ്പുഴയിലെത്തിയ ലക്ഷ്മി ഗോപാലസ്വാമി ഇന്നലെ മാധ്യമങ്ങളോട്‌ മനസ്സ്‌ തുറന്നപ്പോൾ ചോദ്യങ്ങളധികവും റിയാലിറ്റി ഷോകളെ കുറിച്ചായിരുന്നുവെന്നത്‌ യാദൃശ്ചികമല്ല. എന്നാൽ പക്ഷം പിടിക്കാതെ ലക്ഷ്മി നൽകിയ ഉത്തരങ്ങളിൽ നിറഞ്ഞത്‌ മൽസരാർത്ഥികളുടെ വേദനയുടെയും രക്ഷിതാക്കളുടെ മാനസികസമ്മർദ്ദത്തിന്റെയും നേരറിവുകളായിരുന്നു...

?.റിയാലിറ്റി ഷോകളിൽ മൽസരാർത്ഥികൾക്ക്‌ വിധികർത്താക്കളിൽ നിന്ന്‌ മാനസിക പീഡനമുണ്ടാകുന്നുവെന്ന ആരോപണത്തെക്കുറിച്ച്‌ എന്താണഭിപ്രായം.

വിധികർത്താക്കളിൽ നിന്ന്‌ മാനസിക പീഡനമുണ്ടാകുന്നുണ്ടോയെന്നറിയില്ല. പക്ഷെ രക്ഷിതാക്കളിൽ നിന്ന്‌ മൽസരാർത്ഥികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ഏറെയാണ്‌. രക്ഷിതാക്കൾ അൽപ്പം കൂടി ദയ കാട്ടണം. ലക്ഷങ്ങൾ വിലമതിക്കുന്ന സമ്മാനങ്ങളാണ്‌ രക്ഷിതാക്കളെ സമ്മർദ്ദത്തിന്‌ പ്രേരിപ്പിക്കുന്നത്‌. റിയാലിറ്റി ഷോ ഒരിക്കലും അവസാനവാക്കല്ല. ഈ മൽസരത്തിൽ പരാജയപ്പെട്ടാൽ എല്ലാം കഴിഞ്ഞുവെന്ന തോന്നലാണ്‌ പലർക്കും. ഇത്‌ ശരിയല്ല. കൂടുതൽ പഠനത്തിനുള്ള വേദികളായി റിയാലിറ്റി ഷോകളെ മൽസരാർത്ഥികൾ കാണണം.

?.റിയാലിറ്റി ഷോകളിലൂടെ യഥാർത്ഥ പ്രതിഭയെ കണ്ടെത്താൻ കഴിയുന്നുണ്ടോ.

തീർച്ചയായും. റിയാലിറ്റി ഷോകളിൽ നിറയുന്നത്‌ പ്രതിഭകൾ തന്നെയാണ്‌. പക്ഷെ എസ്‌ എം എസുകളല്ല ഒരു പ്രതിഭയെ നിശ്ചയിക്കുന്നത്‌ എന്ന അഭിപ്രായക്കാരിയാണ്‌ ഞാൻ. മികച്ച പ്രകടനം കാഴ്ചവെച്ചാൽ പോലും ചിലപ്പോൾ എസ്‌ എം എസിന്റെ കുറവിൽ ചിലർ പിന്തള്ളപ്പെടും. അടുത്തിടെ മലയാളത്തിൽ നടന്ന റിയാലിറ്റി ഷോയിൽ വിജയിച്ചത്‌ യഥാർത്ഥ പ്രതിഭയാണ്‌. പക്ഷെ അതേ ഷോയിൽ എസ്‌ എം എസ്‌ കുറഞ്ഞതിന്റെ പേരിൽ മറ്റൊരു പെൺകുട്ടി മൽസരത്തിൽ നിന്ന്‌ പുറത്താവുകയും ചെയ്തു.

?.നർത്തകി, അഭിനേത്രി എന്നീ നിലകളിൽ തിളങ്ങുന്ന ലക്ഷ്മിക്ക്‌ ഏതിനോടാണ്‌ കൂടുതൽ താൽപ്പര്യം.

നൃത്തത്തെ ഒഴിവാക്കിയൊന്നുമില്ല. പക്ഷെ അഭിനയവും ഞാൻ ആസ്വദിക്കുന്നുണ്ട്‌. നൃത്തം പഠിച്ചത്‌ അഭിനയത്തിന്‌ ഏറെ സഹായിച്ചിട്ടുണ്ട്‌. അതുപോലെ അഭിനയത്തിൽ നിന്ന്‌ ലഭിച്ച പ്രശസ്തി നൃത്തത്തെയും ബാധിച്ചിട്ടുണ്ട്‌. തിരക്കിട്ട്‌ സിനിമകളിൽ അഭിനയിക്കുക എന്ന രീതി എനിക്കില്ല. ഇപ്പോൾ മലയാളനടി നവ്യാനായരോടൊപ്പം ഒരു കന്നട സിനിമയിൽ അഭിനയിക്കുന്നുണ്ട്‌. ഹിന്ദിയിലും ഒരു ചിത്രമുണ്ട്‌.

?.മലയാള സിനിമയെക്കുറിച്ച്‌..

മലയാള സിനിമയോട്‌ എനിക്ക്‌ ആദരവാണ്‌. മലയാളഭാഷയിൽ അഭിനയിക്കാൻ കഴിഞ്ഞത്‌ അഭിമാനകരമാണ്‌. മറ്റ്‌ ഭാഷകളിൽ നായകന്‌ പ്രാധാന്യം ലഭിക്കുമ്പോൾ മലയാളത്തിൽ നായികക്ക്‌ നായകനോളം പ്രാധാന്യമുണ്ട്‌. മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ്ഗോപി ഇവരെല്ലാം മികച്ച അഭിനേതാക്കളാണ്‌. ഇവരെല്ലാവരും തന്റെ അഭിനയത്തെ ഏറെ സഹായിച്ചിട്ടുണ്ട്‌...

നർത്തകിമാരായ പത്മാ സുബ്രഹ്മണ്യം, നീലാ സാംസൻ, വൈജയന്തിമാല എന്നിവരെ ആരാധിക്കുന്ന ലക്ഷ്മിക്ക്‌ പിന്നെയുമേറെ പറയാനുണ്ടായിരുന്നു. ബാംഗ്ലൂരിലേക്ക്‌ തിരികെ മടങ്ങേണ്ടതിനാൽ നെഹ്‌റുട്രോഫി ജലമേള നേരിട്ടു കാണാൻ കഴിയാത്തതിന്റെ സങ്കടവും ലക്ഷ്മിയുടെ വാക്കുകളിലുണ്ടായിരുന്നു...

പരിഭവം അലിഞ്ഞ്‌ ഗൗരിയമ്മ; ചർച്ച തൃപ്തികരമെന്ന്‌ കോൺഗ്രസ്‌


കേവലം ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ ഗൗരിയമ്മയുടെ പരിഭവമലിഞ്ഞപ്പോൾ ഒരുമിച്ച്‌ ഉച്ചഭക്ഷണവും കഴിച്ച്‌ സംതൃപ്തിയോടെ കോൺഗ്രസ്‌ നേതാക്കൾ മടങ്ങി. പാഠപുസ്തക സമരവുമായി ബന്ധപ്പെട്ട്‌ അടുത്തിടെ മുന്നണിക്കുള്ളിൽ ഗൗരിയമ്മ ഉയർത്തിയ വിരുദ്ധാഭിപ്രായങ്ങൾക്കും അതോടെ പരിസമാപ്തിയായി. ഇന്നലെ ഉച്ചയ്ക്ക്‌ ഒരു മണിയോടെയാണ്‌ ഡി സി സി പ്രസിഡന്റ്‌ എ എ ഷുക്കൂർ, യു ഡി എഫ്‌ ജില്ലാ ചെയർമാൻ അഡ്വ. സി ആർ ജയപ്രകാശ്‌, കെ പി സി സി സെക്രട്ടറി അഡ്വ. ജോൺസൺ എബ്രഹാം എന്നിവർക്കൊപ്പം കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും പ്രതിപക്ഷ നേതാവ്‌ ഉമ്മൻചാണ്ടിയും ആലപ്പുഴയിലെ ചാത്തനാട്ടുള്ള കെ ആർ ഗൗരിയമ്മയുടെ വസതിയിലെത്തിയത്‌. ജെ എസ്‌ എസ്‌ പ്രസിഡന്റ്‌ അഡ്വ. രാജൻബാബു, കെ കെ ഷാജു എം എൽ എ എന്നിവർ നേരത്തെ തന്നെ ഗൗരിയമ്മയുടെ വീട്ടിലെത്തിയിരുന്നു.
പാർട്ടി ജനറൽ സെക്രട്ടറിയുടെ ഗൗരവത്തിന്‌ പകരം വീട്ടമ്മയുടെ ആതിഥേയ മര്യാദയിലാണ്‌ ഗൗരിയമ്മ നേതാക്കളെ സ്വീകരിച്ചത്‌. സ്വീകരണ മുറിയിൽ മാധ്യമപ്പട തിരക്ക്‌ കൂട്ടിയപ്പോൾ കണിശക്കാരിയായ കുഞ്ഞമ്മ ചെറിയൊരു പിണക്കം നടിച്ചു. 'ഞങ്ങൾക്ക്‌ ചിലത്‌ സംസാരിക്കാനുണ്ട്‌, അത്‌ പിന്നീട്‌ നിങ്ങളെ അറിയിക്കാമെന്ന്‌' പറഞ്ഞു തുടങ്ങിയ ഗൗരിയമ്മയുടെ വാക്കുകൾ കൂടുതൽ ഉച്ചത്തിലാകുന്നതിന്‌ മുമ്പ്‌ മാധ്യമ പ്രവർത്തകർ മുറി വിട്ടൊഴിഞ്ഞു. ഒപ്പം രമേശും ഉമ്മൻചാണ്ടിയും ഒഴികെയുള്ള നേതാക്കളും. ഒരു മണിക്കൂർ നീണ്ട ചർച്ചക്ക്‌ ശേഷം പരിഭവം അൽപ്പം പോലും ബാക്കിവെയ്ക്കാതെ പുറത്തുവന്ന ഗൗരിയമ്മ, നേരമേറെ കഴിയുന്നതിന്‌ മുമ്പുതന്നെ പതിവ്‌ പരിഭവം വീണ്ടും മുഖത്തണിഞ്ഞു. ഉച്ചഭക്ഷണത്തിന്‌ നിൽക്കാതെ ധൃതിയിൽ തിരുവനന്തപുരത്തേക്ക്‌ മടങ്ങാനൊരുങ്ങുന്ന ഉമ്മൻചാണ്ടിയോടായിരുന്നു വാൽസല്യം നിറഞ്ഞ ആ പരിഭവം.
തന്റെ തിരക്ക്‌ ബോധ്യപ്പെടുത്തി 'കുഞ്ഞമ്മ'യെ അനുനയിപ്പിക്കാൻ 'കുഞ്ഞൂഞ്ഞി'ന്‌ അൽപ്പം പാടുപെടേണ്ടിവന്നു. പിന്നെ രമേശിന്റെ കൈപിടിച്ച്‌ ഭക്ഷണ മുറിയിലേക്ക്‌. തീൻമേശക്ക്‌ ചുറ്റുമിരുന്ന നേതാക്കൾക്ക്‌ സ്വന്തം കൈകൊണ്ട്‌ ഭക്ഷണവും മനസ്സ്‌ നിറയെ സ്നേഹവും ഗൗരിയമ്മ വിളമ്പി. തമാശകളും ശാസനകളും ഇടകലർന്ന ഭക്ഷണ വേളയിൽ പക്ഷെ രാഷ്ട്രീയമൊന്നും ഗൗരിയമ്മയുടെ നാവിൽ നിന്ന്‌ വീണില്ല. പിന്നീട്‌ മാധ്യമപ്രവർത്തകരെ കണ്ട രമേശ്‌ ചെന്നിത്തല ചർച്ച തൃപ്തികരമായിരുന്നുവെന്ന്‌ അഭിപ്രായപ്പെട്ടു. ഗൗരിയമ്മയ്ക്കും മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ല. വൈകുന്നേരം മൂന്നുമണിയോടെ രമേശ്‌ ചെന്നിത്തല വീടിന്റെ പടിയിറങ്ങുമ്പോൾ യാത്രമൊഴിയുമായി പൂമുഖം വരെ 'കേരളത്തിന്റെ വീരാംഗന' അനുഗമിച്ചു. ഡി സി സി ജനറൽ സെക്രട്ടറിമാരായ പി നാരായണൻകുട്ടി, ബി ബൈജു, ജെ എസ്‌ എസ്‌ നേതാവ്‌ ജി പുഷ്പരാജൻ എന്നിവരും നേതാക്കൾക്കൊപ്പമുണ്ടായിരുന്നു.

ഷാജി എന്‍ കരുണിണ്റ്റെ 'കുട്ടിസ്രാങ്ക്‌' ആലപ്പുഴയില്‍ തുടങ്ങി


മലയാള സിനിമാ നിര്‍മ്മാണ രംഗത്തെ പ്രതിസന്ധികള്‍ക്കിടെ പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണിണ്റ്റെ പുതിയ സിനിമ 'കുട്ടിസ്രാങ്ക്‌' ചിത്രീകരണം ആലപ്പുഴയില്‍ തുടങ്ങി. ആലപ്പുഴയുടെ കായല്‍ ഭംഗിയില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ മമ്മൂട്ടിയാണ്‌ നായകന്‍. സിനിമയുടെ പേര്‌ തന്നെയാണ്‌ മമ്മൂട്ടിയുടെ കഥാപാത്രത്തിനും. ഇന്നലെ രാവിലെ ചേര്‍ത്തല പള്ളിപ്പുറം ബോട്ട്ജെട്ടിയിലാണ്‌ ആദ്യഷോട്ടിനുള്ള ക്ളാപ്പടിച്ചത്‌.

കാക്കി ഷര്‍ട്ടും കൈലിമുണ്ടും ധരിച്ച്‌ ബോട്ടില്‍ ജോലി ചെയ്യുന്ന സ്രാങ്കിണ്റ്റെ ചില സീനുകളാണ്‌ ഇന്നലെ ചിത്രീകരിച്ചത്‌. സിനിമ സംഘടനകള്‍ തമ്മിലുണ്ടായിരിക്കുന്ന പ്രശ്നം തണ്റ്റെ സിനിമയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന്‌ ഷാജി എന്‍ കരുണ്‍ ‌ പറഞ്ഞു. സിനിമ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്ന്‌ ചിന്തിക്കുന്നതിന്‌ പകരം സംഘടനക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ്‌ ഇപ്പോഴത്തെ പ്രശ്നമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1955-56 കാലഘട്ടങ്ങളില്‍ നടക്കുന്ന ഒരു മരണത്തെക്കുറിച്ചുള്ള അന്വേഷണമാണ്‌ കഥയുടെ പശ്ചാത്തലം. നായകനായ ബോട്ട്‌ സ്രാങ്ക്‌ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തുന്നതും പിന്നീട്‌ മൂന്ന്‌ സ്ത്രീകള്‍ നല്‍കുന്ന വിവരണത്തിലൂടെ മരിച്ചയാളുടെ വ്യക്തിത്വം വെളിപ്പെടുന്നതുമാണ്‌ കഥാഗതി. കഥയില്‍ രാഷ്ട്രീയമില്ല, പക്ഷെ സിനിമയുടെ ചില ജാലവിദ്യകള്‍ ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ടെന്ന്‌ സംവിധായകന്‍ പറയുന്നു.

മൂന്ന്‌ നായികമാരില്‍ ഒരാളായി അഭിനയിക്കുന്ന ബംഗാളി നടി കമലിനി മുഖര്‍ജിയും മമ്മൂട്ടിയുമായുള്ള ചില കോമ്പിനേഷന്‍ സീനുകളുമെടുത്തു. വേട്ടയാട്‌ വിളയാട്‌ എന്ന തമിഴ്‌ ചിത്രത്തില്‍ കമലഹാസണ്റ്റെ ഭാര്യയായി വേഷമിട്ട നടിയാണ്‌ കമലിനി. ചട്ടയും മുണ്ടുമണിഞ്ഞ്‌ സെറ്റില്‍ കറങ്ങി നടന്ന കമലിനിയെ ഷൂട്ടിംഗ്‌ കാണാനെത്തിയവരാരും തിരിച്ചറിഞ്ഞില്ല. പത്മപ്രിയ, ശ്രീലങ്കന്‍ നടി മീനാകുമാരി എന്നിവരാണ്‌ മറ്റ്‌ നായികമാര്‍. കുട്ടിസ്രാങ്കിണ്റ്റെ ക്യാമറ കൈകാര്യം ചെയ്യുന്ന അഞ്ജലിയായിരുന്നു ഏവരുടെയും ശ്രദ്ധാകേന്ദ്രം. മലയാളത്തില്‍ ആദ്യമായാണ്‌ ക്യാമറാവുമണ്‍ ഒരു മുഴുനീള ചിത്രത്തിണ്റ്റെ അമരത്തെത്തുന്നത്‌. പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ്‌ ശിവണ്റ്റെ ശിഷ്യയാണ്‌ അഞ്ജലി.

പോര്‍ച്ച്ഗീസുകാരി മറിയത്തിനാണ്‌ കലാസംവിധാനത്തിണ്റ്റെ ചുമതല. ഷാജി എന്‍ കരുണിണ്റ്റെ കഥയ്ക്ക്‌ പി എഫ്‌ മാത്യൂസാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌. ബിഗ്‌ മോഷണ്റ്റെ ബാനറില്‍ റിലയന്‍സ്‌ എണ്റ്റര്‍ടെയ്ന്‍മെണ്റ്റ്‌ ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കുട്ടിസ്രാങ്കിനുണ്ട്‌. ഇന്നലെ പള്ളിപ്പുറം ജെട്ടിയില്‍ നിന്ന്‌ പായ്ക്കപ്പ്‌ ചെയ്ത സിനിമാ സംഘം ഇന്നും നാളെയും വൈക്കം പൂത്തോട്ടയില്‍ ചിത്രീകരണം തുടരും.

മാക്ട പിളരുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു: ഫാസില്‍


മാക്ട ഫെഡറേഷനില്‍ ഇപ്പോഴുണ്ടായ സംഭവ വികാസങ്ങള്‍ താന്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്ന്‌ സംവിധായകന്‍ ഫാസില്‍. ആലപ്പുഴയിലെ വീട്ടിലിരുന്ന്‌ വാസ്തവത്തോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറേഷന്‍ ചെയര്‍മാന്‍ വിനയണ്റ്റെ ഉദ്ദേശശുദ്ധിയില്‍ നേരത്തെതന്നെ പലര്‍ക്കും സംശയം ഉണ്ടായിരുന്നു. സംഘടനയെ വ്യക്തിതാല്‍പ്പര്യത്തിണ്റ്റെ പേരില്‍ വിനയന്‍ ദുരുപയോഗം ചെയ്യുകയാണെന്ന്‌ ഫാസില്‍ പറഞ്ഞു. ദിലീപിണ്റ്റെ പാദസേവകരാണ്‌ സംഘടനയില്‍ നിന്ന്‌ രാജിവെച്ചതെന്ന്‌ വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. അദ്ദേഹത്തിണ്റ്റെ അവസരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ്‌ കൂട്ടരാജിയുണ്ടായതെന്ന്‌ ഇനിയെങ്കിലും മനസിലാക്കണം. തുളസീദാസും നിര്‍മ്മാതാവുമായുള്ള പ്രശ്നം സംവിധായകരുടെ സംഘടനയില്‍ ചര്‍ച്ച ചെയ്ത്‌ തീര്‍ക്കാമായിരുന്നു. ഇതാണ്‌ സിദ്ദീഖ്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍ താരങ്ങളുടെ ഡേറ്റ്‌ ലഭിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ്‌ സംവിധായകരെന്ന്‌ വിനയന്‍ ആക്ഷേപിച്ചത്‌ ശരിയായില്ല. തുളസീദാസിനെ ഈ പ്രശ്നത്തില്‍ വിനയന്‍ ബലിയാടാക്കുകയായിരുന്നു. ഏതെങ്കിലുമൊരു താരത്തെയോ സംവിധായകനെയോ ഉപരോധിക്കാനോ ഇല്ലാതാക്കനോ അല്ല സംഘടനയെ ഉപയോഗിക്കേണ്ടത്‌. ചലച്ചിത്ര മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അവരെ പൊതുവേദിയില്‍ അപമാനിക്കുന്നതിനുമെതിരെ പോരാടുന്നതിനുമാണ്‌ സംഘടന . ഇക്കാര്യങ്ങള്‍ ഇനിയെങ്കിലും വിനയന്‍ മനസിലാക്കണമെന്നും ഫാസില്‍ പറഞ്ഞു.

മാക്ട പിളര്‍ന്നു; പുതിയ സംഘടനയ്ക്ക്‌ അണിയറയില്‍ നീക്കം

മലയാള സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മാക്ട ഫെഡറേഷനില്‍ നിന്ന്‌ പ്രമുഖര്‍ രാജിവെച്ചത്‌ പുതിയ സംഘടനയിലേക്കുള്ള വഴിതുറക്കലെന്ന്‌ സൂചന. ചലച്ചിത്ര നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന 19 സംഘടനകള്‍ ചേര്‍ന്നുണ്ടാക്കിയ മാക്ട ഫെഡറേഷന്‍ പിളര്‍ന്നതോടെ ഓരോ വിഭാഗത്തിലെയും സംവിധായകരെയും ടെക്നീഷ്യന്‍മാരെയും മറ്റ്‌ ജീവനക്കാരെയും അണിനിരത്തിയാണ്‌ പുതിയ സംഘടന നിലവില്‍ വരിക. മാക്ട ഫെഡറേഷന്‍ ചെയര്‍മാന്‍ വിനയണ്റ്റെ ഏകപക്ഷീയമായ നിലപാടില്‍ നേരത്തെതന്നെ അമര്‍ഷമുണ്ടായിരുന്ന ഭാരവാഹികളില്‍ പലരും പുതിയ സംഘടനയെക്കുറിച്ച്‌ ചര്‍ച്ച ചെയ്തിരുന്നതാണ്‌. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സംവിധായകരായ സിദ്ദീഖിനും രഞ്ജിത്തിനുമെതിരെ വിമര്‍ശനമുന്നയിച്ച വിനയണ്റ്റെ നടപടി പുതിയ സംഘടനാശ്രമത്തിന്‌ ആക്കം കൂട്ടുകയായിരുന്നു. സംവിധായകരായ ഫാസില്‍, സത്യന്‍ അന്തിക്കാട്‌, ജോഷി, കമല്‍, ലാല്‍ജോസ്‌, ജോണി ആണ്റ്റണി, ടി കെ രാജീവ്കുമാര്‍, പ്രിയദര്‍ശന്‍, സിദ്ദീഖ്‌, രഞ്ജിത്ത്‌, ഷാഫി, റാഫി മെക്കാര്‍ട്ടിന്‍, എം പത്മകുമാര്‍, വി എം വിനു, അമല്‍നീരദ്‌ തിരക്കഥാകൃത്ത്‌ ജോണ്‍പോള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ സംഘടന രൂപം കൊള്ളുമെന്നാണറിയുന്നത്‌. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന്‌ വിനയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അതിരുകടന്നതായിരുന്നുവെന്നാണ്‌ രാജിവെച്ചവരില്‍ പലരുടെയും അഭിപ്രായം. തുളസീദാസ്‌-ദിലീപ്‌ പ്രശ്നത്തിണ്റ്റെ പേരില്‍ വിനയന്‍ ഏകാധിപത്യപരമായ നിലപാടാണ്‌ സ്വീകരിച്ചതെന്നും പ്രമുഖ സംവിധായകര്‍ പറയുന്നു. ഈ പ്രശ്നം ഒന്നിച്ചിരുന്ന്‌ ചര്‍ച്ച ചെയ്ത്‌ പരിഹരിക്കേണ്ടതിന്‌ പകരം ദിലീപുമായുള്ള അഭിപ്രായ വ്യത്യാസം വിനയന്‍ മുതലെടുക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്‌. അതേസമയം മലയാള ചലച്ചിത്ര മേഖലയില്‍ പുതിയൊരു സംഘടനയ്ക്ക്‌ സാധ്യതയില്ലെന്ന്‌ ഒരു വിഭാഗം പറയുന്നു. സൌത്ത്‌ ഇന്ത്യന്‍ ചലച്ചിത്ര സംഘടനയായ ഫെപ്സിയുടെ നിര്‍ദ്ദേശപ്രകാരം മുന്നോട്ടുപോകുന്ന സംഘടനയായ മാക്ടയില്‍ നിന്ന്‌ രാജിവെച്ചവര്‍ പുതിയ സംഘടനയുണ്ടാക്കിയാല്‍ അവര്‍ക്ക്‌ ചലച്ചിത്ര നിര്‍മ്മാണ മേഖലയില്‍ പല പ്രതിസന്ധികളും നേരിടേണ്ടി വരുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. aifac‌ എന്ന ദേശീയ ചലച്ചിത്ര സംഘടനയും പുതിയ മലയാള സംഘടനയെ അംഗീകരിക്കില്ലത്രേ. ഈ സാഹചര്യത്തില്‍ പുതിയ സംഘടനാ പ്രവര്‍ത്തകര്‍ക്ക്‌ മറ്റ്‌ സംസ്ഥാനങ്ങളില്‍ ചിത്രീകരണം നടത്താനോ ലാബ്‌ പ്രവര്‍ത്തനങ്ങള്‍ക്കോ പ്രിണ്റ്റെടുക്കുന്നതിനോ സാധിക്കില്ലെന്നാണ്‌ ഇവരുടെ വാദം. ഏതായാലും ജനപ്രിയരായ സംവിധായകരും തിരക്കഥാകൃത്തുക്കളും ഫെഡറേഷനുമായി ഇടഞ്ഞ സാഹചര്യത്തില്‍ മാക്ടയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുമെന്ന കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും ഒരേ അഭിപ്രായമാണ്‌.

പ്രേംനസീറിണ്റ്റെ ഡ്യൂപ്പായി തിരശീലയില്‍; കോയ അന്നം തേടുന്നത്‌ കുടശീലയില്‍


നിത്യവസന്തം പ്രേംനസീറിണ്റ്റെ ഡ്യൂപ്പായി ഒരുകാലത്ത്‌ വെള്ളിത്തിരയില്‍ തിളങ്ങിയ കോയ എന്ന 70-കാരന്‍ അന്നം തേടുന്നത്‌ കുടശീലയില്‍. പ്രേംനസീറിണ്റ്റെ പകരക്കാരനായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളള ആലപ്പുഴ ചാത്തനാട്‌ വെളിമ്പറമ്പില്‍ കോയയുടെ പേരിനൊപ്പം 'നസീര്‍ കോയ'യെന്ന വിശേഷണമുണ്ടെങ്കിലും മറ്റൊരു മാര്‍ഗ്ഗമില്ലാത്തതിനാല്‍ തെരുവില്‍ കുടകള്‍ നന്നാക്കിയാണ്‌ ഉപജീവനം. നഗരത്തിലെ ഇരുമ്പുപാലത്തിന്‌ വടക്കേക്കരയിലുളള റോഡിലൂടെ നടന്നു പോകുന്ന പഴയകാല സിനിമാക്കാരില്‍ ചിലരെങ്കിലും തിരിച്ചറിയുന്നത്‌ മാത്രമാണ്‌ കോയയുടെ പ്രതാപകാലത്തിണ്റ്റെ സാക്ഷ്യം.

16-ാം വയസില്‍ തിക്കുറിശിയുടെ 'ശരിയോ തെറ്റോ' എന്ന സിനിമയില്‍ ബാലനടനായാണ്‌ കോയയുടെ രംഗപ്രവേശനം. പിന്നീട്‌ ഭാര്യ, കടലമ്മ, റബേക്ക, പഴശിരാജ, അനാര്‍ക്കലി, പാവങ്ങള്‍ പെണ്ണുങ്ങള്‍, പാലാട്ടു കോമന്‍, പടയോട്ടം തുടങ്ങി നൂറിലേറെ ചിത്രങ്ങളില്‍ വേഷക്കാരനായി. തണ്ടും തടിയും കുറഞ്ഞപ്പോള്‍ കോയയെ ആര്‍ക്കും വേണ്ടാതായി. ഏറെ കാലത്തിന്‌ ശേഷം വിയറ്റ്നാം കോളനി, കര്‍മ്മ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച കോയ വെള്ളിത്തിരയില്‍ നിന്ന്‌ ഉപജീവനം തേടി തെരുവിലേക്കിറങ്ങി. യൌവ്വനകാലത്ത്‌ പ്രേംനസീറിണ്റ്റെ രൂപസാദൃശ്യമുണ്ടായിരുന്ന കോയയ്ക്ക്‌ വെള്ളിത്തിര അന്നം നല്‍കാന്‍ കാരണവും അതായിരുന്നു. വിശപ്പിണ്റ്റെ വിളി എന്ന സിനിമ മുതലാണ്‌ നസീറിണ്റ്റെ ഡ്യൂപ്പായത്‌. സ്റ്റണ്ട്‌ രംഗങ്ങളില്‍ കോയ പലകുറി നിത്യഹരിത നായകണ്റ്റെ പകരക്കാരനായിട്ടുണ്ട്‌.

പാലാട്ട്‌ കോമനിലെ കാട്ടാള രാജാവ്‌, അനാര്‍ക്കലിയിലെ രാജകുമാരന്‍, ഭാര്യയിലെ കുടുംബാംഗം തുടങ്ങി കോയയെ പ്രേക്ഷകര്‍ ശ്രദ്ധിച്ച വേറെയും ചില വേഷങ്ങളുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ രാധാ ടാക്കീസില്‍ നാടകം കളിക്കുമ്പോള്‍ കോയയുടെ അഭിനയം ക്യാമറാമാന്‍ കൃഷ്ണന്‍കുട്ടിയുടെ കണ്ണില്‍ പതിഞ്ഞതാണ്‌ സിനിമയിലേക്കുള്ള ആദ്യപടി. നേരെ കോയയെയും കൂട്ടി കൃഷ്ണന്‍കുട്ടി ഉദയാ സ്റ്റുഡിയോയിലെത്തി, അഭിനയിക്കാന്‍ അവസരവും നല്‍കി. പിന്നീട്‌ കോയയ്ക്ക്‌ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തെറ്റില്ലാത്ത പ്രതിഫലവും നാട്ടില്‍ പേരും പെരുമയും നേടി. ഒപ്പം നസീര്‍ കോയയെന്ന നാമവിശേഷണവും. മെറിലാണ്റ്റിലും ചിത്രാഞ്ജലിയിലും റീമേക്കിനെത്തുന്ന ചിത്രങ്ങളിലും കോയ അഭിനയിച്ചു.

പ്രേംനസീറിണ്റ്റെ മരണശേഷം സിനിമയില്‍ കോയയ്ക്ക്‌ 'ഗോഡ്ഫാദര്‍'മാരില്ലാതായി. ഭാര്യയെയും അഞ്ച്‌ മക്കളെയും പട്ടിണിക്കിടാതിരിക്കാനാണ്‌ കോയ പിന്നീട്‌ തെരുവില്‍ അന്നം തേടിയെത്തിയത്‌. മഴ സീസണില്‍ ദിനംപ്രതി നൂറ്‌ രൂപവരെ കുട നന്നാക്കിയാ ല്‍ കോയയ്ക്ക്‌ പ്രതിഫലം ലഭിക്കും. പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞതോടെ ഉണ്ടായിരുന്ന വീടുവിറ്റ്‌ ഭാര്യയോടൊപ്പം ചാത്തനാട്ട്‌ വാടക വീട്ടില്‍ കഴിയുന്ന കോയ വിശപ്പിണ്റ്റെ വിളി മാറ്റാന്‍ നല്ലൊരു മഴ സീസണു വേണ്ടി കാത്തിരിക്കുകയാണ്‌...

മഴയുടെ താളത്തില്‍ ചുവടുവെച്ച്‌ നയന്‍താര; കുസേലന്‍ സിനിമാസംഘം ആലപ്പുഴ വിട്ടു


തെന്നിന്ത്യന്‍ താരരാജാവ്‌ രജനീകന്തിണ്റ്റെ കുസേലനെന്ന തമിഴ്‌ സിനിമയുടെ ഹൈലൈറ്റായ ഗാനരംഗത്തില്‍ മഴയുടെ താളത്തിനൊത്ത്‌ നയന്‍താര ചുവടുവെച്ചപ്പോള്‍ കാറ്റാടി കടപ്പുറത്ത്‌ കുളിരുപെയ്തു. നയണ്റ്റെ വശ്യമായ നൃത്തം തിരശീലയില്‍ മാത്രം കണ്ടിട്ടുള്ള മല്‍സ്യത്തൊഴിലാളികള്‍ക്ക്‌ ഗാനരംഗ ചിത്രീകരണം കനവുകളുടെ കാഴ്ചയായി മാറി. എട്ട്‌ മുതല്‍ 15 വയസുവരെയുള്ള 20-ഓളം കുട്ടികള്‍ നൃത്ത സംവിധായകണ്റ്റെ നിര്‍ദ്ദേശങ്ങള്‍ക്കൊത്ത്‌ നയന്‍താരയ്ക്ക്‌ പിന്നില്‍ അണിനിരന്നു.

അഴകളവുകള്‍ വെളിപ്പെടത്തുന്ന ചുവന്ന സ്ളീവ്ലെസ്‌ മിനിടോപ്പും ചുവന്ന നിറത്തില്‍ കറുത്ത ചെക്കുകളുളള ഷോര്‍ട്ട്‌ സ്കേര്‍ട്ടുമായിരുന്നു നയന്‍താരയുടെ വേഷം. അവസാനദിനത്തില്‍ സീനുകള്‍ ഉണ്ടായിരുന്നില്ലെങ്കിലും വെള്ള ഷര്‍ട്ടും നീല ജീന്‍സും ആര്‍മി ക്യാപും ധരിച്ച്‌ രജനീകാന്ത്‌ കടപ്പുറത്ത്‌ ചുറ്റിയടിച്ചു. കോടികള്‍ പ്രതിഫലം വാങ്ങുന്ന സ്റ്റൈല്‍മന്നനെ തൊട്ടടുത്ത്‌ കണ്ടപ്പോള്‍ ഷൂട്ടിംഗ്‌ കാണാനെത്തിയവര്‍ ആര്‍പ്പുവിളിച്ചു. കനത്ത സുരക്ഷ അവഗണിച്ച്‌ ലൊക്കേഷന്‌ തൊട്ടടുത്തുള്ള മല്‍സ്യത്തൊഴിലാളിയുടെ വീടിണ്റ്റെ ഉമ്മറത്തിരുന്ന്‌ സൂപ്പര്‍സ്റ്റാര്‍ ഊണുകഴിച്ചു.

പുന്നമടക്കായലിലും കാറ്റാടി കടപ്പുറത്തുമായി മൂന്ന്‌ ദിവസം നീണ്ട നൃത്തരംഗത്തിണ്റ്റെ ചിത്രീകരണത്തിന്‌ ശേഷം ഇന്നലെ സിനിമാ സംഘം തമിഴ്നാട്ടിലേക്ക്‌ മടങ്ങി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ രജനീകാന്ത്‌ നാട്ടിലേക്ക്‌ പോയെങ്കിലും രണ്ട്‌ സീനുകള്‍ കൂടി ബാക്കിയുള്ളതിനാല്‍ ഇന്നലെ ഉച്ചയോടെയാണ്‌ ഷൂട്ടിംഗ്‌ പാക്കപ്പായത്‌. ഇതിനിടെ രജനീകാന്തിനൊപ്പം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സഹപാഠിയായിരുന്ന നടന്‍ ശ്രീനിവാസനും ലൊക്കേഷനിലെത്തിയിരുന്നു. കഥ പറയുമ്പോള്‍ എന്ന മലയാള സിനിമയുടെ തമിഴ്‌ പതിപ്പായ കുസേലനിലെ ഈ ഗാനരംഗം സൂപ്പര്‍ഹിറ്റാകുമെന്ന്‌ രജനീകാന്ത്‌ തന്നെ ഷൂട്ടിംഗ്‌ വേളയില്‍ അഭിപ്രായപ്പെട്ടു.

ലക്ഷക്കണക്കിന്‌ രൂപയാണ്‌ ആലപ്പുഴയിലല്‍ നാല്‌ ദിവസത്തെ ഷൂട്ടിംഗിനായി ചെലവഴിച്ചത്‌. ആദ്യദിവസം പുന്നമടക്കായലില്‍ കൂറ്റന്‍ ചങ്ങാടമൊരുക്കിയ കലാസംവിധായകന്‍ തോട്ടാധരണിക്ക്‌ കാറ്റാടി കടപ്പുറത്ത്‌ സെറ്റിടാന്‍ അധികം പണിപ്പെടേണ്ടി വന്നില്ല. കരയില്‍ കയറ്റിവെച്ചിരിക്കുന്ന വള്ളങ്ങളും തൊഴിലാളികള്‍ വലസൂക്ഷിക്കുന്ന ചെറിയ ഷെഡും രൂപഭേദങ്ങളില്ലാതെ ചിത്രീകരണത്തിനായി ഉപയോഗിച്ചു. മഴയില്‍ നായിക നനയുന്ന രംഗങ്ങള്‍ എടുക്കാന്‍ ആയിരക്കണക്കിന്‌ ലിറ്റര്‍ വെള്ളമാണ്‌ ഉപയോഗിച്ചത്‌. അല്‍പ്പ നേരത്തിന്‌ ശേഷം പ്രകൃതിതന്നെ മഴകനിഞ്ഞപ്പോള്‍ ഫ്രെയിം ഒറിജിനലായി.

തിരുവല്ലയിലെ സ്വന്തം തറവാട്ടില്‍ പോയി മടങ്ങിയതിണ്റ്റെ ഹാംഗ്‌ഓവറിലായിരുന്നു ലൊക്കേഷനില്‍ നയന്‍താര. ആസ്വദിച്ച്‌ നൃത്തമാടിയ നയന്‍ ചിത്രീകരണത്തിനിടെ അധികം പിഴവുകള്‍ വരുത്തിയില്ല. എന്നാല്‍ ഷൂട്ടിംഗിനിടെ മൊബൈല്‍ ഫോണില്‍ തണ്റ്റെ ചിത്രമെടുത്ത ചില യുവാക്കളോട്‌ തട്ടിക്കയറിയപ്പോള്‍ തനി നാടന്‍ പെണ്ണായി മാറി. അടുത്തമാസം 18-ഓടെ കുസേലന്‍ തിയേറ്ററിലെത്തിക്കാനാണ്‌ അണിയറക്കാരുടെ പരിശ്രമം. സെവന്‍ ആര്‍ട്സ്‌ വിജയകുമാറും കവിതാലയ കെ ബാലചന്ദറും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ കബീറിനായിരുന്നു കേരളത്തിലെ നിര്‍മ്മാണ നിര്‍വ്വഹണത്തിണ്റ്റെ ചുമതല.

കായല്‍ സൌന്ദര്യത്തില്‍ മയങ്ങി 'സ്റ്റൈല്‍മന്നന്‍'; 'കുസേല'ണ്റ്റെ ഷൂട്ടിംഗിനിടെ ക്യാമറാമാന്‌ പരിക്ക്‌


ജീവിതത്തിലാദ്യമായി കിഴക്കിണ്റ്റെ വെനീസിലെത്തിയ തെന്നിന്ത്യന്‍ താരരാജാവ്‌ രജനീകാന്ത്‌ കായല്‍ സൌന്ദര്യത്തില്‍ മതിമറന്നു. കുസേലനെന്ന തമിഴ്‌ സിനിമയുടെ ചിത്രീകരണത്തിനായി പുന്നമടക്കായലില്‍ ഒരുക്കിയ ചുണ്ടന്‍വള്ളങ്ങള്‍ കരിനാഗങ്ങളെപ്പോലെ ചീറിപ്പായുന്നതും കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഹരിതാഭനിറഞ്ഞ വയലേലകളും സ്റ്റൈല്‍മന്നണ്റ്റെ മനസ്‌ നിറച്ചു.

ഇന്നലെ രാവിലെ ഒമ്പത്‌ മണിയോടെയാണ്‌ പുന്നമടക്കായലില്‍ നെഹ്‌റുട്രോഫി ഫിനിഷിംഗ്‌ പോയിണ്റ്റിന്‌ സമീപം കുസേലനിലെ ശ്രദ്ധേയമായ ഗാനരംഗം ചിത്രീകരിച്ചത്‌. രജനിക്കൊപ്പം നയന്‍താരയും മമ്മ്തയും 80-ഓളം നര്‍ത്തകരും ചുവടുവെച്ചു. പ്രത്യേകം തയ്യാറാക്കിയ കൂറ്റന്‍ ചങ്ങാടത്തിലായിരുന്നു സെറ്റിട്ടിരുന്നത്‌. രംഗം വര്‍ണ്ണാഭമാക്കാന്‍ രണ്ട്‌ ചുണ്ടന്‍വള്ളങ്ങളും സംവിധായകന്‍ പി വാസുവിണ്റ്റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയിരുന്നു. ചന്ദന നിറത്തിലുള്ള കൂര്‍ത്തയായിരുന്നു രജനിയുടെ വേഷം. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ കഥപറയുമ്പോള്‍ എന്ന സിനിമയില്‍ മമ്മൂട്ടി ചെയ്ത വേഷത്തിലാണ്‌ കുസേലനില്‍ രജനീകാന്ത്‌ അഭിനയിക്കുന്നത്‌. മാദകത്വം തുളുമ്പുന്ന വേഷമായിരുന്നു നയന്‍താരയുടെത്‌. കറുത്ത സ്ളീവ്ലെസ്‌ ബ്ളൌസിലും മിനി സ്കര്‍ട്ടിലും നയന്‍ തിളങ്ങി. ചുവന്ന ടീഷര്‍ട്ടും ജീന്‍സുമായിരുന്നു ഷൂട്ടിംഗ്‌ സെറ്റിലെത്തിയ മമ്മ്തയുടെ വേഷം. ഏതാണ്ട്‌ മൂന്ന്‌ മണിക്കൂറോളം ചെലവഴിച്ചാണ്‌ ഗാനരംഗത്തിലെ ഏതാനും സീനുകള്‍ ചിത്രീകരിച്ചത്‌.

സെവന്‍ ആര്‍ട്സ്‌ വിജയകുമാറും കവിതാലയ കെ ബാലചന്ദറുമാണ്‌ ചിത്രത്തിണ്റ്റെ നിര്‍മ്മാണം. അതേസമയം ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ പ്രശസ്ത ക്യാമറാമാന്‍ അരവിന്ദ്‌ കൃഷ്ണയ്ക്ക്‌ പരിക്കേറ്റത്‌ സെറ്റില്‍ ംളാനത പടര്‍ത്തി. ബ്രേക്കിന്‌ ശേഷം ചങ്ങാടത്തില്‍ നിന്ന്‌ ബോട്ടിലേക്ക്‌ ചാടിക്കയറുമ്പോഴാണ്‌ അരവിന്ദ്‌ കൃഷ്ണയ്ക്ക്‌ വീണ്‌ പരിക്കേറ്റത്‌. ഉടന്‍തന്നെ സെറ്റിലുണ്ടായിരുന്നവര്‍ അദ്ദേഹത്തെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതുകാലിലെ ഞരമ്പ്‌ ചതഞ്ഞ്‌ സാരമായി പരിക്കേറ്റിട്ടുണ്ട്‌. എഴുന്നേറ്റ്‌ നില്‍ക്കാന്‍ കഴിയാത്തതിനാല്‍ ഡോക്ടര്‍മാര്‍ ക്യാമറാമാന്‌ പരിപൂര്‍ണ്ണ വിശ്രമം നിര്‍ദ്ദേശിച്ചു.

കാലില്‍ ബാണ്റ്റേജ്‌ ചുറ്റിയ ശേഷം അരവിന്ദ്‌ കൃഷ്ണയെ ആശുപത്രിയില്‍ നിന്ന്‌ ലേക്പാലസ്‌ റിസോര്‍ട്ടിലേക്ക്‌ കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന്‌ മണിക്കൂറുകളോളം ചിത്രീകരണം നിര്‍ത്തിവെയ്ക്കേണ്ടി വന്നത്‌ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയത്‌. പിന്നീട്‌ വൈകുന്നേരത്തോടെ അസിസ്റ്റണ്റ്റ്‌ ക്യാമറാമാണ്റ്റെ നേതൃത്വത്തില്‍ ഷൂട്ടിംഗ്‌ പുനരാരംഭിക്കുകയായിരുന്നു. പത്ത്‌ ഗണ്‍മാന്‍മാരടക്കം കനത്ത സുരക്ഷാ സന്നാഹത്തോടെയാണ്‌ രജനീകാന്ത്‌ ഷൂട്ടിംഗിനെത്തിയത്‌. ഈ സിനിമയുമായി ബന്ധപ്പെട്ടവരല്ലാതെ മറ്റാര്‍ക്കും ലൊക്കേഷനില്‍ പ്രവേശനം അനുവദിച്ചിട്ടില്ല. ഇതിനിടെ രഹസ്യമായി ചിത്രങ്ങളെടുത്ത മാധ്യമ പ്രവര്‍ത്തകരെ സിനിമാസംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.

അനാഥത്വത്തിണ്റ്റെ നൊമ്പരവുമായി ...


അനാഥത്വത്തിണ്റ്റെ നൊമ്പരമേറിയപ്പോള്‍ അന്നമ്മയെന്ന വൃദ്ധ അഭയം തേടിയത്‌ ആതുരാലയത്തില്‍. അവിടെ ആരോരും തുണയില്ലാത്ത മറ്റൊരു അനാഥ വാര്‍ധക്യത്തിന്‌ ആശ്രയമായി അന്നമ്മയുടെ ജീവിതം രണ്ടാണ്ട്‌ പിന്നിടുന്നു. ആലപ്പുഴ നഗരത്തിലുള്ള ജനറല്‍ ആശുപത്രിയിലെ ഒബ്സര്‍വേഷന്‍ വാര്‍ഡിലാണ്‌ ബന്ധുക്കള്‍ കയ്യൊഴിഞ്ഞ രണ്ട്‌ വൃദ്ധജന്‍മങ്ങള്‍ രോഗങ്ങളുടെ ദുരിതവും പേറി ജീവിത സായന്തനം തള്ളിനീക്കുന്നത്‌. വാര്‍ഡുകളിലും ആശുപത്രി പരിസരങ്ങളിലുമായി പലപ്പോഴും കാണുന്നുണ്ടെങ്കിലും ആശുപത്രി ജീവനക്കാര്‍ക്കും ഇവരെക്കുറിച്ച്‌ കൂടുതലൊന്നും അറിയില്ല.

ശ്വാസംമുട്ടല്‍ കലശലായതിനെ തുടര്‍ന്ന്‌ പണ്ടെങ്ങോ ചികില്‍സ തേടിയെത്തിയതാണ്‌ അന്നമ്മ. രണ്ടുവര്‍ഷത്തോളമായി ആശുപത്രി വാര്‍ഡുകളും വരാന്തകളുമാണ്‌ ഈ വൃദ്ധയുടെ അഭയകേന്ദ്രം. ഇതിനിടയില്‍ ഇതേരോഗവുമായി അവശനിലയില്‍ കഴിയുന്ന വൃദ്ധണ്റ്റെ പരിചരണം അന്നമ്മ സ്വയം ഏറ്റെടുത്തു. ഈ വൃദ്ധന്‍ ആരാണെന്നുപോലും തിരക്കാതെയാണ്‌ അന്നമ്മ രാപ്പകല്‍ ആശുപത്രി കട്ടിലിണ്റ്റെ ഓരത്ത്‌ കാവലിരിക്കുന്നത്‌. ചുക്കിച്ചുളിഞ്ഞ്‌ മെലിഞ്ഞ ശരീരവും പോളകെട്ടിയ കണ്ണുകളുമായി ശ്വാസം വലിക്കുവാന്‍ നന്നേ പാടുപെടുന്ന വൃദ്ധനെ രോഗം സമ്മാനിച്ച അവശതകള്‍ മറന്ന്‌ അന്നമ്മ പരിചരിക്കുന്നത്‌ കരള്‍പിളര്‍ക്കുന്ന കാഴ്ചയാണ്‌. മറ്റു രോഗികളും അവരുടെ ബന്ധുക്കളും ആശുപത്രി ജീവനക്കാരും വല്ലപ്പോഴും നല്‍കുന്ന കാരുണ്യമാണ്‌ ഈ വൃദ്ധരുടെ ജീവന്‌ ആകെയുള്ള ആശ്രയം. കാഴ്ചയില്‍ 90-നുമേല്‍ പ്രായംതോന്നിക്കുന്ന ഇരുവരും തങ്ങളുടെ ദുരിതങ്ങള്‍ ആരോടും പറയാറില്ല. ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അന്നമ്മയെന്നാണ്‌ പേരെന്ന്‌ വൃദ്ധപറയും. ബന്ധുക്കളാരും ഇല്ലേയെന്ന ചോദ്യത്തിന്‌ ഇറ്റുവീഴുന്ന കണ്ണീര്‍തുള്ളികള്‍ മാത്രമാണ്‌ മറുപടി.

അഴുക്കുപുരണ്ട ഷര്‍ട്ടും കൈലിയുമുടുത്ത്‌ കട്ടിലില്‍ തളര്‍ന്ന്‌ കിടക്കുന്ന വൃദ്ധണ്റ്റെ മുഖത്ത്‌ ഒന്നിനും മറുപടിയില്ലാത്ത നിസംഗതയുടെ ഭാവം. നഗരത്തിനടുത്തുള്ള മാളികമുക്ക്‌ പ്രദേശത്ത്‌ വൃദ്ധണ്റ്റെ ബന്ധുക്കള്‍ ആരൊക്കെയോ ഉണ്ടെന്ന്‌ അന്നമ്മ പറയുന്നു. സ്വന്തം പേരുപോലും വെളിപ്പെടുത്താന്‍ വിമുഖത കാട്ടുന്ന വൃദ്ധന്‍ ഒരിക്കല്‍ അന്നമ്മയോട്‌ പറഞ്ഞതാണത്രേ ഇത്‌. ഒരേകട്ടിലില്‍ കഴിയുന്ന വൃദ്ധനെക്കുറിച്ച്‌ അന്നമ്മക്ക്‌ ആകെ അറിയാവുന്നത്‌ അതുമാത്രമാണ്‌. വാര്‍ഡില്‍ ആളൊഴിഞ്ഞ കട്ടിലുണ്ടെങ്കില്‍ അവിടെ അന്തിയുറങ്ങുന്ന ഇരുവരും രോഗികള്‍ കൂടുതലായാല്‍ വരാന്തയിലേക്ക്‌ തങ്ങളുടെ കിടപ്പ്‌ മാറ്റും. അതുകൊണ്ടുതന്നെ ആശുപത്രി അധികൃതര്‍ക്കും രോഗികള്‍ക്കും ഇവര്‍ ശല്യമാകുന്നില്ല. രജിസ്റ്ററില്‍ പേരില്ലാത്തതുകൊണ്ട്‌ ആശുപത്രിയില്‍ നിന്നും രോഗികള്‍ക്ക്‌ നല്‍കുന്ന ഭക്ഷണം ഇവര്‍ക്ക്‌ ലഭിക്കാറില്ല. ആരെങ്കിലുമൊക്കെ സ്നേഹപൂര്‍വ്വം അന്നമ്മക്ക്‌ നല്‍കുന്ന ഭക്ഷണം രണ്ടായി പകുത്ത്‌ ഇരുവരും കഴിക്കും. വൃദ്ധന്‌ മരുന്നു നല്‍കുന്നതും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കൊണ്ടുപോകുന്നതും ഭക്ഷണം നല്‍കുന്നതുമെല്ലാം അന്നമ്മതന്നെ. ഇടയ്ക്കിടെ ആര്‍ക്കും മനസിലാവാത്ത തരത്തില്‍ ചിലതൊക്കെ പറഞ്ഞ്‌ അന്നമ്മ വിതുമ്പും. അതു നന്നായി ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാകും. തങ്ങളെ അനാഥത്വത്തിണ്റ്റെ കയത്തിലേക്ക്‌ വലിച്ചെറിഞ്ഞ ബന്ധുക്കളോടുള്ള ശാപവാക്കുകളാണെന്ന്‌....

കുടിയന്@‍അയ്യപ്പബൈജു.com


ആര്‍. പ്രശാന്ത്‌, ബ്ളോക്ക്‌ നമ്പര്‍ 40, ഹരിജന്‍ കോളനി,അറവുകാട്‌, പുന്നപ്ര പി. ഒ,ആലപ്പുഴ ജില്ല. പിന്‍: 688 004. ഈ മേല്‍വിലാസം കണ്ടാല്‍ ഒരു പക്ഷെ മലയാളികള്‍ തിരിച്ചറിഞ്ഞെന്നുവരില്ല. ആളെക്കുറിച്ചുള്ള സൂചന നല്‍കിയാല്‍ തിരിച്ചറിയാത്തവരായി ഒരുപക്ഷെ മലയാളികളാരുമുണ്ടാവില്ല.

"വഴിയരികില്‍ പതിതനായി ചിരിച്ചുനില്‍ക്കും ബൈജു. അടികിട്ടിയാല്‍ ഓടക്കുള്ളില്‍ കിടന്നുറങ്ങും ബൈജു"- മദ്യപാനികള്‍ക്ക്‌ സമൂഹത്തില്‍ 'നല്ല' വിലാസമുണ്ടാക്കിക്കൊടുത്ത കേരളത്തിണ്റ്റെ സ്വന്തം കുടിയന്‍ 'അയ്യപ്പ ബൈജു'വിണ്റ്റെ തപാല്‍ വിലാസമാണിത്‌. നാട്ടിന്‍പുറത്തെ മദ്യപാനിയുടെ ചേഷ്ടകളും ഭാവങ്ങളും വിദേശങ്ങളിലുള്‍പ്പെടെ ആയിരക്കണക്കിന്‌ വേദികളില്‍ അവതരിപ്പിച്ച്‌ മലയാളത്തിണ്റ്റ ചിരിക്കുടുക്കയായി മാറിയ പുന്നപ്ര പ്രശാന്തിന്‌ സ്വന്തം പേരിലുള്ള കത്തുകളൊന്നും ഇപ്പോള്‍ ലഭിക്കാറില്ല. എല്ലാം അയ്യപ്പ ബൈജു എന്നപേരിലാണ്‌.

അയ്യപ്പ ബൈജു, ആലപ്പുഴ എന്ന്‌ മാത്രം കവറിണ്റ്റെ പുറത്തെഴുതിയ നൂറ്‌ കണക്കിന്‌ കത്തുകള്‍ മേല്‍വിലാസം തെറ്റാതെ പ്രശാന്തിണ്റ്റെ വീട്ടിലെത്തിയിട്ടുണ്ട്‌. അടുത്തിടെ പുന്നപ്രയിലെ വീട്ടില്‍ നിന്ന്‌ നഗരത്തിനടുത്തുള്ള പഴവീട്‌ എന്ന സ്ഥലത്തേക്ക്‌ താമസം മാറ്റിയെങ്കിലും പ്രശാന്തിനുള്ള കത്തുകള്‍ വഴിതെറ്റാറില്ല. കൃത്യമായ മേല്‍വിലാസം അറിയാത്തതുകൊണ്ട്‌ കത്തെഴുതാന്‍ കഴിയാത്ത ആയിരക്കണക്കിന്‌ ആരാധകര്‍ വേറെയുമുണ്ട്‌. ഇവര്‍ക്ക്‌ വേണ്ടി പ്രശാന്ത്‌ സ്വന്തം മേല്‍വിലാസം അല്‍പം പരിഷ്കരിച്ചതോടെ സൈബര്‍ ലോകത്തും കുടിയണ്റ്റെ കുസൃതികള്‍ തുടങ്ങിക്കഴിഞ്ഞു. തമാശകളെത്ര കേട്ടാലും ചിരി വെറുമൊരു പുഞ്ചിരിയിലൊതുക്കുന്ന മലയാളിക്ക്‌ ഇനി എപ്പോഴെങ്കിലും പൊട്ടിച്ചിരിക്കണമെങ്കില്‍ ഒരു മൌസ്‌ ക്ളിക്കിണ്റ്റെ ദൂരത്തില്‍ ബൈജുവുണ്ട്‌. www.ayyappabaiju.com എന്ന വെബ്‌ സൈറ്റില്‍. പ്രശാന്ത്‌ എന്ന പേര്‌ ബൈജുവായും പിന്നീട്‌ അയ്യപ്പബൈജുവായും വഴിമാറിയത്‌ കൊണ്ട്‌ അതേ വിലാസം തന്നെയാണ്‌ വെബ്‌ സൈറ്റിനും.

സൈറ്റ്‌ തുറക്കുന്നവര്‍ ആദ്യം കാണുന്നത്‌ 'ഫുള്‍ പാമ്പായി' നില്‍ക്കുന്ന ബൈജുവിനെയാണ്‌. താഴെയുളള മെനുവില്‍ ക്ളിക്ക്‌ ചെയ്യുന്നതോടെ അയ്യപ്പബൈജുവിണ്റ്റെ ലോകത്തെത്താം. രണ്ടാമത്തെ പേജില്‍ പ്രശാന്തിനെക്കുറിച്ചും സ്വന്തം ട്രൂപ്പായ കോമഡി മേറ്റ്സിലെ കലാകാരന്‍മാരെക്കുറിച്ചുളള ലഘുവിവരണമുണ്ട്‌. വിശദവിവരങ്ങള്‍ അറിയണമെങ്കില്‍ അതാത്‌ മെനുവില്‍ ക്ളിക്ക്‌ ചെയ്താല്‍ മതി. പ്രശാന്ത്‌ ഇതുവരെ വേദിയില്‍ അവതരിപ്പിച്ച തമാശകളുടെ വീഡിയോ ക്ളിപ്പിംഗുകള്‍, അഭിനയിച്ച സിനിമകളിലെ ദൃശ്യങ്ങള്‍ തുടങ്ങിയവ ആരാധകര്‍ക്ക്‌ ഡൌണ്‍ലോഡ്‌ ചെയ്തെടുക്കാനുള്ള സൌകര്യവുമുണ്ട്‌. പ്രശാന്തിണ്റ്റെ ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ്‌ സൈറ്റ്‌ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന്‌ വെബ്‌ ഡിസൈനര്‍ ആലപ്പുഴ സനാതനപുരം മിഥിലയില്‍ എം. ജയകൃഷ്ണന്‍ പറയുന്നു. കഴിഞ്ഞമാസമാണ്‍്‌ സൈറ്റിണ്റ്റെ രൂപകല്‍പ്പന തുടങ്ങിയത്‌. ഔദ്യോഗികമായി സംഭവം പുറത്തുവിട്ടിട്ടില്ലെങ്കിലും പറഞ്ഞുകേട്ടവരായി ആയിരത്തോളം പേര്‍ സൈറ്റ്‌ സന്ദര്‍ശിച്ചുകഴിഞ്ഞു.

നല്ലൊരു ഗായകന്‍ കൂടിയായ പ്രശാന്ത്‌ ബൈജുവിണ്റ്റെ ഓണം, കള്ളാണ്‌ ഭാസ്കര എന്നിങ്ങനെ രണ്ട്‌ ഓഡിയോ കാസറ്റുകളും പുറത്തിറക്കിയിട്ടുണ്ട്‌. ഈ ഗാനങ്ങളും വൈബ്‌ സൈറ്റില്‍ അപ്ളോഡ്‌ ചെയ്യും.ജയരാജിണ്റ്റെ റെയ്ന്‍ റെയ്ന്‍ കം എഗൈന്‍, തമ്പി കണ്ണന്താനത്തിണ്റ്റെ ഫ്രീഡം, സിബിമലയിലിണ്റ്റെ ആലീസ്‌ ഇന്‍ വണ്ടര്‍ലാണ്റ്റ്‌, അടൂറ്‍ ഗോപാലകൃഷ്ണണ്റ്റെ നാലു പെണ്ണുങ്ങള്‍ എന്നീ മലയാള ചിത്രങ്ങള്‍ക്ക്‌ ശേഷം കാതല്‍ വര്‍ണ്ണങ്ങള്‍ എന്ന തമിഴ്‌ സിനിമയുടെ ഷൂട്ടിംഗ്‌ തിരക്കിലാണിപ്പോള്‍ ബൈജു. ഇതില്‍ കോര്‍ട്ടര്‍ ഗോവിന്ദന്‍ എന്ന മുഴുനീള കോമഡി കഥാപാത്രമായാണ്‌ പ്രശാന്ത്‌ വെള്ളിത്തിരയിലെത്തുന്നത്‌.