നീതിയുടെ വഴിതേടി ദളിതണ്റ്റെ ഒറ്റയാന്‍ പോരാട്ടം


സാമൂഹ്യമായ അനീതികളില്‍ നിന്നും എല്ലാ പ്രകാരത്തിലുമുള്ള ചൂഷണങ്ങളില്‍ നിന്നും ദുര്‍ബല ജനവിഭാഗത്തെ, പ്രത്യേകിച്ച്‌ പട്ടികജാതി-പട്ടികവര്‍ഗത്തില്‍പെട്ടവരെ രക്ഷിച്ച്‌ അവരുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ഉന്നമനത്തിന്‌ പ്രത്യേക ശ്രദ്ധ നല്‍കേണ്ടത്‌ രാഷ്ട്രത്തിണ്റ്റെ ഉത്തരവാദിത്വമാണ്‌. (ഇന്ത്യന്‍ ഭരണഘടന, ആര്‍ട്ടിക്കിള്‍-46)...
ഭാരതത്തില്‍ രാജഭരണമുണ്ടായിരുന്ന കാലത്തെ ഒരു സംഭവമാണ്‌. ദളിത്‌ വിഭാഗത്തില്‍പെട്ട ബി ആര്‍ അംബേദ്ക്കര്‍ എന്ന യുവാവിന്‌ പാശ്ചാത്യരാജ്യങ്ങളില്‍ പോയി ഉന്നത വിദ്യാഭ്യാസവും ഗവേഷണ പഠനങ്ങളും നടത്തുന്നതിന്‌ ബറോഡ രാജാവും കോലാപ്പൂറ്‍ രാജാവും സാമ്പത്തിക സഹായം നല്‍കി. പഠനത്തിന്‌ ശേഷം തിരികെ ഇന്ത്യയില്‍ വന്നപ്പോള്‍ അംബേദ്ക്കര്‍ക്ക്‌ ബറോഡ രാജാവ്‌ തണ്റ്റെ ഭരണ സംവിധാനത്തില്‍ ഉയര്‍ന്ന ഉദ്യോഗം നല്‍കുകയും ചെയ്തു. എന്നാല്‍ അയിത്ത ജാതിക്കാരനെന്ന പേരില്‍ അംബേദ്ക്കര്‍ക്ക്‌ ജോലിസ്ഥലത്ത്‌ നേരിടേണ്ടിവന്നത്‌ പീഡനപരമ്പരയായിരുന്നു. ഉയര്‍ന്ന ജാതിക്കാരനായ ശിപായി അദ്ദേഹത്തിണ്റ്റെ മേശപ്പുറത്തേയ്ക്ക്‌ ദൂരെനിന്നാണ്‌ ഫയല്‍ വലിച്ചെറിഞ്ഞ്‌ കൊടുത്തിരുന്നത്‌. കുടിവെള്ളം പോലും നിഷേധിക്കപ്പെടുമെന്ന അവസ്ഥ സംജാതമായതോടെ അംബേദ്ക്കര്‍ സ്വയം ജോലി രാജിവെച്ച്‌ മടങ്ങുകയായിരുന്നു. പിന്നീട്‌ ഇന്ത്യന്‍ ഭരണഘടന ശില്‍പിയായി മാറിയ ഡോ. ബി.ആര്‍ അംബേദ്ക്കര്‍ 46-ാം ആര്‍ട്ടിക്കിളില്‍ എഴുതിച്ചേര്‍ത്തത്‌ അടിച്ചമര്‍ത്തപ്പെട്ട ദളിത്‌ ജനതയുടെ നഷ്ടപ്പെട്ട സത്വം തിരികെ നല്‍കുക എന്നത്‌ ഭരണപരമായ ഉത്തരവാദിത്വം തന്നെയാണെന്നാണ്‌. സ്വാതന്ത്യ്രാനന്തര ഇന്ത്യയിലെ കഥയും ഒട്ടും വ്യത്യസ്തമല്ല. ഉത്തരേന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന ദളിത്‌ പീഡനത്തിണ്റ്റെ പത്തിലൊന്ന്‌ പോലും പുറത്തറിയുന്നില്ലെങ്കിലും സഹ്യപര്‍വതത്തിനിപ്പുറത്തും പീഡനപര്‍വ്വത്തിന്‌ ഒട്ടും കുറവില്ലെന്ന്‌ ആലപ്പുഴ ജില്ലയിലെ തെക്കനാര്യാട്‌ ഗുരുപുരത്ത്‌ പ്രഭാനികേതനില്‍ എന്‍.ടി പ്രഭാകരന്‍ പറയുന്നു. പ്രഭാകരനെ ഓര്‍മ്മയില്ലേ... ജാതിപീഡനത്തില്‍ മനംനൊന്ത്‌ കേന്ദ്രസര്‍വീസില്‍ നിന്ന്‌ സ്വമേധയാ ഇറങ്ങിപ്പോയ പട്ടികജാതിക്കാരനായ ക്ളാസ്‌ വണ്‍ ഓഫീസര്‍. 1993 സെപ്റ്റംബര്‍ ഏഴാം തീയതി ഇറങ്ങിയ മലയാള പത്രങ്ങളുടെ ഒന്നാംപേജില്‍ പ്രധാനവാര്‍ത്തയായി മാറിയത്‌ പീഡനം സഹിക്കാനാവാതെ രാജിവെച്ച ഈ ഉദ്യോഗസ്ഥണ്റ്റെ ജീവിതമായിരുന്നു. കഴിഞ്ഞ മുപ്പത്‌ വര്‍ഷമായി അവശജനവിഭാഗത്തിണ്റ്റെ അവകാശങ്ങള്‍ക്ക്‌ വേണ്ടി നീതിയുടെ വഴിയില്‍ ഒറ്റയാന്‍ പോരാട്ടം നടത്തുന്ന പ്രഭാകരനെന്ന 67-കാരണ്റ്റെ അത്യന്തികമായ ലക്ഷ്യം ദേശീയപട്ടികജാതി കമ്മീഷണ്റ്റെ മാതൃകയില്‍ കേരളത്തിലും കമ്മീഷന്‍ സ്ഥാപിക്കുക എന്നതാണ്‌. ഇതിനായി പ്രഭാകരന്‍ മുട്ടാത്ത വാതിലുകളില്ല, പോകാത്ത ഇടങ്ങളില്ല, കാണാത്ത അധികാരികളില്ല. "1997 മാര്‍ച്ച്‌ ആറിന്‌ അന്നത്തെ നായനാര്‍ സര്‍ക്കാര്‍ കേരളത്തില്‍ പട്ടികജാതി കമ്മീഷന്‍ സ്ഥാപിക്കുമെന്ന്‌ നിയമസഭയില്‍ പ്രഖ്യാപനം നടത്തിയെങ്കിലും ഭരണതലത്തിലെ സവര്‍ണ്ണമേധാവിത്വത്തിണ്റ്റെ സമ്മര്‍ദ്ദത്തില്‍ അത്‌ ജലരേഖയായി. ഇക്കാര്യത്തില്‍ അല്‍പമെങ്കിലും കനിവ്‌ കാട്ടിയത്‌ 2001-ല്‍ അധികാരമേറ്റ യു ഡി എഫ്‌ സര്‍ക്കാരാണ്‌. 2001-ല്‍ ഹൈക്കോടതിയില്‍ താന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കമ്മീഷനെ നിയമിക്കാന്‍ തീവ്രശ്രമമാണ്‌ സര്‍ക്കാരിണ്റ്റെ ഭാഗത്തുനിന്നുമുണ്ടായത്‌. നടപടിക്രമങ്ങള്‍ക്കുശേഷം 2006 ജനുവരി നാലിന്‌ ഇതുസംബന്ധിച്ച്‌ നിയമസഭയില്‍ പ്രഖ്യാപനമുണ്ടാവുകയും ആറാം തീയതി ഗസറ്റില്‍ ഓര്‍ഡിനന്‍സ്‌ പ്രസിദ്ധീകരിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ കമ്മീഷണ്റ്റെ നിയമനം താല്‍ക്കാലികമായി നീണ്ടുപോവുകയാണ്‌"-പ്രഭാകരന്‍ പറയുന്നു. പട്ടികജാതി-വര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക്‌ ലഭിക്കേണ്ട അവകാശങ്ങള്‍ക്ക്‌ വേണ്ടി കോടതികള്‍ കയറിയിറങ്ങിയ വകയില്‍ മാത്രം ഇദ്ദേഹത്തിന്‌ ലക്ഷങ്ങളുടെ പ്രാരാബ്ധമുണ്ട്‌. ലഘുലേഖകള്‍ അച്ചടിക്കുന്നതിനും ബോധവത്ക്കരണം നടത്തുന്നതിനും ഗ്രന്ഥരചനയ്ക്കും മറ്റുമായി ചെലവായ തുക വേറെയും. ജനനം മുതല്‍ ഇന്നുവരെയുള്ള 67 വര്‍ഷവും പ്രഭാകരന്‌ സഹിക്കേണ്ടിവന്ന പീഡനങ്ങള്‍ രാജ്യത്തിണ്റ്റെ സാമൂഹികാവസ്ഥയുടെ ഇരുണ്ടവഴികളാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. ഔദ്യോഗിക ചുമതലകളില്‍ അല്‍പം പോലും വിട്ടുവീഴ്ചയില്ലാത്ത, സാമ്പത്തിക കാര്യങ്ങളില്‍ നിയമത്തിനപ്പുറം കടക്കാന്‍ വിസമ്മതിക്കുന്ന പ്രഭാകരനെന്ന അധകൃതനായ ഉദ്യോഗസ്ഥനെ പീഡിപ്പിക്കാന്‍ മുന്‍പന്തിയില്‍ നിന്നത്‌ സഹപ്രവര്‍ത്തകരായ സവര്‍ണ്ണരായിരുന്നു. പത്താംക്ളാസ്‌ കഴിഞ്ഞ്‌ അധികനാള്‍ പിന്നിടുന്നതിനുമുമ്പാണ്‌ സംസ്ഥാന സര്‍ക്കാരിണ്റ്റെ നിയമവകുപ്പില്‍ ലോവര്‍ഡിവിഷന്‍ ക്ളര്‍ക്കായി പ്രഭാകരന്‌ നിയമനം ലഭിച്ചത്‌. അക്കാലം മുതല്‍ തന്നെ മേലുദ്യോഗസ്ഥരില്‍നിന്ന്‌ തികഞ്ഞ അവഗണനയാണ്‌ പ്രഭാകരന്‌ ലഭിച്ചത്‌. ഉയര്‍ന്ന വിദ്യാഭ്യസം നേടണമെന്ന ആഗ്രഹത്തിനുപോലും ചിലര്‍ തടസം നിന്നു. സ്വന്തം നാട്ടിലേയ്ക്ക്‌ സ്ഥലംമാറ്റവും പഠനത്തിനായി അവധിയും വേണമെന്ന്‌ അപേക്ഷിച്ച പ്രഭാകരന്‌ മേലുദ്യോഗസ്ഥരില്‍ നിന്ന്‌ അനുകൂല പ്രതികരണം ലഭിച്ചില്ല. അന്ന്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ആയിരുന്ന കെ ശങ്കരനെ നേരിട്ട്‌ കണ്ട്‌ സങ്കടം പറഞ്ഞാണ്‌ സ്ഥലംമാറ്റം നേടിയത്‌. ആലപ്പുഴ മുന്‍സിഫ്‌ കോടതിയിലേയ്ക്ക്‌ സ്ഥലംമാറിവന്നെങ്കിലും പഠിക്കാനുള്ള അവധി അനുവദിക്കാന്‍ മുന്‍സിഫ്‌ തയ്യാറായില്ല. കേരളാ സര്‍വ്വീസ്‌ നിയമം പ്രകാരം പട്ടികജാതി-വര്‍ഗ വിഭാഗത്തിലെ ജീവനക്കാര്‍ക്ക്‌ ദീര്‍ഘകാല അവധി അനുവദിക്കുന്നതിന്‌ ആനുകൂല്യം നിലനില്‍ക്കെയാണ്‌ പ്രഭാകരന്‌ അവധി നിഷേധിച്ചത്‌. വീണ്ടും നിയമയുദ്ധം. ഒടുവില്‍ ബിരുദവും ബിരുദാനന്തരബിരുദവും സംസ്ഥാന സര്‍വ്വീസിലെ അക്കൌണ്ട്‌ ടെസ്റ്റും പാസായി. ഇതിനിടയില്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ്‌ സര്‍വ്വീസ്‌ പരീക്ഷയും എഴുതി. 1961-ല്‍ സഹകരണ വകുപ്പിലേയ്ക്ക്‌ സ്ഥലംമാറിയ പ്രഭാകരന്‍ അവിടെ അധികനാള്‍ തുടര്‍ന്നില്ല. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ്‌ അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിണ്റ്റെ (ഐ സി എ ആര്‍) കീഴില്‍ കാസര്‍കോടുള്ള കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തില്‍ അസിസ്റ്റണ്റ്റ്‌ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറായി ചുമതലയേറ്റു. ഈ വകുപ്പില്‍ ജോലി ചെയ്യുന്നതിനിടയില്‍ പ്രഭാകരന്‌ ഇവിടെയും നേരിടേണ്ടി വന്നത്‌ ജാതിയുടെ പേരിലുള്ള പീഡനങ്ങളായിരുന്നു. ജൂനിയറായ അക്കൌണ്ടണ്റ്റുമാര്‍ക്ക്‌ ശമ്പളം വര്‍ദ്ധിപ്പിക്കുകയും സ്ഥലംമാറ്റവും മറ്റ്‌ ആനുകൂല്യങ്ങളും നല്‍കുകയും ചെയ്യുമ്പോഴും പ്രഭാകരന്‌ ഇതൊന്നും ലഭ്യമായില്ല. ഇതിനിടെ ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരത്തുള്ള തോട്ടവിള ഗവേഷണകേന്ദ്രത്തിലേയ്ക്ക്‌ പ്രഭാകരനെ മാറ്റി. കായംകുളത്തെ പ്രഭാകരണ്റ്റെ ഔദ്യോഗിക ദിനങ്ങള്‍ ദുരിതപൂര്‍ണ്ണമായിരുന്നു. ജോയിണ്റ്റ്‌ ഡയറക്ടറും ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരും പ്രഭാകരനെ എങ്ങനെ ദ്രോഹിക്കാം എന്നതിനെകുറിച്ചാണ്‌ അക്കാലത്ത്‌ ഗവേഷണം നടത്തിയത്‌. നിയമനം കിട്ടി കായംകുളത്തെത്തുമ്പോള്‍ പ്രഭാകരനെ വരവേല്‍ക്കാന്‍ നിരന്നുനിന്നത്‌ കരിങ്കൊടികളായിരുന്നു. ഇതു വകവയ്ക്കാതെയാണ്‌ പ്രഭാകരന്‍ തണ്റ്റെ സീറ്റിലേക്ക്‌ നീങ്ങിയത്‌. അദ്ദേഹത്തിണ്റ്റെ ഓഫീസ്‌ മുറിയില്‍ കോണ്‍ഫറന്‍സിനെത്താന്‍ സഹപ്രവര്‍ത്തകര്‍ വിസമ്മതിച്ചു. ഭക്ഷണശാലയില്‍ കയറുന്നതും ഓഫീസില്‍ ഭക്ഷണം എത്തിക്കുന്നതും തടഞ്ഞു. ആവശ്യപ്പെടാതെ തന്നെ കോര്‍ട്ടേഴ്സ്‌ അനുവദിച്ചതായി ഉത്തരവിറക്കി പ്രഭാകരണ്റ്റെ ശമ്പളത്തില്‍ നിന്ന്‌ വീട്ടുവാടക അലവന്‍സ്‌ കുറവ്ചെയ്തു.... ഇങ്ങനെ പോകുന്നു പീഡനങ്ങള്‍. തന്നെക്കാള്‍ താഴ്ന്ന ജീവനക്കാരുടെ മുന്നില്‍വച്ച്‌ അസഭ്യം പറയുന്ന മേലുദ്യോഗസ്ഥണ്റ്റെ പ്രവര്‍ത്തികളും പ്രഭാകരന്‍ മറന്നിട്ടില്ല. ഇതേക്കുറിച്ച്‌ പരാതിപറയുമ്പോള്‍ "ഗസറ്റഡ്‌ തസ്തികയില്‍ ഇരിക്കണമെങ്കില്‍ ഇതൊക്കെ സഹിക്കണ"മെന്നായിരുന്നു മറുപടി. അസിസ്റ്റണ്റ്റ്‌ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറായി നിയമിതനായപ്പോള്‍മുതല്‍ പ്രഭാകരണ്റ്റെ സ്റ്റനോഗ്രാഫര്‍മാരായി നിയമിതരായത്‌ പിന്നോക്കജാതിക്കാരാണെന്നതും യാദൃശ്ചികമായിരുന്നില്ല. 1986-ല്‍ ലഭിക്കേണ്ട ക്ളാസ്‌-1 തസ്തികയിലേയ്ക്കുള്ള പ്രമോഷന്‍ 91-ലാണ്‌ പ്രഭാകരന്‌ നല്‍കിയത്‌. ഇതിനും പ്രഭാകരന്‍ നടത്തിയ പോരാട്ടത്തിന്‌ കണക്കില്ല. കായംകുളത്തുനിന്ന്‌ കര്‍ണാടകയിലേയ്ക്ക്‌ സ്ഥലംമാറ്റിയാണ്‌ പ്രഭാകരണ്റ്റെ പരാതികള്‍ക്ക്‌ മേലധികാരികള്‍ പരിഹാരം കണ്ടത്‌. മാനസികവും ശാരീരികവുമായി ആകെ തളര്‍ന്ന പ്രഭാകരന്‍ തണ്റ്റെ രോഗാവസ്ഥയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ സംരക്ഷണവും കണക്കിലെടുത്ത്‌ സ്ഥലംമാറ്റത്തില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രഭാകരന്‌ പകരം കായംകുളത്ത്‌ ചാര്‍ജെടുക്കേണ്ടിയിരുന്ന വനിതാ ഓഫീസര്‍ക്ക്‌ സ്ഥലംമാറ്റം ഒഴിവാക്കി നല്‍കാന്‍ കാട്ടിയ പരിഗണനപോലും ഈ പട്ടികജാതി ഉദ്യോഗസ്ഥന്‌ നല്‍കാതിരുന്നതും വിചിത്രമാണ്‌. കര്‍ണാടകയിലെത്തിയ പ്രഭാകരന്‍ ഇതേവനിതാ ഓഫീസറുടെ തൊട്ടടുത്ത പ്രാദേശിക കേന്ദ്രത്തിലാണ്‌ ജോലി ചെയ്തത്‌. ഉദ്യോഗത്തിലിരിക്കുമ്പോള്‍ പങ്കെടുക്കേണ്ട പരിശീലന പരിപാടികളിലേയ്ക്ക്‌ പ്രഭാകരണ്റ്റെ പേര്‌ നിര്‍ദ്ദേശിക്കാന്‍ മേലധികാരികള്‍ തയ്യാറായില്ല. പട്ടികജാതി-വര്‍ഗ ഉദ്യോഗസ്ഥര്‍ക്ക്‌ ഇത്തരം ട്രെയിനിംഗുകളില്‍ പങ്കെടുക്കാന്‍ പ്രത്യേക സംവിധാനം നല്‍കണമെന്ന്‌ നിയമം നിലനില്‍ക്കുമ്പോഴാണ്‌ പ്രഭാകരനെ ഇതില്‍ നിന്ന്‌ ഒഴിവാക്കിയത്‌. നീതിപീഠങ്ങളുടെ കരുണകൊണ്ടാണ്‌ സര്‍വ്വീസിലെ ആനുകൂല്യങ്ങള്‍ അല്‍പമെങ്കിലും അദ്ദേഹം നേടിയെടുത്തത്‌. അത്തരമൊരു കോടതിവിധിയിലാണ്‌ ൯൧-ല്‍ ബാംഗ്ളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹോര്‍ട്ടി കള്‍ചറല്‍ റിസര്‍ച്ച്‌ സെണ്റ്ററില്‍ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറായി നിയമനം ലഭിച്ചത്‌. കൊച്ചിയിലും കായംകുളത്തും അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുമ്പോള്‍ തന്നെ ബാംഗ്ളൂരിലേയ്ക്ക്‌ നിയമിക്കാനുള്ള തീരുമാനവും പീഡനത്തിണ്റ്റെ ഭാഗമായിരുന്നുവെന്നാണ്‌ പ്രഭാകരന്‍ വിശ്വസിക്കുന്നത്‌. ഉടന്‍ തന്നെ ജോലിക്ക്‌ ഹാജരാകണമെന്നും വീഴ്ച വരുത്തിയാല്‍ ഉദ്യോഗകയറ്റത്തിനുള്ള പരിഗണന നല്‍കുകയില്ലെന്നും ഉദ്യോഗക്കയറ്റം റദ്ദാക്കുമെന്നും ഭീഷണിമുഴക്കാനും മേലധികാരികള്‍ മറന്നില്ല. 36 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതം പ്രഭാകരന്‌ സമ്മാനിച്ചത്‌ മുള്‍ക്കിരീടമായിരുന്നുവെന്ന്‌ ഇദ്ദേഹത്തെ മനസിലാക്കിയവര്‍ക്കറിയാം. ഇതില്‍ നിന്ന്‌ മോചനം നേടാന്‍ അഞ്ചുവര്‍ഷത്തെ സര്‍വ്വീസ്‌ ബാക്കിനില്‍ക്കെയാണ്‌ പ്രഭാകരന്‍ സര്‍വ്വീസില്‍ നിന്ന്‌ ഒഴിവാകാന്‍ തീരുമാനിച്ചത്‌. ഇക്കാര്യമറിയിച്ചുകൊണ്ട്‌ പ്രഭാകരന്‍ നല്‍കിയ കത്തിന്‌ മേലുദ്യോഗസ്ഥര്‍ നല്‍കിയ മറുപടി "സന്തോഷപൂര്‍വ്വം രാജി സ്വീകരിക്കുന്നു"വെന്നാണ്‌. അനീതിക്കും പീഡനത്തിനും എതിരെയുള്ള പ്രതിഷേധമെന്ന നിലയിലാണ്‌ രാജിവയ്ക്കുന്നതെന്ന്‌ കത്തില്‍ പറഞ്ഞെങ്കിലും അതിന്‌ മറുപടി നല്‍കാനോ വിശദീകരണം ചോദിക്കാനോ അന്വേഷിക്കാനോ അവര്‍ തയ്യാറായില്ല. സംരക്ഷണവും ആനുകൂല്യവും അര്‍ഹതപ്പെട്ട ഒരു ജനതയെ കൈപിടിച്ചുയര്‍ത്താന്‍ ഭരണഘടനാപരമായി ബാധ്യതയുള്ളവരാണ്‌ അവരെ പിന്നോക്കം തള്ളിമാറ്റാനും പീഡിപ്പിക്കാനും ശ്രമിക്കുന്നതെന്ന അഭിപ്രായവും പ്രഭാകരനുണ്ട്‌. ആദിവാസികള്‍ ഉള്‍പ്പടെയുള്ള പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങളുടെ സാമൂഹ്യമായ പുരോഗതിക്ക്‌ വേണ്ടിയാണ്‌ പിന്നീടുള്ള കാലം പ്രഭാകരന്‍ നിയമപോരാട്ടത്തിനിറങ്ങിയത്‌. ദളിത്‌ ജനങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പില്‍ വരുത്തുന്ന നിയമ വ്യവസ്ഥകളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ലഘുലേഖകള്‍ പ്രസിദ്ധീകരിച്ച്‌ സൌജന്യമായി വിതരണം ചെയ്യുന്ന പ്രവര്‍ത്തനത്തിന്‌ ഇന്നും മുടക്കം വന്നിട്ടില്ല. പ്രസംഗത്തെക്കാള്‍ പ്രവൃത്തിയാണ്‌ കൂടുതല്‍ ഗുണം ചെയ്യുക എന്ന അടിസ്ഥാനതത്വമാണ്‌ ലഘുലേഖകള്‍ക്കുപിന്നില്‍ പ്രഭാകരന്‌ പ്രചോദനമാകുന്നത്‌. സ്വന്തം വരുമാനത്തില്‍ നിന്ന്‌ ഒരംശം സാമൂഹ്യസേവനത്തിനായി മാറ്റിവയ്ക്കുന്ന പ്രഭാകരണ്റ്റെ മനുഷ്യത്വവും കാണാതിരിക്കാനാവില്ല. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പട്ടികജാതി വര്‍ഗ കമ്മീഷന്‍ നിലവില്‍ വന്നിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കേരളത്തില്‍ ഇനിയും കമ്മീഷനെ നിയമിച്ചിട്ടില്ല. കേരളത്തിലെ ദളിത്‌ സമൂഹത്തിന്‌ കമ്മീഷണ്റ്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ കാര്യമായ അറിവില്ലെന്ന്‌ തിരിച്ചറിഞ്ഞ പ്രഭാകരന്‍ പലതവണ ഡല്‍ഹിയില്‍ എത്തി ഇതിണ്റ്റെ പ്രവര്‍ത്തനങ്ങള്‍ വിശദമായി പഠിച്ചു. കമ്മീഷന്‍ നിലവില്‍ വന്നാല്‍ സംസ്ഥാനത്തെ ദളിതര്‍ക്ക്‌ ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ചാണ്‌ ലഘുലേഖകളിലേറെയും പറയുന്നത്‌. 'കേരളത്തിനൊരു പട്ടികജാതി-വര്‍ഗ കമ്മീഷന്‍' എന്ന പേരില്‍ ഒരു ഗ്രന്ഥവും പ്രഭാകരന്‍ രചിച്ചിട്ടുണ്ട്‌. പട്ടികജാതി വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പീഡനങ്ങളെ എതിര്‍ത്ത്‌ തോല്‍പ്പിച്ച്‌, അവകാശങ്ങള്‍ നേടിയെടുത്ത്‌ ദളിത്‌ സമൂഹത്തിന്‌ മാതൃകകാട്ടിയ ഇദ്ദേഹത്തിന്‌ ൨൦൦൧-ല്‍ യു ഡി എഫ്‌ സര്‍ക്കാര്‍ അയ്യങ്കാളി അവാര്‍ഡ്‌ നല്‍കി ആദരിച്ചു. ദേശീയതലത്തില്‍ ദളിത്‌ സാഹിത്യ അക്കാഡമിയുടെ ഫെലാഷിപ്പും അംബേദ്കര്‍ അവാര്‍ഡും നേടിയിട്ടുള്ള പ്രഭാകരന്‍ ദളിത്‌ മനുഷ്യാവകാശ സംരക്ഷണ സേവനകേന്ദ്രത്തിണ്റ്റെ ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ്‌. 'നഷ്ടപ്പെട്ട അവകാശങ്ങള്‍ യാചിച്ചതുകൊണ്ടോ, തട്ടിയെടുത്തവരുടെ മനസാക്ഷിയോട്‌ കേണപേക്ഷിച്ചതുകൊണ്ടോ തിരിച്ചുകിട്ടുകയില്ല. സന്ധിയില്ലാസമരം ഒന്നുകൊണ്ടുമാത്രമെ അത്‌ വീണ്ടെടുക്കാന്‍ കഴിയു' (ഡോ. ബി ആര്‍ അംബേദ്കര്‍).. more details 09895982345

1 comment:

chithrakaran ചിത്രകാരന്‍ said...

പ്രിയ നിസാര്‍ മൊഹമ്മദ്‌,
ആശംസകള്‍!!
:)