ക്രിസ്മസ്‌ തിരശീലയില്‍ ശ്രീനി തന്നെ താരം


മലയാള ചലച്ചിത്രാസ്വാദകരുടെ മനസ്‌ കീഴടക്കി ബാര്‍ബര്‍ ബാലന്‍ 'കഥ പറയുമ്പോള്‍' ക്രിസ്മസ്‌ തിരശീലയില്‍ ശ്രീനിവാസന്‍ തന്നെ താരം. നക്ഷത്രത്തിളക്കമില്ലാതിരുന്നിട്ടും പ്രേക്ഷക മനസ്സുകളില്‍ താരങ്ങള്‍ക്ക്‌ മീതെയാണ്‌ താനെന്ന്‌ തെളിയിക്കാന്‍ ശ്രീനിവാസന്‌ ഒരിക്കല്‍ കൂടി കഴിഞ്ഞു. 'അറബിക്കഥ'യിലൂടെ ക്യൂബ മുകുന്ദന്‍ ഉയര്‍ത്തിയ വിപ്ളവത്തിണ്റ്റെ അലയൊലികള്‍ അടങ്ങും മുമ്പേ വ്യത്യസ്തനായ ക്ഷുരകനായി അഭ്രപാളിയിലെത്തി ശ്രീനിവാസനെന്ന നടനും, മലയാളത്തില്‍ കാമ്പുള്ള കഥകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ സിനിമാ ലോകത്തെ ഇടയ്ക്കിടെ ബോധ്യപ്പെടുത്തി ശ്രീനിവാസനെന്ന തിരക്കഥാകൃത്തും ചര്‍ച്ചകളില്‍ വീണ്ടും നിറയുകയാണ്‌. മുകേഷിനൊപ്പം നിര്‍മ്മാതാവിണ്റ്റെ മേലങ്കിയണിഞ്ഞ ശ്രീനിവാസന്‌ ആ നിലയിലും 'കഥ പറയുമ്പോള്‍' നേട്ടമായി. ഈ ക്രിസ്മസ്‌ കാലത്ത്‌ തിയേറ്ററുകളിലെത്തിയ മറ്റൊരു മലയാള ചിത്രത്തിനും ബോക്സോഫീസില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്‌.


രാജ്ബാബുവിണ്റ്റെ പൃഥിരാജ്‌ ചിത്രം കങ്കാരു, മോഹന്‍ലാല്‍-സിബി മലയില്‍ ടീമിണ്റ്റെ ഫ്ളാഷ്‌, ദിലീപിനെ നായകനാക്കി രാജസേനന്‍ ഒരുക്കിയ റോമിയോ, തെലുങ്കില്‍ നിന്ന്‌ മലയാളത്തിലേക്ക്‌ മൊഴിമാറിയെത്തിയ ഹാപ്പി ഡേയ്സ്‌, തമിഴ്നാട്ടില്‍ സൂപ്പര്‍ഹിറ്റിലേക്ക്‌ കുതിക്കുന്ന അജിത്തിണ്റ്റെ ബില്ല എന്നിവയാണ്‌ ഇക്കുറി ക്രിസ്മസിന്‌ റിലീസ്‌ ചെയ്ത സിനിമകള്‍.

കറങ്ങുന്ന കസേരയും പുതിയ ചീപ്പും കണ്ണാടിയും വാങ്ങിയിട്ട്‌ സലൂണ്‍ മെച്ചപ്പെടുത്തണമെന്ന്‌ നിരന്തരമായി ആഗ്രഹിക്കുന്ന, ഭാര്യയുടെ കയ്യില്‍ നിന്ന്‌ അബദ്ധത്തില്‍ പൊട്ടിയ മണ്‍ചട്ടിക്ക്‌ പകരം മറ്റൊന്ന്‌ വാങ്ങാന്‍ പോലും അഞ്ചു നയാപൈസ കയ്യിലില്ലാത്ത പാവമൊരു ബാര്‍ബറുടെ ജീവിതമാണ്‌ 'കഥ പറയുമ്പോള്‍' എന്ന സിനിമയുടെ ആദ്യപകുതി. നാട്ടുകാര്‍ പുച്ഛത്തോടെ കണ്ടിരുന്ന ഇതേ ബാര്‍ബര്‍, സൂപ്പര്‍സ്റ്റാര്‍ അശോക്‌ രാജുമായുള്ള അടുപ്പത്തിണ്റ്റെ പേരില്‍ നാട്ടുകാരുടെ കണ്ണിലുണ്ണിയാകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളും രണ്ടാം പകുതിയില്‍ നിറയുമ്പോള്‍ ശ്രീനിവാസണ്റ്റെ കഥ പറച്ചിലിലെ വ്യത്യസ്തത പ്രകടമാകുന്നുണ്ട്‌. ബാര്‍ബര്‍ ബാലണ്റ്റെ ഭാവഭേദങ്ങള്‍ സരസമായി പ്രേക്ഷകനിലെത്തിക്കാന്‍ അഭിനേതാവെന്ന നിലയിലുള്ള ശ്രീനിയുടെ തിളക്കമാര്‍ന്ന ശ്രമം കൂടിയായപ്പോള്‍ നവാഗത സംവിധായകന്‍ എം മോഹനന്‌ ഈ ചലച്ചിത്രം പൂര്‍ത്തിയാക്കാന്‍ ഏറെപണിപ്പെടേണ്ടി വന്നിട്ടില്ലെന്ന്‌ ബോധ്യപ്പെടും. തണ്റ്റെ ഭാര്യാ സഹോദരന്‍ കൂടിയായ മോഹനന്‌ സ്വതന്ത്ര സംവിധായകനായുള്ള സിനിമാ പ്രവേശം ഉജ്ജ്വലമാക്കാനും ശ്രീനിവാസന്‍ പരിശ്രമിച്ചിട്ടുണ്ട്‌. മമ്മൂട്ടി ചിത്രമെന്ന നിലയിലാണ്‌ കഥ പറയുമ്പോള്‍ പരസ്യ വാചകങ്ങളില്‍ തുടക്കത്തില്‍ നിറഞ്ഞുനിന്നതെങ്കിലും തിയേറ്ററിലെ ആദ്യഷോക്ക്‌ ശേഷം പ്രേക്ഷകാഭിപ്രായങ്ങളിലൂടെ പരസ്യവാചകം തിരുത്തപ്പെട്ടു. മമ്മൂട്ടിയുടെ കടുത്ത ആരാധകര്‍ പോലും ചിത്രത്തിണ്റ്റെ ക്രെഡിറ്റ്‌ മലയാള സിനിമയിലെ 'ജീനിയസ്സി'ന്‌ നല്‍കിയതോടെ ഒരു സമ്പൂര്‍ണ്ണ ശ്രീനിവാസന്‍ ചിത്രം എന്ന ലേബലില്‍ 'കഥ പറയുമ്പോള്‍' വിജയത്തിലേക്ക്‌ കുതിക്കുകയാണ്‌. ശ്രീനിവാസനെന്ന നടനെയും കഥാകൃത്തിനെയും അംഗീകരിക്കുന്ന മലയാള സിനിമാസ്വാദകര്‍ക്ക്‌ ക്രിസ്മസ്‌ വിരുന്നായി മാറാനും ബോക്സോഫീസില്‍ ഏറെ മുന്നിലെത്താനും ഈ ചിത്രത്തിന്‌ കഴിഞ്ഞു.

കിരീടം, ചെങ്കോല്‍, ധനം, സദയം, ഹിസ്‌ ഹൈനസ്‌ അബ്ദുല്ല, ഭരതം, കമലദളം തുടങ്ങി മോഹന്‍ലാലുമൊത്ത്‌ നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളിക്ക്‌ സമ്മാനിച്ച സിബി മലയില്‍ എന്ന സംവിധായകന്‌ ഫ്ളാഷ്‌ എന്ന ക്രിസ്മസ്‌ ചിത്രത്തെ പുതിയശൈലിയില്‍ വെള്ളിത്തിരയില്‍ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നാണ്‌ വിലയിരുത്തല്‍. മിഥുന്‍ മാധവനെന്ന സെക്യാട്രിസ്റ്റിനെ മോഹന്‍ലാലിണ്റ്റെ ആരാധകര്‍ പോലും തള്ളിക്കളഞ്ഞുവെന്നാണ്‌ ബോക്സോഫീസ്‌ നല്‍കുന്ന സൂചന. ധ്വനിയെന്ന പെണ്‍കുട്ടിയുടെ മനോനില താളം തെറ്റുന്നതും കൊലപാതക കുറ്റത്തില്‍ നിന്ന്‌ അവളെ മോചിപ്പിക്കാന്‍ ഡോ. മിഥുന്‍ മാധവന്‍ നടത്തുന്ന ശ്രമങ്ങളും ജീവിതഗന്ധിയാക്കാന്‍ സിബി മലയിലിന്‌ കഴിയാതെ പോയതാണ്‌ ചിത്രത്തെ പ്രതീക്ഷിച്ച വിജയത്തിലെത്തിക്കാതിരുന്നത്‌. മണിച്ചിത്രത്താഴിലും ഉള്ളടക്കത്തിലും മനോരോഗ ചികില്‍സകണ്റ്റെ കഥാപാത്രങ്ങളിലൂടെ ആസ്വാദകരുടെ മനം നിറച്ച മോഹന്‍ലാല്‍ ഫ്ളാഷിലെ മിഥുന്‍മാധവണ്റ്റെ പ്രകടനങ്ങളിലൂടെ ആരാധകരെ നിരാശപ്പെടുത്തി. സിബി മലയിലിണ്റ്റെ തിരിച്ചുവരവ്‌ ചര്‍ച്ച ചെയ്യുന്ന മലയാള സിനിമാ ലോകവും ഈ ചിത്രത്തെക്കുറിച്ച്‌ 'പഴയവീഞ്ഞ്‌ പുതിയകുപ്പിയില്‍' എന്ന അഭിപ്രായമാണുയര്‍ത്തുന്നത്‌. പ്രമേയത്തില്‍ പുതുമയില്ലാത്തതും ശക്തമായ തിരക്കഥയൊരുക്കാനാവാതിരുന്നതുമാണ്‌ ഫ്ളാഷ്‌ പിന്നിലാകാന്‍ കാരണമെന്ന്‌ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ജെ പള്ളാശ്ശേരിയുടെ പതിവു തമാശകള്‍ ഒരിക്കല്‍ കൂടി കങ്കാരുവിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയതും ഈ ക്രിസ്മസ്‌ കാലത്താണ്‌. നേരം പോക്കിണ്റ്റെ ആസ്വാദന തലത്തില്‍ കങ്കാരു ഭേദപ്പെട്ട വിജയമെന്ന്‌ പറയാമെങ്കിലും രാജ്ബാബുവെന്ന സംവിധായകണ്റ്റെ കഴിവുകള്‍ വിലയിരുത്താന്‍ ഈ ചിത്രത്തിന്‌ കഴിയില്ല. യുവതലമുറയില്‍ പ്രതീക്ഷക്ക്‌ വക നല്‍കുന്ന പൃഥിരാജിന്‌ നടനെന്ന നിലയില്‍ വ്യത്യസ്തതയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയുമെന്ന്‌ കങ്കാരു ബോധ്യപ്പെടുത്തുന്നുണ്ട്‌. സാജന്‍ സംവിധാനം ചെയ്ത മമ്മൂട്ടിയുടെ 'മകന്‍ എണ്റ്റെ മകനി'ലും കമലിണ്റ്റെ 'തൂവത്സ്പര്‍ശ'ത്തിലും പറഞ്ഞു പഴകിയ കഥ തന്നെയാണ്‌ കങ്കാരുവിലുമുള്ളത്‌. കളഞ്ഞു കിട്ടുന്ന കുട്ടിയുമായി നായകന്‍ നടത്തുന്ന അഭ്യാസങ്ങളും കുട്ടിയെ നഷ്ടപ്പെടാതിരിക്കാന്‍ നേരിടുന്ന വെല്ലുവിളികളും തന്നെ പ്രമേയം. എന്നാല്‍ അവതരണത്തിലെ പുതുമ കൊണ്ട്‌ ചിത്രത്തെ കുറച്ചെങ്കിലും നിലവാരത്തിലെത്തിക്കാന്‍ സംവിധായകന്‌ കഴിഞ്ഞിട്ടുണ്ട്‌. ബോക്സോഫീസിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ക്രിസ്മസ്‌ ചിത്രങ്ങളില്‍ രണ്ടാംസ്ഥാനത്തുള്ള മലയാള ചിത്രം കങ്കാരുവാണ്‌.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദിലീപ്‌ ചിത്രം റോമിയോ ബോക്സോഫീസില്‍ ചലനമുണ്ടാക്കിയിട്ടില്ല. രാജസേനണ്റ്റെ പഴയ ചിത്രങ്ങളുടെ നിഴല്‍ പോലുമാകാന്‍ റോമിയോക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌ ആസ്വാദകര്‍. റാഫി-മെക്കാര്‍ട്ടിന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ തമാശ നന്നായി കൈകാര്യം ചെയ്യുന്ന ദിലീപ്‌ നായകനാകുമ്പോള്‍ തന്നെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷിച്ചു. കൂടാതെ നിരവധി കോമഡി ചിത്രങ്ങള്‍ വിജയപ്പട്ടികയിലുള്ള രാജസേനണ്റ്റെ സംവിധാനത്തില്‍ റോമിയോ സൂപ്പര്‍ ഹിറ്റാകുമെന്നായിരുന്നു റിലീസിന്‌ മുമ്പുള്ള പ്രവചനങ്ങള്‍. അയലത്തെ അദ്ദേഹം, മേലേപ്പറമ്പില്‍ ആണ്‍വീട്‌, ആദ്യത്തെ കണ്‍മണി, അനിയന്‍ബാവ ചേട്ടന്‍ബാവ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളക്കരയെ പൊട്ടിച്ചിരിപ്പിച്ച രാജസേനന്‌ റോമിയോ അണിയിച്ചൊരുക്കുന്നതില്‍ കണക്കുകള്‍ പിഴച്ചുവെന്ന്‌ വ്യക്തമാണ്‌. പഴയൊരു പ്രിയദര്‍ശന്‍ ചിത്രത്തിണ്റ്റെ ഓര്‍മ്മയുണര്‍ത്തിയാണ്‌ റോമിയോ തുടക്കം മുതല്‍ ഒടുക്കം വരെ തിരശീലയില്‍ നിറയുന്നത്‌.

അതേസമയം ക്രിസ്മസ്‌ റിലീസായി തിയേറ്ററുകളിലെത്തിയ ബില്ലയെന്ന തമിഴ്ചിത്രം കേരളത്തിലും തരംഗമാകുന്നതിണ്റ്റെ സൂചനകളാണ്‌ ലഭിക്കുന്നത്‌. നേരത്തെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്‌ ഹിറ്റാക്കിയ ബില്ലയുടെ പുതിയ പതിപ്പാണിത്‌. ഇടയ്ക്ക്‌ അല്‍പ്പകാലം മങ്ങിനിന്ന അജിത്തിന്‌ വീണ്ടും തമിഴകത്ത്‌ സ്ഥാനമുറപ്പിക്കാന്‍ ബില്ലയുടെ വിജയം കരുത്തേകുമെന്ന്‌ യുവ പ്രേക്ഷകര്‍ പറയുന്നു. അന്യഭാഷാ ചിത്രങ്ങള്‍ മൊഴിമാറ്റം നടത്തി മലയാളത്തില്‍ വിജയം നേടുന്നതിണ്റ്റെ പുതിയ ഉദാഹരണമാണ്‌ ഹാപ്പിഡേയ്സിണ്റ്റെ മുന്നേറ്റം. ക്രിസ്മസ്‌ കാലത്ത്‌ കളക്ഷനില്‍ മുന്നിലെത്താന്‍ ബില്ലക്കും ഹാപ്പിഡേയ്സിനും കഴിഞ്ഞിട്ടുണ്ടെങ്കിലും ജീവിതഗന്ധിയായ കഥ പറഞ്ഞാല്‍ നല്ല മലയാള ചിത്രങ്ങളെയും പ്രേക്ഷകന്‍ സ്വീകരിക്കുമെന്ന്‌ 'കഥപറയുമ്പോള്‍' തെളിയിക്കുന്നു.

No comments: