സീതിക്ക് റാഫി തന്നെ ജീവിതം

സ്വന്തം വിവാഹവാര്‍ഷികദിനം കൃത്യമായി ഓര്‍മ്മിക്കാത്ത, മക്കളുടെ ജന്‍മദിനം ഓര്‍ത്തുവയ്ക്കാത്ത സീതി ജൂലൈ 31 എന്ന തീയതി മറക്കാറില്ല. അന്ന് പുലര്‍ച്ചെ ഉണരുന്ന സീതി ആദ്യം പോകുന്നത് അന്നിറങ്ങുന്ന പത്രങ്ങള്‍ മുഴുവന്‍ കിട്ടുന്ന കടയിലേയ്ക്കാണ്. പത്രങ്ങള്‍ കയ്യില്‍ കിട്ടിയാലുടന്‍ പരതുന്നത് മുഹമ്മദ് റാഫിയെന്ന അനശ്വര ഗായകനെ കുറിച്ചുള്ള വാര്‍ത്തകളാണ്. മുഹമ്മദ് റാഫിയുടെ ഒരു ചിത്രമെങ്കിലും അന്ന് അച്ചടിക്കാത്ത പത്രങ്ങള്‍ വായിക്കാന്‍ മെനക്കെടാതെ സീതി സ്വന്തം വീട്ടിലേയ്ക്ക് മടങ്ങും. റാഫി സാഹബിനെക്കുറിച്ച് എന്തെങ്കിലും പത്രങ്ങളിലുണ്ടെങ്കില്‍ അത് തണ്റ്റെ തകരപ്പെട്ടിക്കുള്ളില്‍ പൊന്നുപോലെ സൂക്ഷിക്കും. സീതിയുടെ ഈ ശീലത്തിന് മുഹമ്മദ് റാഫിയുടെ മരണത്തോളം പഴക്കമുണ്ട്. നാളെ ജൂലൈ 31. മുഹമ്മദ് റാഫിയുടെ ഇരുപത്തിയാറാം ചരമവാര്‍ഷികം. നാളെയും സീതിയുടെ ഈ ശീലത്തിന് മാറ്റമുണ്ടാവില്ല. കുട്ടനാട് താലൂക്ക് സപ്ളൈ ഓഫീസിലെ റേഷനിംഗ് ഇന്‍സ്പെക്ടറായ സീതിയെന്ന 46-കാരന് മുഹമ്മദ് റാഫിയെന്നാല്‍ ജീവിതം തന്നെയാണ്. അതുകൊണ്ടുതന്നെ ഒരിക്കലും നേരില്‍ കണ്ടിട്ടില്ലെങ്കിലും ഭാവഗായകണ്റ്റെ സ്മരണ പുതുക്കാനുള്ള അവസരം സീതി പാഴാക്കാറുമില്ല. അനാഥക്കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും റാഫിയുടെ ചരമദിനം വര്‍ഷംതോറും സീതി ആചരിക്കാറുണ്ട്. മുഹമ്മദ് റാഫിയെ ആരാധിക്കുന്ന നിരവധി പേരുള്ളപ്പോള്‍ സീതിയെ വ്യത്യസ്തനാക്കുന്നത് ചില മാനറിസങ്ങളാണ്. റാഫിയുടെ പാട്ടുകള്‍ വഴിനീളെ പാടിനടക്കാനോ അനുസ്മരണസമ്മേളനങ്ങളില്‍ സംസാരിക്കാനോ സീതിയെക്കിട്ടില്ല. പക്ഷേ ഈ സര്‍ക്കാര്‍ ജീവനക്കാരന്‍ മുഹമ്മദ് റാഫിയെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് സീതിയുടെ വീട്ടിലെത്തുന്നവര്‍ക്ക് ഒറ്റനോട്ടത്തില്‍ മനസിലാകും. പ്രശസ്തരും അപ്രശസ്തരുമായ എഴുത്തുകാരുടെ നിരവധി പുസ്തകങ്ങള്‍, പാട്ടുകളുടെ അപൂര്‍വ്വശേഖരം, വീഡിയോ ചിത്രങ്ങള്‍, ഫോട്ടോ ആല്‍ബങ്ങള്‍..... എല്ലാം മുഹമ്മദ് റാഫിയെക്കുറിച്ച് മാത്രം. ഇതൊക്കെ ശേഖരിക്കാന്‍ സീതി മുടക്കിയിട്ടുള്ള തുകയ്ക്ക് കണക്കില്ല. പാഴാക്കിയ സമയത്തിനും. ഇതിണ്റ്റെ പേരില്‍ അനുഭവിച്ചിട്ടുള്ള അപമാനങ്ങളും ദുരിതങ്ങളും ചില്ലറയല്ല. റാഫിയോടുള്ള ഭ്രമം ഭ്രാന്താണെന്ന് കൂടെയുള്ളവര്‍ പറയുമ്പോഴും സീതിയുടെ താല്‍പര്യത്തിന് തെല്ലും മങ്ങലേറ്റിട്ടില്ല. ഒരു നേരം ആഹാരം കഴിക്കാന്‍ പറ്റിയില്ലെങ്കിലും സീതി അത് കാര്യമായി എടുക്കാറില്ല. പക്ഷേ മുഹമ്മദ് റാഫിയുടെ ഭാവസാന്ദ്രമായ ശബ്ദം കേള്‍ക്കാതെ ഒരു രാത്രിപോലും ഉറങ്ങാന്‍ കഴിയില്ലെന്ന് സീതി പറയുന്നു. 'ബഡേ ഡോര്‍ സേ ആയീ ഹേ......, ദുനിയാ കെ രഖ്‌വാലേ......, ബഹാരോ ഫൂല്‍ ബര്‍സാവോ....., തുടങ്ങിയ ഗാനങ്ങള്‍ സീതിയുടെ ചുണ്ടില്‍ മൂളിപ്പാട്ടുകളാവാത്ത സമയവും അപൂര്‍വ്വം. ആലപ്പുഴ സ്റ്റേഡിയം വാര്‍ഡില്‍ തവക്കല്‍ എന്ന വീട്ടില്‍ സീതിയുള്ളപ്പോഴെല്ലാം അവിടെ മുഴങ്ങുന്നത് റാഫിയുടെ ഗാനങ്ങളാണ്. അടിപൊളിഗാനങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള ഷിറിനും ഷിഫയും ബാപ്പ വീട്ടിലുണ്ടെങ്കില്‍ തല്‍ക്കാലം ആ പൂതി മനസിലൊതുക്കും. സീതിയുടെ വീട്ടിലേയ്ക്ക് കയറുമ്പോള്‍ ആദ്യം കാണുന്നത് മുഹമ്മദ് റാഫിയുടെ ഒരു വലിയ ചിത്രമാണ്. തൊട്ടടുത്ത് കണ്ണാടിച്ചില്ലില്‍ ഫ്രെയിം ചെയ്ത റാഫിയുടെ മറ്റൊരു ഛായാചിത്രവും. അപൂര്‍വ്വമായ ഈ ചിത്രം സ്വന്തമാക്കിയതിനുപിന്നിലും സീതിക്ക് പറയാനൊരു കഥയുണ്ട്. സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ സീനിയര്‍ അസിസ്റ്റണ്റ്റായി കോഴിക്കോട് ജോലി ചെയ്തിരുന്ന കാലം. അന്വേഷി പ്രസിഡണ്റ്റ് അജിതയുടെ ഭര്‍ത്താവ് യാക്കൂബിന് വ്യാപാരഭവനില്‍ ഒരു കാസറ്റുകട ഉണ്ടായിരുന്നു. അതുവഴി പോകുമ്പോള്‍ കടയ്ക്കുള്ളില്‍ റാഫിയുടെ ഛായാചിത്രം സീതി കണ്ടു. ഔചിത്യം മറന്ന് കടയില്‍ കയറി ചിത്രത്തിന് വിലപറഞ്ഞു. കടയിലിരുന്ന യാക്കൂബിണ്റ്റെ സഹോദരന്‍ നവാസ് അത് നല്‍കാന്‍ തയ്യാറായില്ല. ദൂരെയെവിടെനിന്നോ വാങ്ങിയതാണെന്നാണ് കടക്കാരന്‍ പറഞ്ഞത്. പിന്നീട് ആ വഴിക്കായി അന്വേഷണം. ഏറെ അലഞ്ഞിട്ടും ലഭിക്കാതെവന്നപ്പോള്‍ വീണ്ടും പലതവണ കടയിലെത്തി. ഒടുവില്‍ ശല്യം സഹിക്കാതെ നവാസ് ചിത്രം സീതിക്ക് നല്‍കി. ഇരുപത്തിയാറു വര്‍ഷം മുമ്പ് ആലപ്പുഴ നഗരത്തിലെ കല്ലുപാലത്തിന് സമീപം മമ്മദിക്കയുടെ അരിക്കടയില്‍ കണക്കെഴുതാന്‍ നില്‍ക്കുമ്പോഴാണ് സീതിയ്ക്ക് റാഫിയോട് ആരാധന തുടങ്ങിയത്. 1980 ഓഗസ്റ്റ് ഒന്നാം തീയതി പുറത്തിറങ്ങിയ ചന്ദ്രിക പേപ്പറില്‍ റാഫിയുടെ മരണവാര്‍ത്ത കണ്ടപ്പോഴും സീതിക്ക് ഈ ഗായകനെക്കുറിച്ച് കൂടുതലൊന്നും അറിവില്ലായിരുന്നു. അന്ന് റാഫിയുടെ ആരാധകരില്‍ ചിലര്‍ വിഷമത്തോടെ കടയില്‍ വന്നിരുന്ന് പറഞ്ഞ ചില കാര്യങ്ങള്‍ മനസില്‍ തട്ടിയതോടെയാണ് സീതി റാഫിയിലേയ്ക്കുള്ള പ്രയാണം ആരംഭിച്ചത്. അടുത്ത ദിവസം എറണാകുളത്തെ എം ജി റോഡിലൂടെ പോകമ്പോള്‍ വഴിവക്കിലെ മ്യൂസിക് ഷോപ്പില്‍ നിന്ന് 'ചാഹൂംഗാ മേം തുഛേ സാഞ്ച് സവേരെ...' എന്ന പാട്ടുകേള്‍ക്കാനിടയായി. റാഫിയുടെ ശബ്ദം തിരിച്ചറിഞ്ഞ സീതി ആകെ കയ്യിലുണ്ടായിരുന്ന നൂറു രൂപ മുടക്കി ആ കടയിലുണ്ടായിരുന്ന റാഫിയുടെ മൂന്നു കാസറ്റുകള്‍ സ്വന്തമാക്കി. വീട്ടിലെത്തിയപ്പോഴാണ് തണ്റ്റെ വീട്ടില്‍ ടേപ്പ് റിക്കാര്‍ഡര്‍ ഇല്ലല്ലോ എന്നോര്‍മ്മിച്ചത്. അടുത്തുള്ള കടയിലെത്തി കാസറ്റിലെ ഒരു ഗാനം കേട്ടശേഷമാണ് സീതിയ്ക്ക് തണ്റ്റെ ഉള്ളിലെ അസ്വാസ്ഥ്യം കെട്ടടങ്ങിയത്. അരിക്കടയില്‍ നിന്ന് ആഴ്ചയില്‍ കിട്ടുന്ന ൩൫ രൂപ കൊണ്ടാണ് അന്ന് സീതിയുടെ കുടുംബം കഴിയുന്നത്. അതില്‍ നിന്നും മിച്ചം പിടിച്ച മുന്നൂറ് രൂപകൊണ്ട് മാസങ്ങള്‍ക്കുശേഷം സീതി ഫിലിപ്സിണ്റ്റെ മൂന്ന് ബാണ്റ്റുള്ള റേഡിയോ വാങ്ങി. അര്‍ദ്ധരാത്രിയില്‍ വീട്ടുകാര്‍ ഉറങ്ങിയശേഷം വീടിണ്റ്റെ കിഴക്കേപ്പറമ്പിലേയ്ക്ക് പോയി വിവിധ് ഭാരതിയും സിലോണ്‍ റേഡിയോയും പ്രക്ഷേപണം ചെയ്തിരുന്ന റാഫി ഗാനങ്ങള്‍ ആസ്വദിച്ചിരുന്ന കാലം സീതി ഇന്നും മറന്നിട്ടില്ല. അന്നുമുതല്‍ തുടങ്ങിയതാണ് റാഫിയുടെ ഗാനങ്ങള്‍ ശേഖരിക്കാനുള്ള സീതിയുടെ കമ്പം. വീണ്ടും വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സീതി ഒരു ടേപ്പ് റിക്കാര്‍ഡര്‍ വാങ്ങിയത്. അതിനുമുമ്പുതന്നെ മുഹമ്മദ് റാഫിയുടെ ഗാനങ്ങളുടെ വിപുലമായ ശേഖരം സീതി സ്വന്തമാക്കി കഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മുഹമ്മദ് റാഫിയെക്കുറിച്ചുള്ള ഡോക്യുമെണ്റ്ററി സീതിയുടെ കയ്യില്‍ എത്തിയിട്ട് വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. അതെങ്ങനെ സംഘടിപ്പിച്ചുവെന്ന് സീതിയോട് ചോദിക്കരുത്. റാഫിയുമായി ബന്ധപ്പെട്ട എന്തും എന്തുവിലകൊടുത്തും ഏതു കുറുക്കുവഴിയിലും സീതി നേടിയെടുക്കും. ഇതും സീതിയുടെ മറ്റൊരു ശീലമാണ്. കോഴിക്കോടുകാരനായ അഹമ്മദ് ഭായിയും ഫറോക്കുകാരനായ അച്ചാമ്മുവും തിരുവണ്ണൂരിലെ റേഡിയോ റിപ്പയററായ ഇക്കയും ശാസ്താപുരി ലോഡ്ജിലെ രാംദാസും ആലപ്പുഴക്കാരനായ കുഞ്ഞുസൂപ്പിയും സീതിക്ക് സുഹൃത്തുക്കളാകുന്നത് അവര്‍ക്കും റാഫിയോടുള്ള ആരാധന ഒന്നുകൊണ്ടുമാത്രമാണ്. അഹമ്മദ് ഭായിയില്‍ നിന്നാണ് റാഫി സാഹബിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സീതിക്ക് കിട്ടിയത്. അപൂര്‍വ്വങ്ങളായ ഗാനങ്ങളും സീതി ആസ്വദിച്ചത് ഭായിയുടെ വീട്ടില്‍ വച്ചാണ്. 2003-ല്‍ കേന്ദ്രവാര്‍ത്താ വിതരണവകുപ്പ് മുഹമ്മദ് റാഫിയുടെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയപ്പോള്‍ അത് അന്നുതന്നെ വാങ്ങിയ സീതി കേന്ദ്രമന്ത്രി അരുണ്‍ ഷൂറിക്ക് അഭിനന്ദനക്കത്ത് അയയ്ക്കാനും മറന്നില്ല. കേരളകൌമുദിയുടെ ന്യൂസ് എഡിറ്റര്‍ രവിമേനോന്‍ കുറച്ചുനാള്‍ മുമ്പ് പുറത്തിറക്കിയ സോജാ രാജകുമാരി എന്ന പുസ്തകത്തില്‍ റാഫിയോടൊപ്പം പുതുതലമുറയിലെ ഗായകന്‍ സോനു നിഗമിനെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചതിന് രവിമേനോനെ ഫോണില്‍വിളിച്ച് പരിഭവം പറയാനും സീതിക്ക് മടിയുണ്ടായില്ല. മുഹമ്മദ് റാഫിയോട് ഉപമിച്ച് മറ്റാരെക്കുറിച്ചും ചിന്തിക്കാന്‍ സീതിക്ക് കഴിയില്ല. മണ്‍മറഞ്ഞിട്ടും ആസ്വാദകരുടെ മനസില്‍ ജീവിക്കുന്ന അനശ്വരഗായകന് മരണാനന്തര ബഹുമതിയായി ഭാരതരത്ന അവാര്‍ഡ് ലഭിക്കണമെന്ന മോഹം മനസിലുണ്ടെന്ന് പറയുന്നതിന് സീതിക്ക് മറയില്ല. എന്നെങ്കിലുമൊരിക്കല്‍ മുഹമ്മദ് റാഫിയെ ഖബറടക്കിയ സ്ഥലം സന്ദര്‍ശിക്കുമെന്നും കുടുംബാംഗങ്ങളെ കാണുമെന്നും സീതി ഉറച്ച് വിശ്വസിക്കുന്നു. കലവൂറ്‍ ടി എം പി എല്‍ പി സ്കൂളിലെ അധ്യാപികയായ ജൂബിക്കും മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ ഇഷ്ടമാണ്. ഇത്രയും ആരാധന ഇല്ലെന്നുമാത്രം. മക്കളായ ഷെറിനും ഷിഫയും പിതാവിണ്റ്റെ വഴിതന്നെ....more details 09895982345
No comments:
Post a Comment