നെഹ്‌റുട്രോഫി കാരിച്ചാലിന്‌; ജലമേളക്കൊടുവിൽ സംഘർഷം


പുന്നമടക്കായലിന്റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിനിർത്തി കൊല്ലം ജീസസ്‌ ബോട്ട്‌ ക്ലബ്‌ തുഴയെറിഞ്ഞ കാരിച്ചാൽ ചുണ്ടൻ നെഹ്‌റുട്രോഫിയിലൂടെ വള്ളംകളിയിലെ സംസ്ഥാന ചാമ്പ്യൻഷിപ്പ്‌ നേടി. കൈനകരി പൊള്ളയിൽ ജിജി ജേക്കബ്‌ ക്യാപ്റ്റനായ കാരിച്ചാൽ നാല്‌ മിനിട്ടും 56 സെക്കന്റും സമയമെടുത്താണ്‌ നാലാംട്രാക്കിൽ 1350 മീറ്റർ ദൂരം താണ്ടി ഫിനിഷിംഗ്‌ പോയിന്റിലാദ്യമെത്തിയത്‌. കോട്ടയം മഞ്ചാടിക്കരി എയ്ഞ്ചൽ ബോട്ട്‌ ക്ലബിലെ കറ്റാനം സണ്ണി തുഴഞ്ഞ ചെറുതന ചുണ്ടൻ രണ്ടാംസ്ഥാനത്തെത്തിയപ്പോൾ പായിപ്പാടിന്‌ മൂന്നാംസ്ഥാനം കൊണ്ട്‌ തൃപ്തിപ്പെടേണ്ടി വന്നു. തുടർച്ചയായി നാലുവർഷം നെഹ്‌റുട്രോഫി നേടിയ കുമരകം ടൗൺബോട്ട്‌ ക്ലബ്‌ നാലാംസ്ഥാനത്തേക്ക്‌ അട്ടിമറിക്കപ്പെട്ടു. ഇവർ ഇക്കുറി പട്ടാറ ചുണ്ടനിലാണ്‌ തുഴഞ്ഞത്‌. കാണികളെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയാണ്‌ ഫൈനൽ മൽസരത്തിൽ ചുണ്ടനുകൾ പുന്നമടക്കായലിൽ പോരാടിയത്‌.

അതേസമയം ഫൈനൽ മൽസരത്തിന്‌ ശേഷം പുന്നമടക്കായലിലുണ്ടായ സംഘർഷം വള്ളംകളിയുടെ മാറ്റ്‌ കുറച്ചു. ഫൈനലിന്‌ ശേഷം ചുണ്ടൻവള്ളങ്ങളിലെ തുഴക്കാർ തമ്മിലടിച്ചതും കാണികൾക്ക്‌ നേരെ പോലീസ്‌ നടത്തിയ അക്രമവും ജലമേളക്ക്‌ കല്ലുകടിയായി. വിജയികളായ കാരിച്ചാൽ ചുണ്ടനിലെ തുഴക്കാർ ഫിനിഷിംഗ്‌ പോയിന്റ്‌ കടന്നപ്പോൾ നാലാംസ്ഥാനക്കാരായ പട്ടാറ ചുണ്ടനിലെ തുഴക്കാർ അവരെ തുഴ കൊണ്ട്‌ അടിച്ചതാണ്‌ പ്രശ്നങ്ങളുടെ തുടക്കം. കാരിച്ചാലും തിരച്ചടിച്ചതോടെ സംഘർഷം മൂർച്ഛിച്ചു. ഇതിനിടെ കാണികളിൽ ചിലർ തുഴക്കാരെ കല്ലെറിഞ്ഞുവെന്നാരോപിച്ച്‌ ആൾ വ്യൂ പവിലിയനിലിരുന്ന കാണികൾക്ക്‌ നേരെ പോലീസ്‌ ലാത്തിവീശി. ലാത്തിയടിക്കിടെ ഗ്യാലറിയിൽ നിന്ന്‌ വീണും മറ്റും നിരവധി പേർക്ക്‌ പരിക്കേറ്റു.

സ്പോർട്ട്സ്‌ മന്ത്രി s വിജയകുമാർ പതാകയുയർത്തിയതോടെയാണ്‌ ഇന്നലെ രണ്ട്‌ മണിയോടെ ജലമേളക്ക്‌ തുടക്കമായത്‌. കേന്ദ്ര ഊർജ്ജവകുപ്പ്‌ മന്ത്രി സുശീൽകുമാർ ഷിൻഡെ മൽസരങ്ങൾ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ നെഹ്‌റുട്രോഫിക്ക്‌ പത്ത്‌ ലക്ഷം രൂപയുടെ കേന്ദ്രധനസഹായം നൽകുമെന്ന്‌ ഉദ്ഘാടന പ്രസംഗത്തിൽ സുശീൽകുമാർ ഷിൻഡെ പ്രഖ്യാപിച്ചു. മന്ത്രിമാരായ ജി സുധാകരൻ, മോൻസ്‌ ജോസഫ്‌ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

രണ്ടാംസ്ഥാനക്കാർക്ക്‌ വേണ്ടിയുള്ള ചുണ്ടൻ ലൂസേഴ്സ്‌ ഫൈനലിൽ ജവഹർ തായങ്കരിക്കാണ്‌ ഒന്നാംസ്ഥാനം. ശ്രീഗണേഷ്‌ രണ്ടും വെള്ളംകുളങ്ങര മൂന്നാമതുമെത്തി. നാലാമതായി ആനാരി പുത്തൻചുണ്ടൻ ഫിനിഷ്‌ ചെയ്തു. ചുണ്ടൻവള്ളങ്ങളുടെ പ്രദർശന തുഴച്ചിലിൽ ആയാപറമ്പ്‌ പാണ്ടിയാണ്‌ പുളിങ്കുന്ന്‌ ചുണ്ടനെ പിന്നിലാക്കി ഒന്നാമതെത്തിയത്‌. പാർത്ഥസാരഥി മൂന്നാമതായി ഫിനിഷിംഗ്‌ പോയിന്റ്‌ കടന്നു.

ബ്രിട്ടീഷ്‌ വനിത ജൂലി അമറിന്റെ നേതൃത്വത്തിൽ ഹാട്രിക്‌ തേടിയെത്തിയ വിദേശവനിതകളുടെ വള്ളം ചെല്ലിക്കാടന്‌ ഫൈനലിൽ അടിതെറ്റി. ആലപ്പുഴ ടൗൺ ബോട്ട്‌ ക്ലബിലെ കുമാരി മീനാമ്മയുടെ നേതൃത്വത്തിലുള്ള കാട്ടിൽ തെക്കതിലാണ്‌ ഇഞ്ചുകളുടെ വ്യത്യാസത്തിൽ ചെല്ലിക്കാടനെ പിന്തള്ളി ഒന്നാമതെത്തിയത്‌. ചുരുളൻ ഫൈനലിൽ കോടിമത ഒന്നാംസ്ഥാനം നേടിയപ്പോൾ വേലങ്ങാടൻ, കുറുപ്പുപറമ്പൻ എന്നീ വള്ളങ്ങൾ രണ്ടും മൂന്നും സ്ഥാനത്തെത്തി. ഇരുട്ടുകുത്തി ബി ഗ്രേഡ്‌ ഫൈനലിൽ ഹനുമാൻ നമ്പർ വൺ വിജയിയായി. സെന്റ്‌ സെബാസ്റ്റ്യൻ രണ്ടും ശ്രീ ഗുരുവായൂരപ്പൻ മൂന്നും സ്ഥാനം നേടി. വെപ്പ്‌ എ ഗ്രേഡിൽ പുന്നത്ര പുരക്കൽ ഒന്നാമതും തോട്ടുകടവൻ രണ്ടാമതും ഫിനിഷിംഗ്‌ പോയിന്റിലെത്തി. ഡൽഹിക്കാണ്‌ മൂന്നാംസ്ഥാനം.

ഇരുട്ടുകുത്തി എ ഗ്രേഡ്‌ ഫൈനലിൽ മാമ്മൂടൻ ഒന്നാംസ്ഥാനത്തിനർഹരായി. രണ്ടാംസ്ഥാനത്തായി കരുവേലിത്തറ, മൂന്നാംസ്ഥാനത്തായി ഡായി നമ്പർ വൺ എന്നീ വള്ളങ്ങൾ ഫിനിഷ്‌ ചെയ്തു. വെപ്പ്‌ എ ഗ്രേഡിൽ അമ്പലക്കടവനാണ്‌ ട്രോഫി. ജയ്ഷോട്ട്‌ രണ്ടാമതും കോട്ടപ്പറമ്പൻ മൂന്നാമതുമെത്തി. വിജയികൾക്ക്‌ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണൻ ട്രോഫികൾ സമ്മാനിച്ചു.

No comments: