സുകുമാരക്കുറുപ്പിനെ പിടിക്കുന്ന കാര്യത്തില്‍ പോലീസിന് 'കുറുപ്പിണ്റ്റെ ഉറപ്പു പോലുമില്ല'
1984 ജനുവരി 21. അന്നൊരു ശനിയാഴ്ചയായിരുന്നു. അര്‍ത്തുങ്കല്‍ പള്ളിയിലെ പെരുന്നാള്‍ ദിനം. ജോലി കഴിഞ്ഞ് നേരത്തെ എത്താമെന്ന് പറഞ്ഞുപോയ ഭര്‍ത്താവ് ചാക്കോയെ കാത്ത് ആറുമാസം ഗര്‍ഭിണിയായ ശാന്തമ്മ വീടിണ്റ്റെ വരാന്തയില്‍ വഴിക്കണ്ണുകളുമായി ഇരിപ്പു തുടങ്ങിയിട്ട് മണിക്കൂറുകള്‍ പലതു കഴിഞ്ഞു. രാത്രി വളരെ വൈകിയും ചാക്കോ വീട്ടിലെത്തിയില്ല. ********** **************** ***********
കരുവാറ്റ ഹരി തിയേറ്ററില്‍ സെക്കണ്റ്റ് ഷോ കഴിഞ്ഞതേയുള്ളു. അന്നത്തെ കളക്ഷനുമായി പുറത്തിറങ്ങുമ്പോള്‍ എത്രയും പെട്ടന്ന് വീട്ടിലെത്താനുള്ള വ്യഗ്രതയായിരുന്നു ഫിലിം റപ്രസണ്റ്റേറ്റീവ് ചാക്കോയ്ക്ക്. ഭാര്യ ശാന്തമ്മയെ അര്‍ത്തുങ്കല്‍ പള്ളിയിലെ പെരുന്നാളിന് കൊണ്ടുപോകാമെന്ന് വാക്കുകൊടുത്തിരുന്നതാണ്. കളിയിക്കാവിളയില്‍ നിന്ന് ആലപ്പുഴയിലേയ്ക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് ഇനി വീട്ടിലെത്താനുള്ള ആശ്രയം. ചാക്കോ വേഗം നടന്ന് തീയേറ്ററിന് മുന്നിലുള്ള ദേശീയപാതയിലെത്തി. ********** **************** ***********
സമയം അര്‍ദ്ധരാത്രി. സുകുമാരക്കുറുപ്പിണ്റ്റെ കെ എല്‍ ക്യു 7835 നമ്പറിലുള്ള കറുത്ത അംബാസിഡര്‍ കാര്‍ ദേശീയപാതയിലൂടെ പായുകയാണ്. കാറോടിക്കുന്നത് പൊന്നപ്പന്. അടുത്ത സീറ്റില്‍ ചാവക്കാട്ടുകാരന് ഷാഹു. പിറകിലത്തെ സീറ്റില്‍ സുകുമാരക്കുറുപ്പും ബന്ധു ഭാസ്കരപിള്ളയും. നാലുപേരുടെയും മുഖത്ത് നിരാശയാണ്. രണ്ടുമൂന്നു ദിവസമായി കുറുപ്പിനെപ്പോലുള്ള ഒരാളുടെ മൃതദേഹത്തിനുവേണ്ടി അലയുകയായിരുന്നു ഇവര്‍.
********** **************** ***********
മലയാളക്കരയെ ഞെട്ടിച്ച ഒരു കൊലപാതകത്തിണ്റ്റെ ചുരുളഴിയുന്നത് ഇങ്ങനെയാണ്. കഥ ക്ളൈമാക്സിലെത്തിയിട്ടും പ്രേക്ഷകണ്റ്റെ മനസില്‍ ഒരു സംശയം ഇപ്പോഴും ബാക്കിയാണ്. വില്ലനായി അവതരിച്ച് പിന്നീട് നായകനായി മാറിയ സുകുമാരക്കുറുപ്പിലാണ് ആ ചോദ്യം അവസാനിക്കുന്നത്. സംഭവം നടന്ന് 22 വര്‍ഷം കഴിഞ്ഞിട്ടും നിയമത്തിനും നീതിപാലകര്‍ക്കും മരീചികയായി മാറിയ സുകുമാരക്കുറുപ്പ് ഇപ്പോള്‍ എവിടെയാണ്? ഇയാള്‍ ജീവിച്ചിരിപ്പുണ്ടോ? ശാന്തമ്മയുടെ കണ്ണീര് ദൈവം കാണുമോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. പകരം സുകുമാരക്കുറുപ്പ് വീണ്ടും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ചെറിയനാട് പുത്തന്‍വീട്ടില്‍ ശിവരാമക്കുറുപ്പിണ്റ്റെ മകന് ഗോപാലകൃഷ്ണന് എന്ന സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള ഓരോ വാര്‍ത്തയും വായനക്കാര്‍ക്ക് ഇന്നും ഹരമാണ്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ വാരത്തില്‍ മാധ്യമങ്ങളെല്ലാം സുകുമാരക്കുറുപ്പിനുപിന്നാലെ അലഞ്ഞത്. പോലീസ് പ്രസിദ്ധീകരണത്തിന് നല്കിയ ഒരു വൃദ്ധണ്റ്റെ ചിത്രമായിരുന്നു വാര്‍ത്തകള്‍ക്ക് തുടക്കം. ഒടുവില്‍ പയ്യന്നൂരിലും തൃശൂരിലും മാവേലിക്കരയിലും ചെങ്ങന്നൂരിലും പിടിയിലായവര്‍ സുകുമാരക്കുറുപ്പല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടും ജനങ്ങളുടെ ജിജ്ഞാസയില്‍ തരിമ്പുപോലും കുറവ് വന്നിട്ടില്ല. പിടികിട്ടാപ്പുള്ളിയെന്ന പദം മലയാളിക്ക് ഏറെ പരിചിതമാക്കിയ സുകുമാരക്കുറുപ്പ് ഇന്നും ജനങ്ങളുടെയുള്ളില്‍ ഹീറോയായി ജീവിക്കുകയാണ്.
********** **************** ***********
ഫ്ളാഷ് ബാക്ക്:എയര്‍ഫോഴ്സിലെ ജോലിയില്‍ നിന്ന് മുങ്ങി ഗള്‍ഫിലെ ഓയില്‍ കമ്പനിയില്‍ ജീവനക്കാരനായിചേര്ന്ന ഗോപാലകൃഷ്ണന് അവധിക്ക് നാട്ടിലെത്തുമ്പോള്‍ സുകുമാരപിള്ളയെന്നായിരുന്നു പേര്. നാട്ടുകാര്‍ കുറുപ്പെന്നാണ് ഇയാളെ വിളിച്ചിരുന്നത്. പിന്നീട് കുറുപ്പ് സുകുമാരക്കുറുപ്പായി മാറി. ഗള്‍ഫില്‍ നിന്നെത്തുമ്പോള്‍ കുറുപ്പിന് ഒരാഗ്രഹം ബാക്കിയുണ്ടായിരുന്നു. രണ്ടുവര്‍ഷം മുമ്പ് വണ്ടാനം മെഡിക്കല്‍ കോളേജിന് സമീപത്ത് വാങ്ങിയ 24 സെണ്റ്റ് സ്ഥലത്തില്‍ ഒരു ഇരുനില മാളിക. കുറുപ്പിണ്റ്റെ വലിയച്ഛണ്റ്റെ മകളുടെ ഭര്‍ത്താവായ മധുസൂദനക്കുറുപ്പുവഴി വണ്ടാനം സ്വദേശി അലിയാര്കുഞ്ഞിണ്റ്റെ സ്ഥലമാണ് വാങ്ങിയത്. വീടിണ്റ്റെ നിര്‍മ്മാണം നടക്കുമ്പോള്‍ റെയ്ബാന്‍ കൂളിംഗ് ഗ്ളാസു ധരിച്ച്, മോടിയില്‍ വസ്ത്രധാരണം ചെയ്ത് വെളുത്ത അംബാസിഡര്‍ കാറിലെത്തുന്ന സുമുഖനായ ചെറുപ്പക്കാരനെ വണ്ടാനത്തുകാര് പലകുറി കണ്ടിട്ടുണ്ട്. കൂറ്റന്‍ കോണ്‍ക്രീറ്റ് പില്ലറുകളില്‍ ഉയരുന്ന മണിമാളിക അക്കാലത്ത് നാട്ടുകാര്‍ക്ക് അത്ഭുതമായിരുന്നു. എട്ടു കിടപ്പുമുറികളും വലിയ ഹാളും മട്ടുപ്പാവും കാര്പോര്ച്ചുമൊക്കെ ചേര്‍ന്ന് ഒരു സ്വപ്നസൌധം. സിമണ്റ്റ് സുലഭമല്ലാതിരുന്ന കാലത്ത് സുകുമാരക്കുറുപ്പ് തണ്റ്റെ വീട് പണിയാന്‍ അന്യനാടുകളില്‍ നിന്നാണ് സിമണ്റ്റ് കൊണ്ടുവന്നത്. നിര്‍മ്മാണ സാമഗ്രികള്‍ സ്ഥലത്തെത്തിക്കാന്‍ ദേശീയപാത മുതല്‍ വീടുവരെ പ്രത്യേകം റോഡുണ്ടാക്കി. വാതിലുകളും ജനലുകളും തേക്കിന് തടിയിലാണ് തീര്‍ത്തത്. ചിത്രവേലകളുള്ള ഇരുമ്പിണ്റ്റെ ജനലഴികളും അലങ്കാരമതിലും ഗേറ്റും. ഇതൊക്കയായിരുന്നു കുറുപ്പിണ്റ്റെ മനസിലെ സ്വപ്നസൌധത്തിന് മാറ്റുകൂട്ടിയിരുന്നത്. പക്ഷേ കുറുപ്പിന് ആ മണിമാളികയില് അന്തിയുറങ്ങാന്‍ വിധിയുണ്ടായില്ല. പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് കയ്യില്‍ കരുതിയിരുന്ന കാശു തീര്‍ന്നു. അതോടെ വീടുനിര്‍മ്മാണം മുടങ്ങുമെന്നായി. അങ്ങനെയാണ് താന്‍ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീര്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്ന് പണം തട്ടാനുള്ള പദ്ധതിക്ക് കുറുപ്പും കൂട്ടരും രൂപം കൊടുത്തത്. പിന്നീട് സുകുമാരക്കുറുപ്പിനെ പോലെയുള്ള ഒരാളുടെ മൃതദേഹം അന്വേഷിച്ച് കണ്ടെത്തലായിരുന്നു സംഘത്തിണ്റ്റെ പ്രധാനപണി. ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രികളിലടക്കം നിരവധി സ്ഥലങ്ങളില്‍ മൂന്ന് ദിവസം അലഞ്ഞിട്ടും മൃതദേഹം ലഭിച്ചില്ല. ഒടുവില്‍ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ച് മടങ്ങുമ്പോഴാണ് കുറുപ്പിണ്റ്റെ കാറിന് മുന്നില്‍ ചാക്കോ വന്നുപെടുന്നത്. ഈസമയം കരുവാറ്റ ഹരി തിയേറ്ററിണ്റ്റെ മുന്നിലെ ദേശീയപാതയില്‍ വീട്ടിലേയ്ക്ക് പോകാനുള്ള വണ്ടികാത്തു നില്‍ക്കുകയായിരുന്നു ചാക്കോ. തൊട്ടുമുന്നില്‍ വന്നുനിന്ന കാറില്‍ നിന്ന് ഡ്രൈവര്‍ പൊന്നപ്പന് പുറത്തേയ്ക്ക് തലനീട്ടി 'ആലപ്പുഴയിലേയ്ക്കാണെങ്കില് കയറിക്കോ' എന്നു പറഞ്ഞപ്പോള്‍ ആദ്യം ചാക്കോ ആ ക്ഷണം നിരസിക്കുകയായിരുന്നു. വീണ്ടും നിര്‍ബന്ധിച്ചപ്പോഴാണ് ചാക്കോ കാറില്‍ കയറിയത്. ഡ്രൈവറെ നേരിയ പരിചയമുണ്ടായിരുന്നെങ്കിലും കാറിനുള്ളിലുണ്ടായിരുന്ന മറ്റുമൂന്നുപേരെയും ചാക്കോയ്ക്ക് അറിയുമായിരുന്നില്ല. റോഡിലൂടെ വടക്കോട്ട് പാഞ്ഞ കാറിനുള്ളില്‍ ഇരിക്കുമ്പോള്‍ ചാക്കോയുടെ മനസില്‍ ഗര്‍ഭിണിയായ ഭാര്യയും അര്‍ത്തുങ്കല്‍ പള്ളിയിലെ പെരുന്നാളുമായിരുന്നു. അല്പനേരം കഴിഞ്ഞ് പിന്‍സീറ്റിലിരുന്ന ഭാസ്കരപിള്ള ചാക്കോയ്ക്ക് ഗ്ളാസിലൊഴിച്ച മദ്യം നല്കി. വേണ്ടെന്ന് തലയാട്ടിയപ്പോള്‍ കുറുപ്പും ഭാസ്കരപിള്ളയും ഷാഹുവും ചേര്‍ന്ന് ചാക്കോയുടെ വായിലേയ്ക്ക് ബലമായി മദ്യം ഒഴിച്ചു. ഇതേ തുടര്‍ന്ന് മല്‍പ്പിടുത്തമായി. ഒടുവില്‍ മൂന്നംഗസംഘത്തിണ്റ്റെ ബലിഷ്ഠകരങ്ങളില്‍ നിന്ന് മോചനമില്ലാതെ ചാക്കോ കാറിനുള്ളില്‍ കുഴഞ്ഞുവീണു. അടുത്ത ദിവസം മാവേലിക്കര കുന്നംവയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ കറുത്ത അംബാസിഡര്‍ കാര്‍ നാട്ടുകാരാണ് പോലീസിന് കാട്ടിക്കൊടുത്തത്. ഇന്‍ക്വസ്റ്റ് തയ്യാറാക്കന്‍ സംഭവസ്ഥലത്തെത്തിയ പോലീസ് പൊള്ളലേറ്റ് മുഖം വികൃതമായ ഒരു മൃതദേഹവും കാറിനുള്ളില്‍ നിന്ന് കണ്ടെടുത്തു. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് അത് സുകുമാരക്കുറുപ്പിണ്റ്റെതാണെന്ന് തിരിച്ചറിഞ്ഞത്. അങ്ങനെ പോലീസിണ്റ്റെ പ്രാഥമിക കുറ്റാന്വേഷണ റിപ്പോര്‍ട്ടില്‍ സുകുമാരക്കുറുപ്പ് കൊല്ലപ്പെട്ടു. അടുത്ത ദിവസങ്ങളില്‍ പുറത്തിറങ്ങിയ പത്രങ്ങളും സുകുമാരക്കുറുപ്പിണ്റ്റെ കൊലപാതകം ഒന്നാം പേജില്‍ അച്ചടിച്ച് ആഘോഷിച്ചു. തലനാരിഴയുടെ തെളിവുപോലും അവശേഷിപ്പിക്കാതെയാണ് ചാക്കോയുടെ മരണരേഖ സുകുമാരക്കുറുപ്പിണ്റ്റെതായി മാറിയത്. സുകുമാരക്കുറുപ്പിണ്റ്റെ ചെറിയനാട്ടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിക്കാനെത്തിയ പോലീസുകാരുടെ കണ്ണില്‍ കയ്യില്‍ പൊള്ളലേറ്റ നിലയില്‍ ഭാസ്കരന് വന്നുപെട്ടതോടെയാണ് കേസിണ്റ്റെ ഗതിവിഗതികള്‍ മാറിമറിഞ്ഞത്. ഭാസ്കരനെ കസ്റ്റഡിയിലെടുത്ത പോലീസിനുമുന്നില്‍ തെളിഞ്ഞത് ആസൂത്രിതമായി നടത്തിയ കൊലപാതകത്തിണ്റ്റെ ചുരുളുകളായിരുന്നു. ഇതിനിടയില്‍ ഭാസ്കരപിള്ളയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുകുമാരക്കുറുപ്പിണ്റ്റെ സഹായിയായ ഷാഹുവിനെ ചാവക്കാട്ടുള്ള വീട്ടില്‍ നിന്നും പോലീസ് തന്ത്രപൂര്‍വ്വം കുടുക്കിയിരുന്നു. മരിച്ചത് സുകുമാരക്കുറുപ്പ് അല്ലന്നല്ലാതെ കൊല്ലപ്പെട്ടത് ആരാണെന്ന് ഭാസ്കരപിള്ളയ്ക്കും ഷാഹുവിനും അറിയില്ലായിരുന്നു. തുടര്‍ന്ന് അന്വേഷണം ആ വഴിക്കു നീങ്ങി. ഇതിനിടെയാണ് ഫിലിം റപ്രസണ്റ്റേറ്റീവായ ചാക്കോയെ കാണുന്നില്ലെന്ന് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഭാര്യ ശാന്തമ്മ നല്കിയ പരാതി പോലീസിണ്റ്റെ ശ്രദ്ധയില്‍ പെടുന്നത്. ഇത് അന്വേഷണസംഘത്തിന് പുതിയ കച്ചിത്തുരുമ്പായി മാറി. 11-ാം ദിവസം സുകുമാരക്കുറുപ്പിണ്റ്റെതെന്ന് കരുതി ചെറിയനാട്ടെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട മൃതദേഹം വീണ്ടും പുറത്തെടുത്തു. ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ കൊല്ലപ്പെട്ടത് ചാക്കോയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മൂന്നാഴ്ചയ്ക്കുശേഷം, കൃത്യമായി പറഞ്ഞാല്‍ 1984 ഫെബ്രുവരി 12-ന് മുഹമ്മ ബോട്ടുജെട്ടിയില്‍ നിന്ന് കേസിലെ മറ്റൊരു പ്രതി പൊന്നപ്പനും പോലീസിണ്റ്റെ വലയിലായി. ഇതോടെ സംഭവത്തിന് കൂടുതല്‍ വ്യക്തതയുണ്ടായെങ്കിലും സുകുമാരക്കുറുപ്പെവിടെയെന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല. ഭാസ്കരപിള്ള, ഷാഹു, ഡ്രൈവര്‍ പൊന്നപ്പന്, സുകുമാരക്കുറുപ്പിണ്റ്റെ ഭാര്യ സരസമ്മ, ഭാസ്കരപിള്ളയുടെ ഭാര്യ തങ്കമണി എന്നിവരെ പ്രതികളാക്കി കേസെടുത്താണ് പോലീസ് തുടര്‍ന്നുള്ള അന്വേഷണം നടത്തിയത്. ചാക്കോ വധത്തിണ്റ്റെ അലയൊലികള്‍ സംസ്ഥാനത്തൊട്ടാകെ കോളിളക്കം സൃഷ്ടിച്ചു. അതോടെ നിറം പിടിപ്പിച്ച കഥകളും പ്രചരിച്ചു. കുറുപ്പ് വേഷം മാറി നടക്കുന്നുവെന്ന് ആളുകള്‍ സംസാരിച്ചുതുടങ്ങിയപ്പോള്‍ ഇയാളുടെ പല വേഷങ്ങളിലും ഭാവങ്ങളിലുമുള്ള ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സുകുമാരക്കുറുപ്പിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് 1990 ഡിസംബറില്‍ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിസ്താരം ആരംഭിച്ചു. 1991 ഫെബ്രുവരി 18-ന് ഭാസ്കരപിള്ളയെയും പൊന്നപ്പനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി വിധി പറഞ്ഞു. സരസമ്മയെയും തങ്കമണിയെയും വെറുതെ വിട്ട കോടതി ഷാഹുവിനെ മാപ്പുസാക്ഷിയാക്കി. ഒരു സസ്പന്‍സ് ത്രില്ലറിനെ തോല്‍പ്പിക്കുന്ന ദുരന്തത്തെ ക്ളൈമാക്സിലെത്തിക്കാതെ അപ്പോഴും സുകുമാരക്കുറുപ്പ് വാര്‍ത്തകളില്‍ നിന്ന് പുറത്തേയ്ക്ക് വന്നില്ല.
********** **************** ***********
ഇത്രയും നാളിനിടയില്‍ പല സ്ഥലങ്ങളിലും സുകുമാരക്കുറുപ്പിനെ കണ്ടെന്ന് പറയുന്നവരുണ്ട്. ചെറിയനാട്ടെ വീടിന് സമീപവും ഗുജറാത്തിലും ബോംബെയിലും ബീഹാറിലും ഭൂട്ടാനിലും ബംഗാളിലും എന്തിന് സൌദിയിലെ മക്കയില്‍ പോലും കുറുപ്പിനെ കണ്ടെന്ന് പലരും അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. ഈ പറഞ്ഞ സ്ഥലങ്ങളിലെല്ലാം അലഞ്ഞിട്ടും കുറുപ്പിണ്റ്റെ പൊടിപോലും അന്വേഷണസംഘത്തിന് കിട്ടിയില്ല. കുറുപ്പിണ്റ്റെ പേരില്‍ നിരവധി പേര് പോലീസിണ്റ്റെ പിടിയിലായിട്ടുണ്ടെന്നതാണ് ഏറെ രസകരം. 98-ല്‍ മുംബൈയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെയാണ് സുകുമാരക്കുറുപ്പാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. 2001-ല്‍ ഗുജറാത്തിലെ ഒരു വായുസേന ഉദ്യോഗസ്ഥനെയും പോലീസ് ഇത്തരത്തില്‍ പിടികൂടി. ബീഹാറിലെ ധന്‍ബാദ് ജില്ലയിലുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ കുറുപ്പിനെ കണ്ടുവെന്ന് ചെങ്ങന്നൂറ്‍ സ്വദേശിനിയായ രാധാമണിയെന്ന നേഴ്സ് അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സംഘം അവിടെയെത്തിയെങ്കിലും ആശുപത്രിയില്‍ നിന്ന് മുങ്ങിയ കുറുപ്പിണ്റ്റെ പൊടിപോലും കണ്ടില്ല. പിന്നീട് ബൊക്കാറൊ സ്റ്റീല്‍ പ്ളാണ്റ്റിനടുത്തുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സതേടി കുറുപ്പെത്തിയിരുന്നത്രെ. ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളികളായ രമണിയും കുട്ടപ്പനും കുറുപ്പിനെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘത്തിണ്റ്റെ രേഖകളിലുണ്ട്. അങ്ങനെ എത്രയെത്ര കഥകള്‍...... ഏറ്റവുമൊടുവില്‍ 2006 മെയ് അഞ്ചിന് പോലീസ് പത്രങ്ങളില്‍ പ്രസിദ്ധീകരണത്തിന് നല്കിയ ഒരു വൃദ്ധണ്റ്റെ ചിത്രമാണ് വീണ്ടും സുകുമാരക്കുറുപ്പിനെ വാര്‍ത്തകളില്‍ നിറച്ചത്. അന്വേഷണം നിര്‍ത്തിയെന്നും ഇല്ലെന്നും ഇപ്പോള്‍ രണ്ടു തരത്തിലാണ് പോലീസിണ്റ്റെ വിശദീകരണം. എന്തായാലും സുകുമാരക്കുറുപ്പിനെ പിടിക്കുന്ന കാര്യത്തില്‍ പോലീസിന് 'കുറുപ്പിണ്റ്റെ ഉറപ്പു പോലുമില്ല'.
********** **************** ***********
ചാക്കോ മരിക്കുമ്പോള്‍ ആറുമാസം ഗര്‍ഭിണിയായിരുന്ന ശാന്തമ്മ ഇപ്പോള്‍ 24 വയസുകാരനായ മകന് ജിതിനോടൊപ്പം തത്തംപള്ളി കൂട്ടിച്ചിറ വീട്ടിലാണ് താമസം. ചാക്കോയുടെ കൊലപാതകമറിഞ്ഞ് ബോധരഹിതനായ ശാന്തമ്മയുടെ പിതാവ് മൈക്കിള്‍ മൂന്നാം നാള് മരിച്ചു. അതോടെ ജീവിതം ദുരിതക്കയത്തിലായ ശാന്തമ്മയ്ക്ക് അന്നത്തെ ആരോഗ്യമന്ത്രി കെ പി രാമചന്ദ്രന്‍നായര്‍ ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായി ജോലി നല്കി. ഡീസല്‍ മെക്കാനിക്ക് കോഴ്സും ജെ സി ബി ഓപ്പറേറ്റിംഗും പഠിച്ച ജിതിനാണ് ശാന്തമ്മയ്ക്ക് ഏക ആശ്രയം. ഇനിയും പിടികിട്ടാത്ത സുകുമാരക്കുറുപ്പിന് ദൈവം തക്ക ശിക്ഷ നല്കുമെന്നല്ലാതെ ഭര്‍ത്താവിണ്റ്റെ കൊലപാതകത്തെക്കുറിച്ചോ പുതിയ സംഭവ വികാസങ്ങളെക്കുറിച്ചോ യാതൊന്നും പറയാന്‍ ശാന്തമ്മയ്ക്ക് താല്പര്യമില്ല. പക്ഷെ കര്‍ത്താവിനോട് ഒരു ചോദ്യം ഇപ്പോഴും ശാന്തമ്മയുടെ മനസില്‍ ബാക്കിയുണ്ട്. എന്തിനായിരുന്നു എണ്റ്റെ ഭര്‍ത്താവിന് സുകുമാരക്കുറുപ്പിണ്റ്റെ രൂപം നല്‍കിയതെന്ന്.....more details 09895982345
1 comment:
pazhya katha veendum orthu
Post a Comment