വെള്ളിത്തിരയുടെ വിജ്ഞാനലോകം തുറന്ന്‌ ആര്യാട്‌ ഭാര്‍ഗ്ഗവന്‍


ലൂമിയര്‍ സഹോദരന്‍മാരിലൂടെ പിറവിയെടുത്ത്‌ നിരവധി പരീക്ഷണങ്ങളിലൂടെ വളര്‍ന്ന്‌ വികസിച്ച ലോക ചലച്ചിത്ര മേഖലയ്ക്ക്‌ ഒരു വിജ്ഞാനഗ്രന്ഥം മലയാളത്തില്‍ നിന്ന്‌. നാടക വിജ്ഞാനകോശം രചിച്ച്‌ ശ്രദ്ധേയനായ ആര്യാട്‌ ഭാര്‍ഗ്ഗവണ്റ്റെ തൂലികയില്‍ നിന്നാണ്‌ ചലച്ചിത്ര വിജ്ഞാനികയും രൂപപ്പെടുന്നത്‌.

സിനിമയുടെ സാങ്കേതികവശങ്ങള്‍ ആഴത്തില്‍ പഠിച്ച്‌ ലളിതമായി അനാവരണം ചെയ്തിരിക്കുകയാണ്‌ ഈ കൃതിയിലൂടെ ഗ്രന്ഥകാരന്‍. നാളെ ആലപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ ആര്യാട്‌ ഭാര്‍ഗ്ഗവന്‍ ചലച്ചിത്രവിജ്ഞാനിക വായനക്കാര്‍ക്ക്‌ സമര്‍പ്പിക്കും. 250-ല്‍പരം പേജുകളുള്ള ഈ പുസ്തകത്തില്‍ ചലച്ചിത്ര സംവിധാനം, തിരക്കഥാരചന, അഭിനയം എന്നീ വിഷയങ്ങള്‍ സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഈ വിഷയങ്ങള്‍ പരിശീലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആസ്വാദകര്‍ക്കും നിരൂപകര്‍ക്കും ഏറെ പ്രയോജനപ്പെടുമെന്ന്‌ ആര്യാട്‌ ഭാര്‍ഗ്ഗവന്‍ പറയുന്നു. സിനിമാ ചിത്രീകരണത്തില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ഷോട്ടുകളും അവയുടെ പ്രയോഗരീതികളും ഗ്രന്ഥത്തിലുണ്ട്‌. ഇമാജിനറിലൈന്‍ തെറ്റാതെ രംഗങ്ങള്‍ ചിത്രീകരിക്കേണ്ട വിധം, കഥാപാത്രങ്ങളുടെ അടിസ്ഥാന ചലനവ്യവസ്ഥകള്‍, ചിത്രീകരണത്തിലെ ടെക്നിക്കുകള്‍, ക്യാമറ ആങ്കിളുകള്‍, തിരക്കഥയില്‍ നിന്ന്‌ ഷൂട്ടിംഗ്‌ സ്ക്രിപ്റ്റ്‌ രചിക്കേണ്ട വിധം, ദൃശ്യവസ്തുക്കളുടെ പ്രയോഗ രീതികള്‍, ശബ്ദ സംവിധാനം, കോമ്പോസിഷന്‍, ഷോട്ട്‌ ഡിവൈഡിംഗ്‌, ഗ്രാഫിക്‌ കോമ്പോസിഷന്‍, എഡിറ്റിംഗ്‌, മിക്സിംഗ്‌, ടൈറ്റിലിംഗ്‌ തുടങ്ങി സിനിമാ സംവിധാനത്തിലെ പൂര്‍ണ്ണ വിവരങ്ങള്‍ നിരവധി ചിത്രങ്ങളുടെ സഹായത്തോടെയാണ്‌ വിവരിച്ചിരിക്കുന്നത്‌.

കഥാബീജം, കഥാഘടന, കഥാ വികസിക്കുന്നതിനുളള അടിസ്ഥാന തത്വങ്ങള്‍ തിരക്കഥയ്ക്ക്‌ വേണ്ട പഞ്ചഗുണങ്ങള്‍, കഥാപാത്രങ്ങള്‍ സൃഷ്ടി, കഥാപാത്ര പ്രകൃതി, വിശ്വസിനിമയിലെ കഥാബീജങ്ങള്‍ എന്നിവയും ലളിതമായാണ്‌ ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നത്‌. അഭിനയവുമായി ബന്ധപ്പെട്ട ആംഗികം, വാച്വികം, സാത്വികം, ആഹാര്യം എന്നീ ചതുര്‍വിധ അഭിനയരീതികള്‍ ചലനവ്യവസ്ഥകള്‍, നവഭാവങ്ങള്‍, നവരസങ്ങള്‍ എന്നിവയും ഗ്രന്ഥത്തിലുണ്ട്‌. ചലച്ചിത്രഭാഷയിലെ അക്ഷരങ്ങള്‍, വാക്കുകള്‍, വാക്യങ്ങള്‍, ആശയഗതികള്‍ എന്നിങ്ങനെ ക്രമാനുഗതമായി ഗ്രന്ഥം ചിട്ടപ്പെടുത്തിയിരിക്കുന്നതിനാല്‍ തുടക്കക്കാര്‍ക്ക്‌ പോലും പാഠഭാഗങ്ങള്‍ പ്രയോജനപ്പെടുമെന്നും ഗ്രന്ഥകര്‍ത്താവ്‌ പറയുന്നു.

സിനിമയുടെ അടിസ്ഥാനധാരകള്‍ പൂര്‍ണ്ണമായി പഠിക്കുന്നതിനുള്ള പുസ്തകങ്ങള്‍ ഒന്നും തന്നെ ഇതുവരെ ഭാരതീയ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ചലച്ചിത്രരംഗത്തെ ആചാര്യനായ സ്റ്റാന്‍ലി ജോസാണ്‌ കൃതി ക്രോഡീകരിച്ചിരിക്കുന്നത്‌. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹന്‍ അവതാരിക എഴുതിയ ചലച്ചിത്ര വിജ്ഞാനിക മലയാള ചലച്ചിത്ര ലോകത്തിന്‌ മുതല്‍ക്കൂട്ടാകും.

No comments: