അമ്മുവിനിഷ്ടം മോഹന്‍ലാലിനെ; സാമ്രാജ്‌ അങ്കിളിന്‌ അസൂയയെന്ന്‌



ഏഴാം വയസില്‍ ഫയര്‍ എസ്കേപ്പ്‌ ജാലവിദ്യയിലൂടെ മലയാളക്കരയെ അമ്പരിപ്പിച്ച അമ്മുവിനും മോഹന്‍ലാലിണ്റ്റെ 'മാജിക്‌ വിവാദ'ത്തില്‍ അഭിപ്രായമുണ്ട്‌. ചെറിയ ചില മാജിക്കുകള്‍ക്കൊപ്പം വാക്കുകളിലും ജാലവിദ്യകാട്ടിയാണ്‌ അമ്മു ഇന്നലെ ആലപ്പുഴ പ്രസ്ക്ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാലിനോടുള്ള പിന്തുണ പ്രഖ്യാപിച്ചത്‌.

മോഹന്‍ലാല്‍ ജാലവിദ്യകാട്ടുന്നതിനെ എതിര്‍ക്കുന്നത്‌ അസൂയ കൊണ്ടാണെന്ന്‌ അമ്മു മജീഷ്യന്‍ സാമ്രാജിണ്റ്റെ പേരെടുത്ത്‌ വിമര്‍ശിച്ചു. മോഹന്‍ലാല്‍ താല്‍പ്പര്യത്തോടെ ഫയര്‍എസ്കേപ്പിന്‌ ഒരുങ്ങുമ്പോള്‍ അതിനെ വിമര്‍ശിക്കുന്നതെന്തിനാണെന്നാണ്‌ 13-ാം വയസില്‍ ഇന്ത്യയിലാദ്യമായി കണ്ണുകള്‍ മൂടിക്കെട്ടി ദേശീയപാതയിലൂടെ ഇരുചക്രവാഹനമോടിച്ച അമ്മുവിണ്റ്റെ ചോദ്യം. ആരെങ്കിലും മാജിക്ക്‌ പഠിച്ചതുകൊണ്ട്‌ നിലവിലെ മാന്ത്രികര്‍ പട്ടിണിയിലാവുമെന്ന അഭിപ്രായം ബാലിശമാണ്‌.

പാട്ട്‌ പഠിക്കുന്നവരോട്‌ അരുതെന്ന്‌ യേശുദാസും ജാനകിയും പറഞ്ഞിട്ടുണ്ടോയെന്നാണ്‌ അമ്മുവിണ്റ്റെ മറുചോദ്യം. മോഹന്‍ലാല്‍ സിനിമയ്ക്ക്‌ വേണ്ടി കഥകളിയും നൃത്തവും ചെണ്ടകൊട്ടും പഠിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്‌ താല്‍പ്പര്യമുള്ള കലകള്‍ പഠിക്കുന്നതിന്‌ മറ്റുള്ളവര്‍ അസൂയപ്പെട്ടിട്ട്‌ കാര്യമില്ല.

ഡേവിഡ്‌ കോപ്പര്‍ ഫീല്‍ഡെന്ന മജീഷ്യണ്റ്റെ മാന്ത്രിക വിദ്യകള്‍ പഠിച്ചാണ്‌ ഇന്ത്യയിലെ മാജിക്കുകാര്‍ പലതും കാട്ടുന്നത്‌. ഈ ജാലവിദ്യകള്‍ ആരും പഠിക്കരുതെന്നും ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞിട്ടില്ല. നല്ല കലകള്‍ തലമുറകളിലേക്ക്‌ പകര്‍ന്നുകൊടുക്കാനുള്ളതാണ്‌. മോഹന്‍ലാലിണ്റ്റെ ജാലവിദ്യയെ എതിര്‍ക്കുന്ന സാമ്രാജ്‌ തന്നെ നടി ദിവ്യാ ഉണ്ണിയെക്കൊണ്ട്‌ വേദിയില്‍ മാജിക്ക്‌ അവതരിപ്പിച്ചിട്ടുണ്ടെന്ന്‌ അമ്മു പറയുന്നു.

മൊബൈല്‍ മോര്‍ച്ചറിയില്‍ കിടന്ന്‌ ആത്മാഹൂതി ചെയ്യാന്‍ ശ്രമിക്കുന്നതിണ്റ്റെ രഹസ്യം തനിക്കറിയാമെന്നും മാജിക്ക്‌ പഠിച്ചിട്ടുള്ളതുകൊണ്ട്‌ താനത്‌ പുറത്ത്‌ പറയുന്നില്ലെന്നും അമ്മു പറഞ്ഞു. മോഹന്‍ലാലിണ്റ്റെ ജാലവിദ്യയെ പിന്തുണച്ച്‌ അമ്മു മെയ്‌ നാലിന്‌ പുതിയൊരു ജാലവിദ്യ ഹരിപ്പാട്ട്‌ അവതരിപ്പിക്കും. മഹാത്മാഗാന്ധിയുടെ നിശ്ചല ചിത്രത്തില്‍ നിന്നും ഗാന്ധിജിയെ പ്രത്യക്ഷപ്പെടുത്തുന്ന ജാലവിദ്യയാണത്‌.

മോഹന്‍ലാലെന്ന്‌ ഇംഗ്ളീഷില്‍ അച്ചടിച്ച പേപ്പര്‍ ബാനര്‍ തുണ്ടുകളായി കീറിയ ശേഷം അവയെ പഴയരൂപത്തിലാക്കി മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ച അമ്മു മോഹന്‍ലാലിണ്റ്റെ ചിത്രത്തില്‍ പേനകുത്തിയിറക്കുന്ന ജാലവിദ്യയും കാട്ടി.

മുതുകുളം വടക്ക്‌ തമ്പുരുവില്‍ രാജശേഖരണ്റ്റെ മകളായ അമ്മു രാമപുരം ഗവ. ഹയര്‍സെക്കണ്റ്ററി സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ത്ഥിയാണ്‌. ഇതിനോടകം കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ ജാലവിദ്യ അവതരിപ്പിച്ചിട്ടുണ്ട്‌.

No comments: