പിതാവിന്‌ സ്മരണാഞ്ജലിയായി പട്ടാറയുടെ ചുണ്ടന്‍വള്ളം


ആലപ്പുഴ: കര്‍ഷകനായിരുന്ന പിതാവിണ്റ്റെ പാവനസ്മരണക്ക്‌ മുന്നില്‍ കരക്കാരുടെ സ്വപ്നസാഫല്യമായി ജോസ്‌ പട്ടാറ സമര്‍പ്പിക്കുന്നത്‌ ചുണ്ടന്‍വള്ളം. കര്‍ഷക കുടുംബത്തില്‍ ജനിച്ച്‌ അത്യധ്വാനത്തിലൂടെ സമ്പന്നനായി മാറിയ മുഹമ്മ പട്ടാറയില്‍ ജോസിന്‌ ഇതിലും വലിയൊരു സമര്‍പ്പണം പിതാവിനു വേണ്ടി നല്‍കാനില്ല. പതിനായിരത്തില്‍പ്പറ നിലത്തിലെ മണ്ണില്‍ പൊന്നുവിളയിച്ച്‌ കൃഷിഭൂമിയെയും നാടിനെയും ഒരുപോലെ സ്നേഹിച്ച്‌ ഒടുവില്‍ മണ്‍മറഞ്ഞുപോയ പട്ടാറയില്‍ വര്‍ക്കിതോമസിണ്റ്റെ ആത്മാവിന്‌ ഇളയമകണ്റ്റെ സ്നേഹസമ്മാനമാണ്‌ ഈ ചുണ്ടന്‍വള്ളം. ഇന്ന്‌ ഉച്ചക്ക്‌ മൂന്നു മണിയോടെ മുഹമ്മയിലെ വേമ്പനാട്ടു കായല്‍ പരപ്പില്‍ 'പട്ടാറചുണ്ടന്‍' നീരണിയുമ്പോള്‍ കരക്കാര്‍ ആഘോഷത്തിമിര്‍പ്പില്‍ ആറാടും. വലിയൊരു ബിസിനസ്‌ ശൃംഖലയുടെ ഉടമയായ ജോസ്‌ പട്ടാറക്ക്‌ ചുണ്ടന്‍വള്ളം ഗൃഹാതുരത്വത്തിണ്റ്റെ സ്വപ്നസാഫല്യം കൂടിയാണ്‌. കിഴക്കന്‍ മലയോരത്തു നിന്നെത്തിയ ആയിരത്തി മുന്നൂറടി ക്യൂബിക്ക്‌ അടി ആഞ്ഞിലിത്തടിയില്‍ ചുണ്ടന്‍വള്ളങ്ങളുടെ രാജശില്‍പ്പിയായ എടത്വ കോഴിമുക്ക്‌ ഗോപാലന്‍ കൃഷ്ണനാശാരിയാണ്‌ പട്ടാറച്ചുണ്ടന്‌ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌. ഇരുപത്തിയഞ്ചോളം തൊഴിലാളികളുടെ ഒരു വര്‍ഷത്തെ പ്രയത്നമാണിത്‌. അമ്പത്തിനാലേകാല്‍ കോല്‍ നീളവും അമ്പത്തിരണ്ട്‌ അംഗുലം വീതിയുമുള്ള പട്ടാറ ചുണ്ടന്‌ നൂറിലധികം തുഴക്കാരും പതിനൊന്ന്‌ നിലക്കാരും അഞ്ച്‌ അമരക്കാരും അണിനിരക്കും. നെഹ്‌റുട്രോഫിയില്‍ മാറ്റുരക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ചുണ്ടണ്റ്റെ പണി പൂര്‍ത്തിയാക്കിയത്‌. അതുകൊണ്ടു തന്നെ നെഹ്‌റുട്രോഫിക്ക്‌ ഈ ചുണ്ടന്‍ തുഴയാന്‍ ജലമേളകളിലെ കരുത്തന്‍മാരായ കുമരകം ബോട്ട്ക്ളബിനെയാണ്‌ ജോസ്‌ പട്ടാറ ക്ഷണിച്ചിരിക്കുന്നത്‌. മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണണ്റ്റെ കയ്യില്‍ നിന്നും നെഹ്‌റുട്രോഫി ഏറ്റുവാങ്ങിയ ഡൊമിനിക്ക്‌ കുഴിമറ്റമാണ്‌ ചുണ്ടണ്റ്റെ ക്യാപ്റ്റന്‍. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വലിയമ്മാവന്‍മാരും സഹോദരിമാരുടെ വീട്ടുകാരുമൊക്കെ കരക്കാര്‍ക്ക്‌ ചുണ്ടന്‍വള്ളങ്ങള്‍ പണിത്‌ സമ്മാനിച്ചതിണ്റ്റെ ഓര്‍മ്മകള്‍ ഉള്ളിലുള്ളതുകൊണ്ടാണ്‌ ജോസ്‌ പട്ടാറയും ആ വഴി പിന്തുടരുന്നത്‌. ഇന്ന്‌ നീരണിയല്‍ ചടങ്ങ്‌ കഴിഞ്ഞാല്‍ പട്ടാറ ചുണ്ടന്‍ പിന്നെ മുഹമ്മ ഗ്രാമത്തിന്‌ സ്വന്തമാകും.

3 comments:

Anonymous said...

സുഹൃത്തേ.......
പുതിയൊരു ചുണ്ടന്‍ വള്ളം നീറ്റിലിറങ്ങുന്നു എന്നത് വാര്‍ത്തയാണ്. ഈ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പല പത്രങ്ങളിലും കണ്ടതുമാണ്.

കേട്ടറിവുകളോ അല്ലെങ്കില്‍ വള്ളത്തിന്‍റെ മുതലാളി പറഞ്ഞ വിവരങ്ങളോ പത്രത്തില്‍ കൊടുത്ത വാര്‍ത്തയോ ആയിരിക്കും താങ്കള്‍ പോസ്റ്റിന് അവലംബമാക്കിയതെന്ന് കരുതുന്നു.

കര്‍ഷക കുടുംബത്തില്‍ ജനിച്ച് അത്യധ്വാനത്തിലുടെ സന്പന്നനായി മാറിയ ജോസെന്ന് താങ്കള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നണ്ടല്ലോ. അദ്ദേഹം നടത്തിയിട്ടുള്ള അധ്വാനത്തിന്‍റെ വിശദാംശങ്ങളെക്കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ.

ഇല്ലെങ്കില്‍ ഇനിയെങ്കിലും ഒന്ന് അന്വേഷിക്കുക. താങ്കള്‍ ഒരു പത്രപ്രവര്‍ത്തകനല്ലേ.അന്വേഷിക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. ആലപ്പുഴയിലും ചുറ്റുവട്ടത്തുംതന്നെയുള്ള, മുന്‍പ് ദീപിക ദിനപ്പത്രത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരോട് ചോദിച്ചാല്‍ മതിയാകും. താങ്കള്‍ ജോലി ചെയ്യുന്ന വീക്ഷണത്തില്‍തന്നെ ഈ മഹാത്മാവിനെ അടുത്തറിയുന്ന പലരുമുണ്ട്.

സാന്‍ഡിയാഗോ മാര്‍ട്ടിനെയും ലിസ് ചാക്കോയെയും മണിച്ചനെയും ഹിമാലയ സഹോദരന്‍മാരെയും ആടുതേക്ക് മാഞ്ചിയം തട്ടിപ്പുകാരെയുമൊക്കെ വാര്‍ത്തകളിലൂടെയും അല്ലാതെയും വളര്‍ത്തിയ പത്രങ്ങളുടെ സംസ്കാരം ഈ ബൂലോകത്തും പ്രചരിപ്പിക്കേണ്ടതുണ്ടോ?

nizar mohammed said...

സുഹൃത്തേ.. താങ്കളുടെ നിര്‍ദ്ദേശം കണ്ടു. നല്ലത്‌. പക്ഷെ ഒരു കാര്യം ഞാന്‍ പറഞ്ഞോട്ടെ.. ഒരു വാര്‍ത്ത ചെയ്യുമ്പോള്‍ വാര്‍ത്തയാണ്‌ പ്രധാനം. അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തിയല്ല എന്ന്‌ വിശ്വസിക്കുന്നയാളാണ്‌ ഞാന്‍. ജോസ്‌ പട്ടാറ എന്ന ബിസിനസ്സുകാരണ്റ്റെ ഭൂതകാലം എന്താണെന്ന്‌ ഞാന്‍ അന്വേഷിച്ചിട്ടില്ലെന്നത്‌ സത്യം തന്നെയാണ്‌. അന്ന്‌ പിതാവിണ്റ്റെ സ്മരണക്ക്‌ മുന്നില്‍ ഒരു ചുണ്ടന്‍വള്ളം നീറ്റിലിറക്കുന്നുവെന്ന അദ്ദേഹത്തിണ്റ്റെ പരാമര്‍ശത്തില്‍ പുതുമയുണ്ടെന്ന്‌ കരുതിയാണ്‌ അത്തരത്തില്‍ ഒരു വാര്‍ത്തയെഴുതിയത്‌. പിന്നെ എല്ലാവരുടെയും ഭൂതകാലം ചികഞ്ഞെടുത്ത്‌ പഠനവിധേയമാക്കി മാത്രമെ വാര്‍ത്തയെഴുതാന്‍ കഴിയൂവെന്നത്‌ അസംബന്ധമാണ്‌. താങ്കളുടെ വിലയേറിയ നിര്‍ദ്ദേശം ഞാന്‍ കണക്കിലെടുക്കുന്നു. നന്ദി.. നമസ്കാരം

Anonymous said...

വാര്‍ത്തയാണ്, വ്യക്തിയല്ല പ്രധാനം എന്നത് പുതിയൊരു അറിവാണ്.

പിന്നെ ഭൂതകാലം ചികഞ്ഞെടുക്കാതെ വാര്‍ത്ത എഴുതാം. കേള്‍ക്കുന്നതെന്തും വാര്‍ത്തയുമാക്കാം. അതുതന്നെയാണല്ലോ കേരളത്തില്‍ ഏറിയ പങ്കും നടക്കുന്നതും. സൂര്യാ ടീവിയിലെ അനില്‍ നന്പ്യാര്‍ ഉള്‍പ്പെടെ എത്രയോ ഉദാഹരണങ്ങള്‍.

പക്ഷെ ഇങ്ങനെ ചികയാതെ എഴുതുന്നവര്‍ പിന്നെ വാര്‍ത്തക്കു പിന്നിലെ വ്യക്തിയുടെ തനിനിറം അറിയുന്പോള്‍ അത് വാര്‍ത്തയാക്കാന്‍ മിനക്കെടുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.

പിന്നെ, ഞാന്‍ പറഞ്ഞത് വാര്‍ത്തയെക്കുറിച്ചല്ല, താങ്കളുടെ പോസ്റ്റിനെക്കുറിച്ചാണ്. വാര്‍ത്തക്കപ്പുറം ചെറിയൊരു അന്വേഷണം നടത്തിയിരുന്നെങ്കില്‍ പോസ്റ്റ് കുറെക്കുറി നന്നാക്കാമായിരുന്നു എന്നു പറഞ്ഞു എന്നേയുള്ളു.

അഭിപ്രായം നോവിച്ചെങ്കില്‍ ക്ഷമിക്കുക.