മലയാള സിനിമയില്‍ വീണ്ടും പ്രതിസന്ധി ദിലീപിനെതിരെ മാക്ടയുടെ ഉപരോധം; തുളസീദാസിനെ നിര്‍മ്മാതാക്കള്‍ വിലക്കി


ആലപ്പുഴ: വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മലയാള ചലച്ചിത്ര നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി ആവര്‍ത്തിക്കുമെന്ന്‌ സൂചന. മാക്ട ഫെഡറേഷനും പ്രൊഡ്യൂസേഴ്സ്‌ അസോസിയേഷനും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാത്തതാണ്‌ ചലച്ചിത്ര നിര്‍മ്മാണ മേഖലയില്‍ പുതിയ പ്രതിസന്ധിക്ക്‌ വഴിവെക്കുമെന്ന ആശങ്കയുയര്‍ത്തിയിരിക്കുന്നത്‌. ഏറ്റവുമൊടുവില്‍ സംവിധായകന്‍ തുളസീദാസും നടന്‍ ദിലീപും നിര്‍മ്മാതാവ്‌ ശശിധരന്‍ ഉള്ളാട്ടിലും തമ്മിലുണ്ടായ പ്രശ്നങ്ങളാണ്‌ സിനിമാ സംഘടനകള്‍ തമ്മിലുള്ള പോര്‌ മൂര്‍ച്ഛിക്കാന്‍ കാരണമായിരിക്കുന്നത്‌.

മെയ്‌ 14-ന്‌ പ്രൊഡ്യൂസേഴ്സ്‌ അസോസിയേഷന്‍ എക്സിക്യൂട്ടീവ്‌ കമ്മിറ്റി യോഗം ചേര്‍ന്നാണ്‌ തുളസീദാസിനെ വിലക്കാന്‍ തീരുമാനമെടുത്തത്‌. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള കത്ത്‌ ലഭിച്ചയുടന്‍ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി മാക്ട ഫെഡറേഷനും രംഗത്തെത്തി. തുളസീദാസിനെ തേജോവദം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന പ്രോഡ്യൂസേഴ്സ്‌ അസോസിയേഷണ്റ്റെ നേതാക്കള്‍ ഈ വ്യവസായത്തിണ്റ്റെ ധാര്‍മ്മികത നശിപ്പിക്കുന്നതിണ്റ്റെ പേരില്‍ വലിയവില നല്‍കേണ്ടി വരുമെന്ന്‌ മാക്ട ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വിനയന്‍ മുന്നറിയിപ്പ്‌ നല്‍കി.

തുളസീദാസെന്ന സംവിധായകനുമായി അസോസിയേഷനില്‍ അംഗങ്ങളായിട്ടുള്ളവര്‍ യാതൊരു സഹകരണവും പാടില്ലെന്നാണ്‌ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനമെടുത്തിരിക്കുന്നത്‌. സംവിധായകര്‍ക്കോ തിരക്കഥാകൃത്തുക്കള്‍ക്കോ ഏതെങ്കിലും ടെക്നീഷ്യന്‍മാര്‍ക്കോ അഡ്വാന്‍സ്‌ നല്‍കുകയും ആ പ്രോജക്ട്‌ യഥാസമയം നടക്കാതെ വരികയും ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യവും വാങ്ങിയ അഡ്വാന്‍സ്‌ തിരികെ നല്‍കാതിരിക്കുകയും ചെയ്തിട്ടുള്ള സംഭവങ്ങളും ഉണ്ടെങ്കില്‍ അതിണ്റ്റെ വിശദാംശങ്ങള്‍ അസോസിയേഷനെ അറിയിക്കണം. ഇനിമുതല്‍ ചിത്രീകരിക്കാന്‍ പോകുന്ന സിനിമകള്‍ക്കായി അഡ്വാന്‍സ്‌ നല്‍കുമ്പോള്‍ അതിന്‌ രേഖയുണ്ടാക്കണം. മാത്രമല്ല ചിത്രത്തിണ്റ്റെ വിശദവിവരങ്ങള്‍ അസോസിയേഷനെ അറിയിക്കണം. എന്നാല്‍ മാത്രമെ അഡ്വാന്‍സ്‌ വിഷയത്തിലുള്ള തര്‍ക്കങ്ങളില്‍ സംഘടനയ്ക്ക്‌ ഇടപെടാന്‍ കഴിയൂവെന്നും പ്രൊഡ്യൂസേഴ്സ്‌ അസോസിയേഷന്‍ നിര്‍മ്മാതാക്കളെ അറിയിച്ചിട്ടുണ്ട്‌.

അതേസമയം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ ഒരു സംഘടനയ്ക്കും അവകാശമില്ലെന്ന്‌ പരസ്യപ്രസ്താവന നടത്തിയ പ്രൊഡ്യൂസേഴ്സ്‌ അസോസിയേഷന്‍ തുളസീദാസിനെ വിലക്കിയ നടപടി ന്യായമല്ലെന്ന്‌ മാക്ട ഭാരവാഹികള്‍ പറയുന്നു. മാക്ട ഫെഡറേഷന്‍ ആരെയും വിലക്കിയിട്ടില്ല. എന്നാല്‍ ജൂലൈയില്‍ ആരംഭിക്കാനിരിക്കുന്ന ഉള്ളാട്ടില്‍ ശശിധരണ്റ്റെ സിനിമയില്‍ നിന്നൊഴിവാക്കപ്പെട്ട തുളസീദാസിണ്റ്റെ ന്യായമായ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത്‌ പരിഹരിച്ചില്ലെങ്കില്‍ ആ ചിത്രത്തോട്‌ മാക്ട നിസ്സഹകരിക്കും. ആങ്ങള ചത്താലും നാത്തൂണ്റ്റെ കണ്ണീര്‌ കണ്ടാല്‍ മതി എന്ന നിലപാടാണ്‌ നിര്‍മ്മാതാക്കളുടെ സംഘടന ഇപ്പോള്‍ എടുത്തിരിക്കുന്നത്‌. മാക്ടയോടുള്ള വിദ്വേഷം തീര്‍ക്കാന്‍ നിര്‍മ്മാതാക്കളുമായി സംസാരിച്ചതിനാണ്‌ തുളസീദാസിനെ വിലക്കിയിരിക്കുന്നത്‌. 40 ലക്ഷം രൂപ സിംഗിള്‍ പേമണ്റ്റായി രണ്ടുവര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വാങ്ങിയ നടന്‍ ആ സിനിമ എത്രയും വേഗം ചെയ്യണമെന്ന ആവശ്യമാണ്‌ തുളസീദാസ്‌ ഉന്നയിച്ചത്‌. ഇക്കാര്യത്തില്‍ ദിലീപിനെക്കാള്‍ വാശിയോടെ രംഗത്തെത്തിയിരിക്കുന്ന നിര്‍മ്മാതാക്കളുടെ സംഘടന തിക്തഫലം അനുഭവിക്കേണ്ടി വരുമെന്നും വിനയന്‍ മുന്നറിയിപ്പ്‌ നല്‍കി.

പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ ദിലീപിണ്റ്റെ ചിത്രത്തില്‍ സഹകരിക്കേണ്ടെന്ന്‌ ടെക്നീഷ്യന്‍മാരുടെ സംഘടന തീരുമാനമെടുത്തിട്ടുള്ളതായും അറിയുന്നു. ദിലീപ്‌ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന 'അമ്മ' ചിത്രമായ ട്വണ്റ്റി-20-യുടെ അണിയറ പ്രവര്‍ത്തനങ്ങളും അവതാളത്തിലാകുമെന്ന്‌ സൂചനയുണ്ട്‌. സിബിമലയിലിനെയും വിജിതമ്പിയെയും നിര്‍മ്മാതാക്കള്‍ ഉപരോധിച്ചപ്പോള്‍ അതിനെ എതിര്‍ത്ത്‌ തോല്‍പ്പിച്ച മാക്ട ഫെഡറേഷന്‍ തുളസീദാസിണ്റ്റെ കാര്യത്തിലും പിന്നോട്ടില്ലെന്നാണ്‌ ഭാരവാഹികള്‍ പറയുന്നത്‌.അന്ന്ന്ന്‌ കാണുന്ന വമ്പന്‍മാര്‍ക്ക്‌ വേണ്ടിയും സമ്പന്നര്‍ക്ക്‌ വേണ്ടിയും കുഴലൂത്ത്‌ നടത്തുന്ന അവസരവാദികളെ നിലയ്ക്ക്‌ നിര്‍ത്തുകയും സാധാരണക്കാരെ സംരക്ഷിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്തം കൂടി ട്രേഡ്‌ യൂണിയന്‍ സംഘടനയായ മാക്ടയ്ക്കുണ്ടെന്ന്‌ വിനയന്‍ പറഞ്ഞു.

No comments: