മാക്ട പിളര്‍ന്നു; പുതിയ സംഘടനയ്ക്ക്‌ അണിയറയില്‍ നീക്കം

മലയാള സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മാക്ട ഫെഡറേഷനില്‍ നിന്ന്‌ പ്രമുഖര്‍ രാജിവെച്ചത്‌ പുതിയ സംഘടനയിലേക്കുള്ള വഴിതുറക്കലെന്ന്‌ സൂചന. ചലച്ചിത്ര നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന 19 സംഘടനകള്‍ ചേര്‍ന്നുണ്ടാക്കിയ മാക്ട ഫെഡറേഷന്‍ പിളര്‍ന്നതോടെ ഓരോ വിഭാഗത്തിലെയും സംവിധായകരെയും ടെക്നീഷ്യന്‍മാരെയും മറ്റ്‌ ജീവനക്കാരെയും അണിനിരത്തിയാണ്‌ പുതിയ സംഘടന നിലവില്‍ വരിക. മാക്ട ഫെഡറേഷന്‍ ചെയര്‍മാന്‍ വിനയണ്റ്റെ ഏകപക്ഷീയമായ നിലപാടില്‍ നേരത്തെതന്നെ അമര്‍ഷമുണ്ടായിരുന്ന ഭാരവാഹികളില്‍ പലരും പുതിയ സംഘടനയെക്കുറിച്ച്‌ ചര്‍ച്ച ചെയ്തിരുന്നതാണ്‌. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സംവിധായകരായ സിദ്ദീഖിനും രഞ്ജിത്തിനുമെതിരെ വിമര്‍ശനമുന്നയിച്ച വിനയണ്റ്റെ നടപടി പുതിയ സംഘടനാശ്രമത്തിന്‌ ആക്കം കൂട്ടുകയായിരുന്നു. സംവിധായകരായ ഫാസില്‍, സത്യന്‍ അന്തിക്കാട്‌, ജോഷി, കമല്‍, ലാല്‍ജോസ്‌, ജോണി ആണ്റ്റണി, ടി കെ രാജീവ്കുമാര്‍, പ്രിയദര്‍ശന്‍, സിദ്ദീഖ്‌, രഞ്ജിത്ത്‌, ഷാഫി, റാഫി മെക്കാര്‍ട്ടിന്‍, എം പത്മകുമാര്‍, വി എം വിനു, അമല്‍നീരദ്‌ തിരക്കഥാകൃത്ത്‌ ജോണ്‍പോള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ സംഘടന രൂപം കൊള്ളുമെന്നാണറിയുന്നത്‌. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന്‌ വിനയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അതിരുകടന്നതായിരുന്നുവെന്നാണ്‌ രാജിവെച്ചവരില്‍ പലരുടെയും അഭിപ്രായം. തുളസീദാസ്‌-ദിലീപ്‌ പ്രശ്നത്തിണ്റ്റെ പേരില്‍ വിനയന്‍ ഏകാധിപത്യപരമായ നിലപാടാണ്‌ സ്വീകരിച്ചതെന്നും പ്രമുഖ സംവിധായകര്‍ പറയുന്നു. ഈ പ്രശ്നം ഒന്നിച്ചിരുന്ന്‌ ചര്‍ച്ച ചെയ്ത്‌ പരിഹരിക്കേണ്ടതിന്‌ പകരം ദിലീപുമായുള്ള അഭിപ്രായ വ്യത്യാസം വിനയന്‍ മുതലെടുക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്‌. അതേസമയം മലയാള ചലച്ചിത്ര മേഖലയില്‍ പുതിയൊരു സംഘടനയ്ക്ക്‌ സാധ്യതയില്ലെന്ന്‌ ഒരു വിഭാഗം പറയുന്നു. സൌത്ത്‌ ഇന്ത്യന്‍ ചലച്ചിത്ര സംഘടനയായ ഫെപ്സിയുടെ നിര്‍ദ്ദേശപ്രകാരം മുന്നോട്ടുപോകുന്ന സംഘടനയായ മാക്ടയില്‍ നിന്ന്‌ രാജിവെച്ചവര്‍ പുതിയ സംഘടനയുണ്ടാക്കിയാല്‍ അവര്‍ക്ക്‌ ചലച്ചിത്ര നിര്‍മ്മാണ മേഖലയില്‍ പല പ്രതിസന്ധികളും നേരിടേണ്ടി വരുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. aifac‌ എന്ന ദേശീയ ചലച്ചിത്ര സംഘടനയും പുതിയ മലയാള സംഘടനയെ അംഗീകരിക്കില്ലത്രേ. ഈ സാഹചര്യത്തില്‍ പുതിയ സംഘടനാ പ്രവര്‍ത്തകര്‍ക്ക്‌ മറ്റ്‌ സംസ്ഥാനങ്ങളില്‍ ചിത്രീകരണം നടത്താനോ ലാബ്‌ പ്രവര്‍ത്തനങ്ങള്‍ക്കോ പ്രിണ്റ്റെടുക്കുന്നതിനോ സാധിക്കില്ലെന്നാണ്‌ ഇവരുടെ വാദം. ഏതായാലും ജനപ്രിയരായ സംവിധായകരും തിരക്കഥാകൃത്തുക്കളും ഫെഡറേഷനുമായി ഇടഞ്ഞ സാഹചര്യത്തില്‍ മാക്ടയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുമെന്ന കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും ഒരേ അഭിപ്രായമാണ്‌.

No comments: